Latest News

പടവെട്ട് സിനിമയേയും എന്നെയും വ്യക്തിപരമായി എങ്ങനെയെല്ലാം തകര്‍ക്കാമോ അതെല്ലാം ചെയ്ത വ്യക്തിയാണ് ഗീതു മോഹന്‍ദാസ്; നിവിനും ഞാനും കൂടിയാണ് അവരോടു കഥ പറയുന്നത്;ഞാന്‍ പറയുന്നതുപോലെ തിരക്കഥയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ നിവിന്‍ പോളി ഈ സിനിമ ചെയ്യില്ല എന്ന് അവര്‍ പറഞ്ഞു; നിവിന്‍ പോളി ചിത്രം പടവെട്ട് ഹിറ്റൊരുക്കുമ്പോള്‍ സംവിധായകന്‍ ലിജു കൃഷ്ണയ്ക്ക് പറയാനുള്ളത്

Malayalilife
 പടവെട്ട് സിനിമയേയും എന്നെയും വ്യക്തിപരമായി എങ്ങനെയെല്ലാം തകര്‍ക്കാമോ അതെല്ലാം ചെയ്ത വ്യക്തിയാണ് ഗീതു മോഹന്‍ദാസ്; നിവിനും ഞാനും കൂടിയാണ് അവരോടു കഥ പറയുന്നത്;ഞാന്‍ പറയുന്നതുപോലെ തിരക്കഥയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ നിവിന്‍ പോളി ഈ സിനിമ ചെയ്യില്ല എന്ന് അവര്‍ പറഞ്ഞു; നിവിന്‍ പോളി ചിത്രം പടവെട്ട് ഹിറ്റൊരുക്കുമ്പോള്‍ സംവിധായകന്‍ ലിജു കൃഷ്ണയ്ക്ക് പറയാനുള്ളത്

നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ പടവെട്ട് മികച്ച വിജയം നേടി മുന്നേറുകയാണ്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യ സിനിമ തന്നെ മികച്ച വിജയം നേടിയ സന്തോഷത്തിലാണ് ലിജു. എന്നാല്‍ ചിത്രം റിലീസിനെത്തും മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്ക് വക്കുകയാണ് ലിജു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ലിജു മനസ് തുറന്നത്.

പടവെട്ട് എന്ന സിനിമയേയും എന്നെയും വ്യക്തിപരമായി എങ്ങനെയെല്ലാം തകര്‍ക്കാമോ അതെല്ലാം ചെയ്ത വ്യക്തിയാണ് ഗീതു മോഹന്‍ദാസ് എ്ന്ന് ലിജു പറയുന്നു. നിവിന്‍ പോളിയാണ് ഗീതു മോഹന്‍ദാസിന് സിനിമയുടെ കഥ കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് എന്നോട് പറയുന്നത്. ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ച സിനിമകളുടെ സംവിധായിക ആയതുകൊണ്ട് തന്നെ എനിക്കും അവരോട് ബഹുമാനം ഉണ്ടായിരുന്നു. കഥ പറയുമ്പോള്‍ അവരുടെ പക്കല്‍ നിന്നും എന്തെങ്കിലും പോസിറ്റീവായ ഉപദേശങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ മാത്രം അത് സ്വീകരിക്കുകയും അല്ലെങ്കില്‍ അത് വിട്ടുകളയുകയും ചെയ്യാനാണ് നിവിന്‍ എന്നോട്  പറഞ്ഞത്. 

നിവിനും ഞാനും കൂടിയാണ് അവരോടു  കഥ പറയുന്നത്. കഥയുടെ ആദ്യ പകുതി പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ക്ക് നന്നായി സിനിമ ഇഷ്ട്ടപെട്ടു. തിരക്കഥയേയും എന്റെ എഴുത്തിനെയും ഒക്കെക്കുറിച്ച് വലിയ രീതിയിലുള്ള അഭിനന്ദനമാണ് അവര്‍ അറിയിച്ചത്. കഥയുടെ രണ്ടാംഭാഗം എന്നെ പേര്‍സനല്‍ ആയി കണ്ട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഒരു ദിവസം കൊച്ചിയില്‍ താമസിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. അപ്പോഴേക്കും സിനിമയുടെ ആര്‍ട്ട് ജോലികളെല്ലാം ലൊക്കേഷനില്‍ ആരംഭിച്ചിരുന്നു. മൂന്ന് ദിവസത്തോളം കൊച്ചിയില്‍ നിന്നിട്ടും അവരെ എനിക്ക് ഫോണില്‍ ലഭിച്ചില്ല. അങ്ങനെ തിരിച്ചുപോകാന്‍ തുടങ്ങുന്ന അവസരത്തില്‍ ആണ് വീണ്ടും അവരുടെ കോള്‍ വരുന്നത്. ആദ്യം തന്നെ അവര്‍ പറഞ്ഞത് ആ കഥ എനിക്കങ്ങോട്ട് വര്‍ക്കായില്ല എന്നായിരുന്നു. ആദ്യം കണക്കില്ലാതെ അഭിനന്ദിച്ച അവര്‍ പിന്നീട് തിരക്കഥയെക്കുറിച്ച് വളരെ മോശമായ അഭിപ്രായങ്ങള്‍ പറഞ്ഞു. അക്കാദമിക് രീതിയില്‍ നോക്കുമ്പോള്‍ തിരക്കഥാരചനയുടെ രീതി ശാസ്ത്രങ്ങള്‍ക്കു വിരുദ്ധമാണ് എന്റെ തിരക്കഥ എന്നാണ് പ്രധാനമായും അവര്‍ ആരോപിച്ചത്.

