Latest News

'സുകുവേട്ടന്റെ മരണസമയത്ത് പൃഥ്വിരാജ് എന്നോട് അങ്ങനെ ചോദിച്ചു'; ഇങ്ങനെയാണോ കാശുണ്ടാക്കുന്നത്?; അത്രയും വിദ്യാഭ്യാസമോ മര്യാദയോ വകതിരിവോ ഇല്ലാത്തവരാണോ മൊബൈലുമായി നടക്കുന്നത്?; ചന്തു സലിംകുമാറിന് പിന്തുണയുമായി മല്ലിക സുകുമാരന്‍ 

Malayalilife
 'സുകുവേട്ടന്റെ മരണസമയത്ത് പൃഥ്വിരാജ് എന്നോട് അങ്ങനെ ചോദിച്ചു'; ഇങ്ങനെയാണോ കാശുണ്ടാക്കുന്നത്?; അത്രയും വിദ്യാഭ്യാസമോ മര്യാദയോ വകതിരിവോ ഇല്ലാത്തവരാണോ മൊബൈലുമായി നടക്കുന്നത്?; ചന്തു സലിംകുമാറിന് പിന്തുണയുമായി മല്ലിക സുകുമാരന്‍ 

അന്തരിച്ച നടന്‍ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറകളുമായി തള്ളിക്കയറിയ ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി നടി മല്ലിക സുകുമാരന്‍. ചടങ്ങുകള്‍ക്കിടയില്‍ ക്ഷമകെട്ട് പ്രതികരിച്ച സലിം കുമാറിന്റെ മകന്‍ ചന്തുവിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച മല്ലിക, ഇത്തരം മൊബൈല്‍ ചാനലുകാരെ കര്‍ശനമായി നിരോധിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും ആവശ്യപ്പെട്ടു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. 

 താന്‍ നൂറു ശതമാനവും ചന്തുവിനൊപ്പമാണ് നില്‍ക്കുന്നതെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. മുഖ്യധാര മാധ്യമങ്ങള്‍ ആശുപത്രിയിലും പൊതുദര്‍ശന സ്ഥലത്തുമെത്തി ആവശ്യത്തിന് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ഈ മൊബൈലുകാരുടെ പെരുമാറ്റം സഹിക്കാന്‍ കഴിയാത്തതാണെന്നും അവര്‍ വ്യക്തമാക്കി. താനും സമാനമായ സാഹചര്യം അനുഭവിച്ച വ്യക്തിയാണെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. 

'സുകുവേട്ടന്റെ മൃതദേഹം തിരുവനന്തപുരം കലാഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഓടിവന്നു. വലിയ ബഹളമായിരുന്നു അന്ന്. പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന പൃഥ്വിരാജ് നിര്‍വികാരനായി നോക്കിനില്‍ക്കുകയായിരുന്നു. സങ്കടം സഹിക്കാനാവാതെ നിന്ന എന്റെ തോളില്‍ കൈവെച്ച് അവന്‍ ചോദിച്ചു: 'അമ്മേ, ഇപ്പോള്‍ ഈ കിടന്ന് ബഹളം വെക്കുന്നവരൊന്നും അച്ഛനെ കാണാന്‍ വന്നവരായിരിക്കില്ല, താരങ്ങളെ കാണാന്‍ വന്നതായിരിക്കും. അവര്‍ക്ക് വേറൊരു സ്ഥലം കൊടുത്തുകൂടേ?' അവന്‍ അന്ന് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നോട് ചോദിച്ച ചോദ്യമാണിത്. എങ്ങനെ താങ്ങാന്‍ പറ്റും വേണ്ടപ്പെട്ടവര്‍ക്ക് ഈ സമയത്ത് ഇത്തരം ബഹളങ്ങള്‍,' മല്ലിക ചോദിച്ചു. 

ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കാന്‍ പൊലീസുകാര്‍ തയ്യാറായി നില്‍ക്കുമ്പോള്‍ മൊബൈലുകാര്‍ കാരണം അവര്‍ക്ക് റൈഫിള്‍ താഴ്ത്താന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് മല്ലിക ചൂണ്ടിക്കാട്ടി. ഇത്രയും വര്‍ഷം അദ്ദേഹത്തോടൊപ്പം ജീവിച്ച ഭാര്യ കസേരയ്ക്ക് തൊട്ടുപിറകില്‍ ഇരിക്കുമ്പോള്‍ കുറച്ചുകൂടി മര്യാദയും വകതിരിവും കാണിക്കണമായിരുന്നു. 

'ഇവര്‍ക്ക് കുറച്ച് കോണ്ടന്റ് വേണം, അത് റീലുകളാക്കണം, എവിടെയെങ്കിലും ഇടണം, പത്തുപേര് കാണണം. കണ്ടവരുടെ എണ്ണം കൂടുമ്പോള്‍ കാശ് കിട്ടും. ഇങ്ങനെയാണോ കാശുണ്ടാക്കുന്നത്? അത്രയും വിദ്യാഭ്യാസമോ മര്യാദയോ വകതിരിവോ ഇല്ലാത്ത പിള്ളേരാണോ ഈ മൊബൈലുമായി നടക്കുന്നത്?' എന്നും മല്ലിക സുകുമാരന്‍ ചോദിച്ചു. അച്ഛന്‍ ഇനിയില്ല എന്ന തോന്നലില്‍ തകര്‍ന്നുനില്‍ക്കുന്ന മകന്‍ അങ്ങനെ പ്രതികരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും സലിം കുമാര്‍ എത്രത്തോളം സത്യസന്ധമായി പ്രതികരിക്കുന്ന മനുഷ്യനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും മല്ലിക സുകുമാരന്‍ ആവശ്യപ്പെട്ടു.
 

mallika sukumaran about onlinemedia

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES