സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാജി കൈലാസ് ചിത്രമാണ് കടുവ. പൃഥ്വിരാജ് സുകുമാരന്‍, വിവേക് ഒബ്രോയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജൂലൈ 7നാണ് തിയറ്ററുകളില്‍ എത്തുക. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 44ആം ചിത്രമാണിത്. ഒരു ഇടവേളക്ക് ശേഷം പൃഥ്വിരാജ് ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കടുവ.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് താരങ്ങളെല്ലാം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രമോഷന്റെ ഭാഗമായി ഹൈദരബാദിലും ചെന്നൈയിലും ദുബൈയിലുമൊക്കെയാണ് പൃഥ്വിരാജുള്‍പ്പെടെയുള്ള ചിത്രത്തിലെ താരങ്ങള്‍.
ചിത്രത്തിന്റെ പ്രൊമോഷന്‍ ഭാഗമായി ദുബായില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള ലൈറ്റ് ഷോയാണ് ദുബായില്‍ പ്രൊമോഷന് വേണ്ടി അണിയറക്കാര്‍ സംഘടിപ്പിച്ചത്
കടുവയുടെ ദുബായിലെ പ്രമോഷനാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഡ്രോണ്‍ കൊണ്ടുള്ള ലൈറ്റ് ഷോയാണ് ദുബായുടെ ആകാശത്ത് ഒരുങ്ങിയത്. ലൈറ്റ് കൊണ്ട് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കടുവ എന്നിങ്ങനെയാണ് എഴുതിയത്. പൃഥ്വിരാജിന്റെ കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവച്ചന്റെ ചിത്രവും ആകാശത്ത് തെളിഞ്ഞിരുന്നു.
പൃഥ്വിരാജ്, വിവേക് ഒബ്റോയി, ലിസ്റ്റിന്‍ സ്റ്റീഫന്‍, സംയുക്ത മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈറ്റ് ഷോയ്ക്കെത്തിയിരുന്നു. ലൈറ്റ് ഷോയ്ക്കിടക്കും പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും പരസ്പരം തഗ്ഗടിക്കുന്നുണ്ടായിരുന്നു. മാജിക് ഫ്രെയിംസിന്റെ പേര് ആകാശത്ത് തെളിഞ്ഞപ്പോള്‍ ലിസ്റ്റിനെ എന്തര് അടിപൊളി പേരാടാ എന്ന് പൃഥ്വിരാജ് പറയുന്നത് കേട്ട് പൊട്ടിച്ചിരി ഉയര്‍ന്നു. ഡ്രോണ്‍ കൊണ്ടുള്ള ലൈറ്റ് ഷോയുടെ വീഡിയോ പൃഥ്വരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലുസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക.
ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് ജൂലൈ 7ലേക്ക് മാറ്റി വെക്കുകയായിരുന്നു. 'ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും' പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.