അക്കാദമിക് നിയമങ്ങളെ പിന്തുടര്‍ന്ന് സിനിമ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ഞാന്‍ അവരോട് തുറന്ന് പറഞ്ഞു. ഞാന്‍ എന്തുപറയുമ്പോഴും അതിനെയെല്ലാം തര്‍ക്കിച്ച് മേല്‍ക്കൈ നേടാനാണ് അവര്‍ ശ്രമിച്ചത്. ഞാന്‍ പറയുന്നതുപോലെ തിരക്കഥയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ നിവിന്‍ പോളി ഈ സിനിമ ചെയ്യില്ല എന്ന് അവര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ എനിക്ക് നിവിന്‍ പോളിയില്‍ നിന്ന് തന്നെ അതറിയണമായിരുന്നു. അവരുടെ കോള്‍ അവസാനിപ്പിച്ച ശേഷം ഞാന്‍ നിവിന്‍ പോളിയെ വിളിച്ചു കാര്യം പറഞ്ഞു. നിവിന്‍ എന്നോട് പറഞ്ഞത് ഞാന്‍ ചെയ്യുന്നത് നിന്റെ സിനിമയാണ് എന്നും പറഞ്ഞ  ദിവസം തന്നെ നമ്മള്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയിരിക്കും എന്നുമാണ്. 

പിന്നീട് പല രീതിയില്‍ ഒളിഞ്ഞും തെളിഞ്ഞും ഈ സിനിമയ്ക്ക് എതിരെ ഗീതു മോഹന്‍ദാസ് യുദ്ധം ചെയ്തു. ഒടുവില്‍ പല പ്രതിസന്ധികളും തരണം ചെയ്തു ഈ സിനിമ ഇറങ്ങും എന്നായപ്പോള്‍ സിനിമയില്‍ നിന്നും എന്റെ പേര് നീക്കം ചെയ്യാന്‍ അവര്‍ സിനിമ സംഘടനകള്‍ക്കും സിനിമയുടെ നിര്‍മാണ കമ്പനികള്‍ക്കും നിരന്തരം മെയിലുകള്‍ അയച്ചു. എന്നാല്‍ നിവിന്‍ പോളിയും സഹനിര്‍മാതാവ് സണ്ണി വെയ്‌നും ഉറച്ച നിലപാട് എടുത്തതോടെയാണ് അത് നടക്കാതെ പോയതെന്നും ലിജു പറയുന്നു.

ലിജു കൃഷ്ണയ്ക്ക് ആദ്യ സിനിമ തിയറ്ററില്‍ എത്തിക്കാന്‍ നിരന്തര പ്രതിസന്ധികളും പോരാട്ടങ്ങളും നടത്തേണ്ടി വന്നിരുന്നു.ചെന്നെയിലെ ഐ കാറ്റ് കോളജില്‍ നിന്ന് ഡിജിറ്റല്‍ ഫിലിം മേക്കിങില്‍ പ്രാവീണ്യവും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്റര്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദവും നേടിയാണ് ലിജു കൃഷ്ണ ആദ്യ സംവിധാന സംരംഭമായ പടവെട്ടിലേക്ക് എത്തുന്നത്. സിനിമയില്‍ ആരുടെകൂടെയും അസിസ്റ്റന്റ് ആകാതെ വന്ന ലിജു കൃഷ്ണയ്ക്ക് പടവെട്ട് സ്വപ്ന സാക്ഷാത്കാരമാണ്. 

സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണവുമായി  ലിജു കൃഷ്ണ രണ്ട് ദിവസം മുമ്പ് രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന പീഡന പരാതിക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണോയെന്ന് അന്വേഷിക്കണമെന്ന് ലിജു കൃഷ്ണ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ഗീതു മോഹന്‍ദാസിനെതിരെ എല്ലാ സംഘടനകള്‍ക്കും പരാതിയും നല്‍കിയിട്ടുണ്ട്. ഡബ്ല്യൂസിസിയുടെ അധികാരം ഗീതു മോഹന്‍ദാസ് ദുരുപയോഗിക്കുകയായിരുന്നുവെന്ന് ലിജു കൃഷ്ണ ആരോപിച്ചു.

പടവെട്ട് സിനിമയുടെ കഥ കേട്ടപ്പോള്‍ ഗീതു ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാതെ വന്നതോടെ അവര്‍ക്ക് വൈരാഗ്യമുണ്ടായതായും ലിജു കൃഷ്ണ പറഞ്ഞു. പീഡന പരാതിക്ക് പിന്നില്‍ ഗീതു ആണോ എന്ന് അന്വേഷിക്കട്ടെയെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ലിജു കൃഷ്ണ അറിയിച്ചു.


മാസങ്ങള്‍ക്ക് മുന്‍പാണ് ലിജു കൃഷ്ണയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമാ പ്രവര്‍ത്തക കൂടിയായ യുവതി രംഗത്തെത്തിയത്. പടവെട്ടിന്റെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി വാടകയ്ക്കെടുത്ത വീട്ടില്‍ കൊണ്ടുപോയി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി ആരോപിച്ചിരുന്നു. ആര്‍ത്തവ സമയത്തും തനിക്ക് നേരെ അയാള്‍ ബലപ്രയോഗം നടത്തി. അതുമൂലം ശരീരത്തിന് ക്ഷതം സംഭവിച്ചു. ആശുപത്രിയില്‍ എത്തിക്കണം എന്ന് ആവശ്യപ്പെട്ടങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പരാതി പറയുവാന്‍ സിനിമയില്‍ ഔദ്യോഗികമായി പരാതി പരിഹാര സെല്‍ ഉണ്ടായിരുന്നില്ലെന്നും യുവതി ആരോപിച്ചിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ലിജു കൃഷ്ണയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

padavettu director liju krishna

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES