സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ ആണ് പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ ആണ് ആവശ്യമുയർത്തിയത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട്പുറത്തു വിടണമായിരുന്നു. പരാതിക്കാര്‍ക്കും റിപ്പോര്‍ട്ട് കൈമാറാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട് എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ മെല്ലെപ്പോക്കാണെന്നും രേഖാ ശര്‍മ വിമര്‍ശിച്ചു.
വനിതാ കമ്മീഷന് ഇതുവരെ റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ വിഷയം നേരിട്ട് അന്വേഷിക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു
അന്വേഷണ സംഘത്തെ കേരളത്തിലെ സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി അയക്കുമെന്നും ആവശ്യമെങ്കില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ സംസ്ഥാനത്തെത്തി പരിശോധന നടത്തുമെന്നും രേഖ ശര്‍മ വ്യക്തമാക്കി. അതേസമയം ഡബ്ലൂസിസി ജനുവരി 21ന് മന്ത്രി പി രാജീവിന് നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തുവിടുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും ഒരു നടപടിയും സിനിമാരംഗത്തെ സ്ത്രീ അവസ്ഥ പഠിക്കാനായി സ്തുത്യര്‍ഹമായ വിധം ഇടപെട്ട് പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ പഠന റിപ്പോര്‍ട്ടിന്മേല്‍ ഉണ്ടായില്ല എന്നത് തങ്ങളെ ആശങ്കാകുലരാക്കുന്നു.