സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു ചിത്രമാണ്. സൂപ്പര്‍സ്റ്റാറിനും യുവതാരത്തിനും ഒപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാലും ദുല്‍ഖറും പൃഥ്വിരാജിന്റെ വീട്ടില്‍ അതിഥികളായി എത്തിയപ്പോഴുളള ചിത്രമാണ് അതെന്നാണ് സൂചന. തീര്‍ത്തും അവിചാരിതമായി നടന്ന ഈ ഒത്തുകൂടല്‍ ക്യാമറയില്‍ പകര്‍ത്തിയത് മോഹന്‍ലാലിനൊപ്പം എത്തിയ സുഹൃത്താണ്. പൃഥ്വിരാജ് ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. തുടക്കത്തില്‍ ആരുമായും അടുപ്പം സൂക്ഷിക്കാത്ത ഒരാള്‍ എന്നായിരുന്നു പൃഥ്വിരാജിനെക്കുറിച്ചുളള ധാരണ. എന്നാലിന്ന് മുന്‍നിര അഭിനേതാവും സംവിധായകനും ഒക്കെയായി മാറിയ പൃഥ്വിക്ക് സിനിമയില്‍ അടുത്ത സൗഹൃദങ്ങളാണ് ഉളളത്.
ദുല്‍ഖറും മോഹന്‍ലാലുമായി പൃഥ്വിക്കും സുപ്രിയയ്ക്കും അടുത്ത സൗഹൃദമാണ് ഉളളത്. അടുത്തിടെ പൃഥ്വിരാജിന്റെ വീട്ടില്‍ ദുല്‍ഖറിന് പിറന്നാള്‍ ആഘോഷവും സംഘടിപ്പിച്ചിരുന്നു. ബര്‍ഗര്‍ വിദഗ്ധനായ ദുല്‍ഖറിന് ബര്‍ഗറിന്റെ രൂപത്തിലെ കേക്ക് ഒരുക്കിയാണ് പൃഥ്വിരാജും സുപ്രിയയും സര്‍പ്രൈസ് ഒരുക്കിയത് .ഇത് കൂടാതെ പൃഥ്വിയും ദുല്‍ഖറും ഇരുവരുടെയും പ്രിയപ്പെട്ട കാറുകളുമായി കോട്ടയം-കൊച്ചി റൂട്ടില്‍ പൊതുനിരത്തില്‍ ഇറങ്ങിയതും വാര്‍ത്തയായിരുന്നു. വിവാദം ഉണ്ടായെങ്കിലും ഇവര്‍ വേഗപരിധി ലംഘിച്ചില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തുകയായിരുന്നു.ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
നിലവിലെ കോവിഡ് പ്രതിസന്ധിയില്‍ ഈ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ട് എപ്പോഴാവും ഒരിക്കല്‍ കൂടി സ്‌ക്രീനിലെത്തുക എന്നതിന് തീരുമാനമായിട്ടില്ല. കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം യാത്രതിരിക്കാനാവാതെ മാസങ്ങളോളം കുടുംബസമേതം ചെന്നൈയില്‍ തന്നെയായിരുന്നു മോഹന്‍ലാലും കുടുംബവും. അമ്മയ്ക്കൊപ്പം സമയം ചെലവിടാനും, ദൃശ്യം 2 ചിത്രീകരണത്തിനായും, സ്റ്റേജ് ഷോയുടെ തയാറെടുപ്പുകള്‍ക്കായും മോഹന്‍ലാല്‍ കൊച്ചിയിലെത്തുകയായിരുന്നു. ചെന്നൈയില്‍ നിന്നും വന്ന മോഹന്‍ലാല്‍ കോവിഡ് ടെസ്റ്റ് നടത്തുകയും ഫലം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. അജു വര്‍ഗ്ഗീസ്, നസ്രിയ തുടങ്ങിയവരൊക്കെ ഇവരുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇവര്‍ മൂവരും സിനിമയില്‍ ഒന്നിച്ചെത്തുന്നുണ്ടോ എന്നും അതിന്റെ സൂചനയാണോ ഇതെന്നും എന്നും ചര്‍ച്ചകള്‍ എത്തുന്നുണ്ട്.