നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും. സെന്‍സര്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റിവെക്കേണ്ടി വന്നിരുന്നു, ഇപ്പോള്‍ ചിത്രം വീണ്ടും റിലീസിന് തയ്യാറാകുകയാണ്.
സെന്‍സറിംഗ് പൂര്‍ത്തിയാക്കി യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷവും റിലീസില്‍ അനിശ്ചിതത്വം നിലനിന്നിരുന്ന ചിത്രം ഡിസംബര്‍ 22-ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 2022-ല്‍ പുറത്തിറങ്ങാനുള്ള ചുരുക്കം നിവിന്‍ പോളി ചിത്രങ്ങളില്‍ ആരാധകര്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ചിത്രമായിരുന്നു തുറമുഖം.
ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ താരവും പരസ്യമായി തന്നെ നിരാശ പ്രകടിപ്പിച്ചിരുന്നു. ചിത്രത്തെ സംബന്ധിച്ച ചില ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ നേരിട്ട കാലതാമസമാണ് റിലീസ് വൈകാന്‍ കാരണമായതെന്നായിരുന്നു നിര്‍മാതാക്കളുടെ വിശദീകരണം. എന്നാലിപ്പോള്‍ ചിത്രത്തിന്റെ വിതരണക്കാരായ മാജിക് ഫ്രെയിംസ് റിലീസിനായി തിയേറ്ററുകള്‍ ചാര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്.
ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍ , നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രാജീവ് രവി ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. .
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. കെ.എം. ചിദംബരത്തിന്റെ നാടകത്തെ ആസ്പദമാക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്. എഡിറ്റിംഗ് ബി അജിത്കുമാര്‍, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പിആര്‍ഒ എ.എസ്. ദിനേശ്, ആതിര ദില്‍ജിത്.