നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം സുപരിചിതയാണ് അഹാന കൃഷ്ണ. കഴിഞ്ഞ മാസമായിരുന്നു അഹാനയും നിമിഷും തമ്മിലുള്ള വിവഹാം. ഇപ്പോളിതാ പിറന്നാള്‍ ദിനത്തില്‍ വിവാഹ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ മുതല്‍ വിഡീയോയില്‍ കോര്‍ത്തിണക്കിയിരിക്കുകയാണ്.
അഹാനയുടെ 31-ാം ജന്മദിനമാണ് ഇന്ന്. വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ എന്ന പ്രത്യേകതയും ഈ പിറന്നാളിനുണ്ട്. അഹാനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഭര്‍ത്താവും സിനിമോട്ടോഗ്രാഫറുമായ നിമിഷ് രവി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഹാപ്പി ബര്‍ത്ത്‌ഡേ വൈഫ്/ ലവര്‍/ ബെസ്റ്റ് ഫ്രണ്ട്. നമ്മുടെ വിവാഹത്തിന്റെ ഫസ്റ്റ് മന്ത് ആനിവേഴ്‌സറി ആശംസകളും,' എന്നാണ് നിമിഷ് കുറിച്ചത്.
അമ്മ സിന്ധു കൃഷ്ണ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ശ്രദ്ധ നേടുന്നുണ്ട്. തന്റെ മൂത്ത മകളായ അഹാനയ്‌ക്കൊപ്പമുള്ള 31 വര്‍ഷത്തെ ഓര്‍മ്മകളും സ്‌നേഹവും കോര്‍ത്തിണക്കിയാണ് സിന്ധു കൃഷ്ണ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.
തന്റെ ആദ്യത്തെ കണ്‍മണിയായ അഹാനയുടെ ജനനത്തോടെയാണ് താന്‍ ഇതുവരെ അറിയാത്തവിധത്തിലുള്ള സ്‌നേഹം അനുഭവിച്ചറിഞ്ഞതെന്ന് സിന്ധു കുറിക്കുന്നു. വര്‍ഷങ്ങള്‍ മിന്നല്‍ വേഗത്തില്‍ കടന്നുപോയെങ്കിലും, അഹാനയുടെ കുഞ്ഞുനാളിലെ സുഗന്ധവും ആദ്യമായി നോക്കിയ നോട്ടവും പാലുകുടിച്ച നിമിഷങ്ങളുമെല്ലാം ഇന്നും പുതിയതുപോലെ ഓര്‍മ്മയിലുണ്ടെന്നും അവര്‍ പറയുന്നു.
സിന്ധു കൃഷ്ണയുടെ വാക്കുകളിലേക്ക്:
'അമ്മു, നിനക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍! കഴിഞ്ഞ 31 വര്‍ഷമായി നീ എന്റെ കൂടെയുണ്ട്. നിന്റെ അമ്മയാകാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ്. എന്റെ ആദ്യത്തെ കണ്‍മണി! നീ വന്നതോടുകൂടിയാണ് ഇതിനുമുമ്പ് ഞാന്‍ അറിയാത്ത ഒരത്ഭുത സ്‌നേഹം അനുഭവിച്ചറിഞ്ഞത്. വര്‍ഷങ്ങള്‍ മിന്നല്‍ വേഗത്തില്‍ കടന്നുപോയി. എങ്കിലും എന്റെ ഓര്‍മ്മകള്‍ ഇന്നും പുതിയതുപോലെ വ്യക്തമാണ്...
നിന്റെ കുഞ്ഞു സുഗന്ധവും, നീ ആദ്യമായി എന്നെ നോക്കിയ നോട്ടവും, ആദ്യമായി യാതൊരു കുഴപ്പവുമില്ലാതെ എന്റെ പാല് കുടിച്ച ആ പൂര്‍ണ്ണതയും എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നിനക്ക് ആശംസിക്കുന്നു. നീയും നിമിഷും ചേര്‍ന്ന് നിങ്ങളുടെ സ്വപ്നങ്ങളുടെ ജീവിതം നയിക്കട്ടെയെന്നും ആശംസിക്കുന്നു.
എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോഴെല്ലാം കൂടെയുണ്ടായിരുന്നതിനും എന്നെ താങ്ങിനിര്‍ത്തിയതിനും നന്ദി. നീ ഒരു മികച്ച മകളും, നല്ലൊരു സഹോദരിയും, ആര്‍ക്കും ചോദിച്ചുവാങ്ങാന്‍ കഴിയുന്നതില്‍ വെച്ച് ഏറ്റവും മികച്ച കൂട്ടുകാരിയുമാണ്. അതുപോലെതന്നെ നീ ഭാവിയില്‍ നല്ലൊരു ഭാര്യയും, അത്ഭുതകരമായ ഒരു അമ്മയും ആകുമെന്ന് എനിക്ക് ഉറപ്പാണ്. ജന്മദിനാശംസകള്‍ എന്റെ അമ്മുക്കുട്ടി!'
ഇഷാനിയുടെ ആശംസയിങ്ങനെ: 'പിറന്നാള്‍ ആശംസകള്‍ അമ്മൂ. ഞാന്‍ എപ്പോഴും ഒരു മാതൃകയായി കണ്ടിട്ടുള്ള, ഇന്നും ഏറെ ആരാധിക്കുന്ന എന്റെ പ്രിയപ്പെട്ട ചേച്ചി. നീ ആഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതുമായ എല്ലാ സന്തോഷങ്ങളും സ്‌നേഹവും നിറഞ്ഞ മനോഹരമായ ഒരു വര്‍ഷം മുന്നോട്ടുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു!'