എന്ത് കാര്യമാണെങ്കിലും നല്ല ദിവസം നോക്കി ആരംഭിക്കുക എന്നത് പ്രധാന കാര്യമാണ്. സിനിമയുമായി ബന്ധപ്പെട്ടാല്‍ അത്തരം വിശ്വാസങ്ങള്‍ വളരെ കൂടുതലാണ്.നല്ല ദിവസവും സമയവും നോക്കി ആരംഭിക്കുന്നത് മലയാള സിനിമയില്‍ സാധാരണയാണ്. അതു പോലെ തന്നെ ചില അശുഭ ദിവസങ്ങളില്‍ സിനിമയുമായി ബന്ധപ്പെട്ട യാതൊരു പ്രവര്‍ത്തനങ്ങളും നടത്താതിരിക്കുന്നവരും ഏറെയാണ്.
സൂപ്പര്‍ താരം പ്രേം നസീറിനും അത്തരം വിശ്വാസങ്ങള്‍ക്കൊപ്പമായിരുന്നു. അത്തരത്തില്‍ ഒരു സംഭവം പങ്കുവയ്ക്കുകയാണ് മണിയന്‍പിളള രാജു.
താന്‍ ചെയ്യാന്‍ പോകുന്ന സിനിമയുടെ തിരക്കഥയ്ക്ക് ശ്രീനിവാസന് പ്രേം നസീര്‍ പറഞ്ഞ ദിവസം അഡ്വാന്‍സ് നല്‍കാതിരുന്നതിന്റെ കാരണം അത്തമൊരു വിശ്വാസമായിരുന്നുവെന്നാണ് നടന്‍ മണിയന്‍പിള്ള രാജു പറയുന്നത്.
'നസീര്‍ സാര്‍ ഒരിക്കല്‍ എന്നോടും ശ്രീനിവാസനോടും പറഞ്ഞു. 'ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു' മോഹന്‍ലാല്‍ എനിക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അത് കൊണ്ട് ശ്രീനിവാസന്‍ അതിന് തിരക്കഥ എഴുതണമെന്ന്. 'കാശ്മീര്‍ ടു കന്യാകുമാരി വരെ' എന്നൊരു സിനിമ. അങ്ങനെ ശ്രീനി തിരക്കഥയെഴുതാമെന്ന് സമ്മതിച്ചു. അങ്ങനെ ഞങ്ങള്‍ നസീര്‍ തരാന്‍ പോകുന്ന അഡ്വാന്‍സ് ക്യാഷിനായി വെയിറ്റ് ചെയ്തു.
അന്ന് 25000 രൂപ വലിയ ഒരു തുകയാണ്. പക്ഷേ ഞങ്ങള്‍ പ്രതീക്ഷിച്ച ദിവസം നസീര്‍ സാര്‍ ക്യാഷ് നല്‍കിയില്ല. പിന്നെയാണ് ഞങ്ങള്‍ അറിയുന്നത് തരാമെന്ന് പറഞ്ഞ ദിവസം അമാവാസിയായത് കൊണ്ടാണ് നസീര്‍ സാര്‍ പൈസ തരാതിരുന്നതെന്ന്. അങ്ങനെയുള്ള കാര്യത്തിലൊക്കെ നസീര്‍ സാറിന് വലിയ വിശ്വാസമായിരുന്നു'.