കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്ടില്‍ കുടുങ്ങിക്കിടക്കുകയാണ് മലയാളികളുടെ പ്രിയ താരം ജോജു ജോര്‍ജ്. കഴിഞ്ഞ 19 ദിവസത്തോളമായി താൻ ഇവിടെ കുടുങ്ങിക്കിടക്കുകയാണ് എന്നും എന്നാൽ ലോക്ക് ഡൗൺ കഴിയുന്നത് വരെ ഇവിടെ നിന്നും പുറത്ത് പോകാൻ ആകില്ല എന്നും ജോജു ഫേസ്ബുക്കിലൂടെ പങ്കുവച്ച വിഡിയോയിൽ പറയുന്നുമുണ്ട്.
തടി കുറക്കുന്നതിന് ഭാഗമായുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് താരം വയനാട്ടിലുള്ള ഈ ആയുര്‍വേദ കേന്ദ്രത്തില്‍ എത്തപ്പെട്ടത്. എന്നാൽ ഇപ്പോൾ ഈ വേളയിൽ സുഹൃത്തുക്കളേയും പിണക്കമുള്ളവരെയുമെല്ലാം ഫോണില്‍ വിളിച്ച് സമാധാനിപ്പിക്കാൻ ഉള്ള ഒരുക്കത്തിലാണ് താരം ഇപ്പോൾ. അതേസമയം 19 ദിവസമായി സിഗററ്റു വലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല എന്നും ജോജു വ്യക്തമാക്കി. എന്നാൽ ഇതിന്റെ ലഭ്യത കുറവ് ഉള്ള ഈ അവസ്ഥയിൽ മാനസികബുദ്ധിമുട്ട് നേരിടുന്നവരെ ചേര്‍ത്തുനിര്‍ത്തണമെന്നും ജോജു അറിയിച്ചു.
ജോജുവിന്റെ വാക്കുകള്‍ ഇങ്ങനെ
കഴിഞ്ഞ പത്തൊന്‍പത് ദിവസമായി ഞാന്‍ വയനാട്ടിലാണ്. കൊറോണ വിഷയം തുടങ്ങുന്നതിനു മുമ്പേ ഇവിടെയൊരു ആയുര്‍വേദ കേന്ദ്രത്തില്‍ എത്തിയതാണ്. തടികുറയുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വന്നത്. അതിനു ശേഷമാണ് ലോക്ഡൗണ്‍ ഉണ്ടാകുന്നത്. ഞാന്‍ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ പറയുന്നതുവരെ ലോക്ഡൗണ്‍ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം. ഇതിനിടെ എന്റെ സുഹൃത്തുക്കളെയും ഞാന്‍ വിളിക്കുകയും അവര്‍ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. ഈ സമയത്ത് ചെയ്യേണ്ട ഏറ്റവും വലിയ കാര്യം ഇതാണ്. നമുക്ക് പരിചയമുള്ളവരെയും സ്നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. ഈ സമയത്ത് പതറിപ്പോവാതിരിക്കാന്‍ ഒറ്റക്കെട്ടായി നേരിടണം.
ഈ പത്തൊന്‍പത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല. ഇതിനെ തുടര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ നിരവധി പേരുണ്ട്, അങ്ങനെ ഡിപ്രഷനില്‍ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കള്‍ വിഡിയോ കോളോ മറ്റോ ചെയ്ത് അവരെ പിന്തുണയ്ക്കണം. ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്നവരോടും സ്നേഹത്തോടു കൂടി പെരുമാറാന്‍ നമുക്ക് കഴിയണം. ഈ അസുഖം വന്നതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താന്‍ പാടില്ല. ഇത് കാലം തീരുമാനിച്ചതാണ്. എല്ലാത്തിനും ഓരോ ഉദ്ദേശമുണ്ട്. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് നമ്മുടെ നാട് മുന്നോട്ടുപോകുന്നത്. നമ്മളെല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയം. സര്‍ക്കാര്‍ പറയുന്ന തീരുമാനങ്ങള്‍ കേട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കണം. ഇത് നമുക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങളാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കുക. ഈ സമയവും കടന്നുപോകും.'