ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ പവന്‍ കല്യാണിന്റെ ജന്മദിനം കഴിഞ്ഞ ദിവസം വിപുലമായി ആഘോഷിച്ചു. ചലച്ചിത്ര മേഖലയിലെ സഹപ്രവര്‍ത്തകരും ആരാധകരും സാമൂഹിക മാധ്യമങ്ങളിലൂടെ ആശംസകളുമായി എത്തിയപ്പോള്‍, മലയാള താരം നിവിന്‍ പോളിയും ആശംസയില്‍ പങ്കുചേര്‍ന്നു.
'പിറന്നാള്‍ ആശംസകള്‍. ജീവിതത്തിലുടനീളം ആരോഗ്യം, സന്തോഷം നിറഞ്ഞിരിക്കട്ടെ. നിസ്വാര്‍ത്ഥ സേവനത്തിലൂടെ ഇനിയും സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയട്ടെ,' എന്നാണ് നിവിന്‍ പോളിയുടെ ആശംസ. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പവന്‍ കല്യാണും നന്ദി രേഖപ്പെടുത്തി. 'താങ്കളുടെ ഊഷ്മളമായ ആശംസകള്‍ക്ക് ഹൃദയപൂര്‍വ്വം നന്ദി. പ്രത്യേകിച്ച് ഓം ശാന്തി ഓശാന, പ്രേമം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്കു നല്‍കുന്ന ഊര്‍ജ്ജം എനിക്ക് വളരെ ഇഷ്ടമാണ്,' എന്ന് പവന്‍ കല്യാണിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇതിനിടെ, നിവിന്‍ പോളി നായകനാകുന്ന അഖില്‍ സത്യന്‍ ചിത്രം സര്‍വം മായ ഉടന്‍ പ്രദര്‍ശനത്തിന് എത്തും. അജു വര്‍ഗീസ്, പ്രീതി മുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. കൂടാതെ, ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിവേഴ്സ് മന്മഥന്‍, അരുണ്‍ വര്‍മ്മ ഒരുക്കുന്ന ബേബി ഗേള്‍, നയന്‍താര നായികയാകുന്ന ഡിയര്‍ സ്റ്റുഡന്റ്‌സ് എന്നിവയും നിവിന്റെ ഭാവി പ്രോജക്ടുകളിലുണ്ട്.
പവന്‍ കല്യാണിന്റെ അടുത്ത ചിത്രം ഒജി ഈ മാസം 25-ന് റിലീസ് ചെയ്യും. സാഹോ ഫെയിം സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്കാ മോഹന്‍ നായികയായി എത്തുമ്പോള്‍, ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി വില്ലന്‍ കഥാപാത്രമായി എത്തുന്നുണ്ട്. ആര്‍.ആര്‍.ആര്‍. നിര്‍മിച്ച ഡിവിവി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. തെലുങ്ക് സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് ഒജി.