പ്രമുഖ നടിയും നര്‍ത്തകിയുമായ അഞ്ജു അരവിന്ദ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടൊരാളുടെ വിയോഗവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. അഞ്ജുവിന്റെ അമ്മയുടെ അനിയത്തിയായ 'രാജാന്റി'യാണ് അന്തരിച്ചത്. തന്റെ വളര്‍ച്ചയിലും നൃത്ത-സിനിമ ജീവിതത്തിലും വലിയ പങ്കുവഹിച്ച ചെറിയമ്മയുടെ വേര്‍പാടില്‍ നടുങ്ങിയിരിക്കുകയാണ് താരം. ഒപ്പം, സാധാരണക്കാരായ നാട്ടിലെ ഡോക്ടര്‍മാരെ അമിതമായി വിശ്വസിക്കരുതെന്ന ജാഗ്രതാനിര്‍ദ്ദേശവും നടി തന്റെ കുറിപ്പിലൂടെ പങ്കുവെക്കുന്നു.
ചെറിയമ്മയുടെ വയറുവേദന വെറും ഗ്യാസ്ട്രബിള്‍ ആണെന്ന് പറഞ്ഞ് നാട്ടിലെ ഡോക്ടര്‍ നിരന്തരം മരുന്ന് നല്‍കി തിരിച്ചയക്കുകയായിരുന്നുവെന്ന് അഞ്ജു വെളിപ്പെടുത്തുന്നു. പിന്നീട് വിശദമായ പരിശോധന നടത്തിയപ്പോഴാണ് രോഗം നാലാം ഘട്ട കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തില്‍ തന്നെ ഒരു സ്‌കാനിംഗ് നിര്‍ദ്ദേശിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ തന്റെ രാജാന്റി ഇന്നും കൂടെയുണ്ടാകുമായിരുന്നുവെന്നും, ഒരു രോഗിയോടും ഒരു ഡോക്ടറും ഇങ്ങനെ ചെയ്യരുതെന്നും അഞ്ജു കുറിപ്പില്‍ വ്യക്തമാക്കുന്നു.
''രാജാന്റി. അമ്മയുടെ അനിയത്തി മാത്രമല്ല, എനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നു. എന്റെ ജീവിതത്തിലെ ഒരു വലിയ റോള്‍ മോഡല്‍.ആന്റി സാരി ഉടുത്ത് നടക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഇന്നത്തെ പോലെ അല്ല, അന്നത്തെ കാലത്ത് ഹീല്‍ ചെരുപ്പ് ധരിച്ച് ആത്മവിശ്വാസത്തോടെ നടന്നിരുന്ന ഒരാളായിരുന്നു ആന്റി. ഞാന്‍ ആദ്യമായി അത് കണ്ടതും ആന്റിയിലൂടെയായിരുന്നു. എന്റെ നൃത്തപഠനകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെയായിരുന്നു. ആദ്യമായി കുച്ചിപ്പുടി പഠിച്ചപ്പോള്‍ ഡ്രസ്സ് തുന്നാന്‍ പോലും വഴിയില്ലാതിരുന്ന സമയത്ത് ആന്റി തന്റെ സാരി തന്നു. ആ സാരി സ്റ്റിച്ച് ചെയ്താണ് എന്റെ ആദ്യ നൃത്തവേഷം ഒരുക്കിയത്. ആ വേഷം ധരിച്ച് യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുത്ത ഞാന്‍ സ്റ്റേറ്റ് ലെവല്‍ വരെ എത്തി.
ഇന്ന് ഞാന്‍ സ്വയംപര്യാപ്തയായി, സ്വന്തം കാലില്‍ നിന്ന് ജോലി ചെയ്ത് ജീവിക്കുന്നുണ്ടെങ്കില്‍ അതിന്റെ മുക്കാല്‍ ഭാഗം ക്രെഡിറ്റും രാജാന്റിക്കാണ്. ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് മാതൃഭൂമിയില്‍ വന്ന ഒരു പരസ്യം ആന്റി എനിക്ക് കാണിച്ചുതന്നു. ആ കോളേജിലേക്ക് അപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിച്ചു. അതിലൂടെയാണ് ഞാന്‍ ഭരതനാട്യത്തില്‍ ബിഎ എടുത്തത്. പിന്നീട് ആര്‍എല്‍വിയില്‍ നിന്ന് എംഎയും പൂര്‍ത്തിയാക്കി. എന്റെ സിനിമാജീവിതത്തിലേക്കുള്ള യാത്രയ്ക്കും നിമിത്തമായത് രാജാന്റി തന്നെയാണ്.പക്ഷേ, നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതാണ് നമുക്ക് പറ്റിയ വലിയ തെറ്റ്. ആന്റി വയറുവേദനയെക്കുറിച്ച് പറയുമ്പോഴെല്ലാം അത് ഗ്യാസ്ട്രബിള്‍ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്ത് തിരിച്ചയക്കുമായിരുന്നു.
ഏറെ വൈകിയാണ് അത് നാലാം ഘട്ട കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തില്‍ തന്നെ ഒരു സ്‌കാനിംഗ് നിര്‍ദേശിച്ചിരുന്നെങ്കില്‍, ഒരുപക്ഷേ രാജാന്റി ഇന്നും നമ്മളോടൊപ്പം ഉണ്ടായേനേ. ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഇന്ന് എല്ലാം അവസാനിച്ച് ആന്റിയെ അവസാനമായി ഒരുക്കിക്കൊടുക്കുമ്പോള്‍ മനസ്സ് തകര്‍ന്നുപോയി. വാക്കുകള്‍ക്കതീതമായ ഒരു ശൂന്യത. തീരാത്ത കടപ്പാടും അളവറ്റ സ്‌നേഹവും മാത്രം ബാക്കി. പ്രണാമം''.