Latest News

ഫഹദ് ഫാസിലിന്റെ നായികാ വേഷത്തില്‍ നിന്ന് പാര്‍വതി പിന്മാറി; ചിത്രത്തില്‍ നിന്നും നടി പിന്മാറാനുള്ള കാരണം ഇതോ..!

Malayalilife
ഫഹദ് ഫാസിലിന്റെ നായികാ വേഷത്തില്‍ നിന്ന് പാര്‍വതി പിന്മാറി; ചിത്രത്തില്‍ നിന്നും നടി പിന്മാറാനുള്ള കാരണം ഇതോ..!


പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. മികച്ച അഭിനയമാണ് ഓരോ സിനിമയിലും താരം കാഴ്ച്ചവെയ്ക്കുന്നത്. തുടക്കകാലത്ത് ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ താരം ബാഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാന്‍ മടികാണിക്കാത്തയാളാണ് പാര്‍വതി. അതുകൊണ്ട് തന്നെ താരത്തെ മാറ്റി നിര്‍ത്താന്‍ ശ്രമങ്ങളും നടക്കുന്നുണ്ട്. എങ്കിലും തന്റെതായ അഭിനയ മികവ് കൊണ്ട് പൂര്‍വ്വാധികം ശക്തിയോടെ പാര്‍വതി ഒരോ തവണയും തിരിച്ചുവരുന്ന കാഴ്ച്ചയും ഏവരും കണ്ടതാണ്. ഇപ്പോഴിതാ താരം ഫഹദിനൊപ്പമുള്ള സിനിമ വേണ്ടെന്ന് വെച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. 

ടേക്ക് ഓഫില്‍ ഫഹദിന്റെയും പാര്‍വതിയുടെയും കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഈ സിനിമയ്ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദും പാര്‍വതിയുമാണ് മുഖ്യവേഷത്തില്‍ എത്തുന്നതെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നിരുന്നത്. ആഗസ്റ്റ് അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് ചിത്രത്തില്‍ നിന്നും പാര്‍വതി പിന്മാറുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും വൈകുമെന്നുള്ള സൂചനയാണ് എന്തായാലും ഇപ്പോള്‍ ലഭിക്കുന്നത്. 

എന്നാല്‍ സിനിമയില്‍ നിന്നും ബ്രേക്കെടുക്കാനുള്ള തീരുമാനത്തിലാണ് താരമെന്നുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. താരങ്ങളില്‍ പലരും ഇത്തരത്തില്‍ ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കാറുണ്ട്. നേരത്തെയും പാര്‍വതി സിനിമയില്‍ നിന്നും ഇടവേളയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ബ്രേക്കിനെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണത്താലാണ് ഇപ്പോഴത്തെ ഇടവേളയെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പുതിയ അവസരങ്ങളൊന്നും താരം സ്വീകരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ചിത്രത്തില്‍ നിന്നും പാര്‍വതി പിന്‍മാറുന്നത് ഇടവേളയെടുക്കുന്നതിന്റെ ഭാഗമായാണോ എന്നുള്ള വിവരങ്ങളുമാണ് പുറത്തുവന്നിട്ടുള്ളത്.

നായികയായി അരങ്ങേറിയതിന് പിന്നാലെ മികച്ച അവസരങ്ങളായിരുന്നു പാര്‍വതിയെ തേടിയെത്തിയത്. സംസ്ഥാന അവാര്‍ഡും ദേശീയ പുരസ്‌കാരവുമൊക്കെ ഇതിനകം തന്നെ താരത്തെ തേടിയെത്തിയിരുന്നു. ചാര്‍ലിയിലേയും ടേക്ക് ഓഫിലേയും പ്രകടനങ്ങളായിരുന്നു താരത്തെ ഈ നേട്ടത്തിലേക്കെല്ലാം എത്തിച്ചത്. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തില്‍ പ്രത്യേക വൈഭവമാണ് ഈ താരത്തിനുള്ളത്.

അഭിനേതാക്കളായി അരങ്ങേറിയ പല താരങ്ങളും പിന്നീട് സംവിധായകരും സംവിധായകയുമൊക്കെയായി അരങ്ങേറിയിട്ടുണ്ട്. ആ കൂട്ടത്തില്‍ ഭാവിയില്‍ താനും സംവിധായികയായി എത്തിയേക്കുമെന്ന് പാര്‍വതി വ്യക്തമാക്കിയിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളുമായെത്തുന്ന പാര്‍വതി സംവിധാനത്തോടും താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയതോടെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. റിമ കല്ലിങ്കലുമായി താന്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും പാര്‍വതി പറഞ്ഞിരുന്നു. ഒപ്പം തന്നെ അടുത്ത സുഹൃത്തായ ആസിഫ് അലിയെ നായകനാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പാര്‍വതി അന്ന് പറഞ്ഞിരുന്നു. ദര്‍ശന രജേന്ദ്രനും നിമിഷ സജയനുമായിരിക്കും നായികമാരായി എത്തുന്നതെന്നും താരം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം സിനിമയുടെ കാര്യത്തിന് വേണ്ടിയാണോ ഇപ്പോഴത്തെ ഇടവേളയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്തായാലും ഇടവേളയെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

parvathy rejected fahadh fazil's movie because of this reason

RECOMMENDED FOR YOU: