Latest News

തങ്കമണി' സിനിമയിലെ സാങ്കല്‍പ്പിക ബലാല്‍സംഗ രംഗങ്ങള്‍ ഒഴിവാക്കണം; അങ്ങനെയൊന്നും നടന്നിട്ടില്ല; ദിലീപ് ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Malayalilife
 തങ്കമണി' സിനിമയിലെ സാങ്കല്‍പ്പിക ബലാല്‍സംഗ രംഗങ്ങള്‍ ഒഴിവാക്കണം; അങ്ങനെയൊന്നും നടന്നിട്ടില്ല; ദിലീപ് ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ദിലീപിനെ നായകനാക്കി  രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തങ്കമണി'. എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം  ഒരുക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ബാലാത്സംഗ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് തങ്കമണി സ്വദേശി വി.ആര്‍.ബിജു.

ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നതുപോലെ പോലീസുകാര്‍ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ അത്തരം രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് വി.ആര്‍.ബിജു നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

1986 ഒക്ടോബര്‍ 22 നായിരുന്നു പൊലീസിന്റെ ഈ  നരനായാട്ട് അരങ്ങേറിയത്. കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രിസഭ ജസ്റ്റിസ് ഡി. ശ്രീദേവികമ്മീഷനായി  നിയമിച്ചിരുന്നു, പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് കമ്മീഷന്  മൊഴി നല്കിയിട്ടും അന്നത്തെ കരുണാകരന്‍ സര്‍ക്കാര്‍ സംഭവത്തില്‍ പ്രത്യേകിച്ച് നടപടികളൊന്നും തന്നെ എടുത്തിരുന്നില്ല.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് അടുത്ത ആഴ്ചയില്‍ ഹര്‍ജി പരിഗണിക്കും. ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് തങ്കമണി. എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ നാടായി ചരിത്രത്തില്‍ പിന്നീട് തങ്കമണിയെ അടയാളപ്പെടുത്തി. ഒരു ബസ്സ് സര്‍വീസിനെ ചൊല്ലിയുണ്ടായ ഒരു തര്‍ക്കം കേരള മനസാക്ഷിയെ ഞെട്ടിച്ച വെടിവെപ്പിലാണ് കലാശിച്ചത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, ജോണ്‍ വിജയ്, സമ്പത്ത് റാം തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

movie tankamani petition

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES