Latest News

പത്മഭൂഷണ്‍ പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളത്തപ്പന് മുന്നില്‍ മമ്മൂട്ടി; ക്ഷേത്രത്തിലെ പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്ത് പ്രിയ താരം 

Malayalilife
 പത്മഭൂഷണ്‍ പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളത്തപ്പന് മുന്നില്‍ മമ്മൂട്ടി; ക്ഷേത്രത്തിലെ പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്ത് പ്രിയ താരം 

എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്ത് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രധാന പൊതുപരിപാടിയായിരുന്നു ഇത്. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ക്ഷേത്രോത്സവത്തിന്റെ അഞ്ചാം ദിവസമാണ് മെഗാ സ്റ്റാര്‍ ക്ഷേത്രത്തിലെത്തിയത്. നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. 

ഇന്ത്യന്‍ സിനിമയ്ക്ക് അഞ്ച് പതിറ്റാണ്ടിലേറെയായി നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പ്രഖ്യാപിച്ചത്. 1998-ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ച മമ്മൂട്ടി, പത്മഭൂഷണ്‍ ലഭിച്ച നിമിഷം രാജ്യത്തിനും ജനങ്ങള്‍ക്കും സര്‍ക്കാരിനും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഈ പുരസ്‌കാരം മലയാള സിനിമയ്ക്കും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്കും അഭിമാന നിമിഷമായി മാറി. 

അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ കരുത്തായി നിലകൊള്ളുന്ന മമ്മൂട്ടി, വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയും അഭിനയത്തിലെ പൂര്‍ണ്ണതയിലൂടെയും ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ തുല്യമായ വ്യക്തിത്വമാണ്. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ അദ്ദേഹം, വാണിജ്യ സിനിമകളെയും കലാമൂല്യമുള്ള സിനിമകളെയും ഒരുപോലെ ചേര്‍ത്തുപിടിച്ചാണ് തന്റെ കരിയര്‍ കെട്ടിപ്പടുത്തത്. അദ്ദേഹത്തിന്റെ അഭിനയ മികവിനും സിനിമയോടുള്ള അര്‍പ്പണബോധത്തിനും ലഭിച്ച അര്‍ഹമായ അംഗീകാരമാണിതെന്ന് ആരാധകരും സഹപ്രവര്‍ത്തകരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. 

'ഭ്രമയുഗം' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേളയിലാണ് പത്മ പുരസ്‌കാര വാര്‍ത്ത കൂടി എത്തിയത്, ഇത് അദ്ദേഹത്തിന് ഇരട്ടി മധുരമായി. പുരസ്‌കാര വാര്‍ത്തയ്ക്ക് പിന്നാലെ ലോക മെമ്പാടുമുള്ള മലയാളികളില്‍ നിന്നും സിനിമാ രംഗത്തെ പ്രമുഖരില്‍ നിന്നും വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

Read more topics: # മമ്മൂട്ടി
mammootty ernakulathappan temple

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES