കന്നടത്തിലെ സൂപ്പര്‍സ്റ്റാറാണ് യഷ്. കെ.ജി.എഫ് എന്ന സിനിമയിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കാന്‍ യഷിന് കഴിഞ്ഞു. മലയാളികളും യഷിനെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. താരവുമായി ബന്ധപ്പെട്ട ഏതു വിശേഷങ്ങള്‍ക്കും അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയ വലിയ ശ്രദ്ധ കൊടുക്കുന്നു. നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. സിനിമയില്‍ ഒന്നിച്ച് അഭിനയിച്ച ഇവര്‍ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു.
2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നു. മകള്‍ക്ക് ആറുമാസം തികഞ്ഞപ്പോള്‍ തങ്ങള്‍ക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന് യഷും രാധികയും വെളിപ്പെടുത്തിയിരുന്നു. വളരെ പെട്ടെന്ന് തന്നെ രണ്ടു കുട്ടികളുടെ മാതാപിതാക്കളാകുക എന്നത് ദൈവ നിയോഗമാണെന്നാണ് രാധിക പറഞ്ഞത്. 2019 ഓക്ടോബറില്‍ രാധിക ഒരു മകന് ജന്മം നല്‍കുകയും ചെയ്തു. യഥര്‍വ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. യഷിന്റേയും രാധികയുടേയും ആയ്റയുടേയും പേരില്‍ നിന്നാണ് പൂര്‍ണ്ണം എന്നര്‍ഥം വരുന്ന ഈ പേര് കണ്ടെത്തിയതെന്ന് യഷ് പറഞ്ഞിരുന്നു. ലോക്ഡൗണില്‍ സിനിമാ ഷൂട്ടിങ്ങ് നിര്‍ത്തിവച്ച സാഹചര്യത്തില്‍ മക്കള്‍ക്കൊപ്പം ആഘോഷമാക്കുകയാണ് യഷ്. ഇപ്പോള്‍ മക്കളോടൊപ്പം ഒഴിവു സമയം പാട്ടുപാടി ആസ്വദിക്കുന്ന യഷിന്റെ വിഡിയോകള്‍ പങ്കുവച്ച് ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റ് എത്തിയിരിക്കയാണ്.
തന്റെ കുടുംബത്തിനൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് യഷ്. താരം മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന ദൃശ്യങ്ങള്‍ രാധിക സമൂഹ മാധ്യമങ്ങളില്‍ പങ്കു വയ്ക്കാറുമുണ്ട്. മക്കള്‍ക്കൊപ്പം 'ജോണി... ജോണി... യെസ് പപ്പാ'യെന്ന നഴ്‌സറിപ്പാട്ട് ആസ്വദിച്ച് പാടുകയാണ് പുതിയ വിഡിയോയില്‍ യഷ്. ഇതിന്റെ രണ്ട് വിഡിയോകളാണ് രാധിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെയും മക്കളുടേയും വിഡിയോകള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.