മലയാളി പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തിയ ഒരു മരണ വാര്‍ത്തയായിരുന്നു കലാഭവന്‍ നവാസിന്റേത്. ചിരി ഓര്‍മ്മകള്‍ ബാക്കിയാക്കി കലാഭവന്‍ നവാസ് വിടവാങ്ങിയ വാര്‍ത്ത ഇപ്പോഴും വിശ്വസിക്കാന്‍ കുടുംബങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സാധിച്ചിട്ടില്ല.
ഇപ്പോഴിതാ നവാസിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ രഹന നവാസ് പങ്കുവെച്ച കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. നവാസ് പാട്ട് പാടുന്ന വീഡിയോയ്‌ക്കൊപ്പമാണ് രഹന വൈകാരികമായ കുറിപ്പ് പങ്കുവച്ചത്.
രഹനയുടെ വാക്കുകള്‍ ഇനങ്ങനെയായിരുന്നു:
'ഇന്ന് ഓഗസ്റ്റ് 10, നവാസ്‌ക്കയുടെ പിറന്നാളാണ്. കാത്തിരിപ്പിനൊടുവില്‍ സുബര്‍ക്കത്തില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടും. ഇതിനേക്കാള്‍ മനോഹരമായി ഞങ്ങള്‍ അവിടെ ജീവിക്കും' എന്നായിരുന്നു രഹന പറഞ്ഞത്. നവാസ് ഒരു ഗാനം ആലപിക്കുന്ന വീഡിയോയും ഇതിനൊപ്പം രഹന പോസ്റ്റ് ചെയ്തിട്ടുണ്ട്. താരകരൂപിണീ നിയെന്നുമെന്നുടെ ഭാവനാ രോമാഞ്ചമായിരിക്കും എന്ന ഗാനമാണ് രഹ്ന പങ്കുവെച്ച വീഡിയോയില്‍ നവാസ് ആലപിക്കുന്നത്. നിരവധിപേരാണ് വീഡിയോക്ക് പ്രതികരണവുമായെത്തിയത്.
സിനിമയിലും വേദികളിലുമായി സജീവമായിരുന്നു കലാഭവന്‍ നവാസ്. പുതിയ സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. നാടക വേദികളിലും സജീവമായ അദ്ദേഹം അവസാനമായി എഴുതിയ നാടകം കാണാന്‍ കുടുംബാംഗങ്ങള്‍ എത്തിയിരുന്നു. 51 വയസിലാണ് കലാഭവന്‍ നവാസ് മരണപ്പെട്ടത്.
മലയാളത്തിലെ നിരവധി നടന്മാരെപ്പോലെ മിമിക്രി വേദിയിലൂടെയാണ് നവാസിന്റെയും കലാജീവിതത്തിന്റെ തുടക്കം. 1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മിമിക്രി കലാകാരന്മാരുടെ ജീവിതം പശ്ചാത്തലമാക്കുന്ന മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രവും അതേ വര്‍ഷം എത്തി. ഹിറ്റ്ലര്‍ ബ്രദേഴ്സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങളിലെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.