പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായിട്ട് അഭിനയിച്ച ചിത്രമായിരുന്നു ബ്രോ ഡാഡി.ബ്രോ ഡാഡി സിനിമയുടെ കഥ മോഹന്‍ലാലിനോട് പറഞ്ഞ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്.
തന്റെ പിതാവായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കേണ്ടതെന്ന് പറഞ്ഞപ്പോഴുള്ള മോഹന്‍ലാലിന്റെ പ്രതികരണത്തെക്കുറിച്ച് പൃഥി വെളിപ്പെടുത്തി.ലാലേട്ടന്‍ ഒരു ആയുര്‍വേദ ചികിത്സയില്‍ ഇരിക്കുന്ന സമയത്താണ് ബ്രോ ഡാഡിയുടെ കഥ പറയുന്നത്. സൂം വഴിയായിരുന്നു കഥ പറച്ചില്‍. പ്രമേയത്തെക്കുറിച്ചൊന്നും പറയാതെ നേരിട്ടങ്ങ് പറഞ്ഞു പോകുകയായിരുന്നു. കഥ കേട്ട് അദ്ദേഹം ഒരുപാട് ചിരിച്ചു.
അവസാനം ഞാന്‍ പറഞ്ഞു, 'ചേട്ടന്‍ എന്റെ അച്ഛന്‍ ആയിട്ടാണ് അത് കുഴപ്പമുണ്ടോ?' ലാലേട്ടന്‍ തിരിച്ചു ചോദിച്ചത് 'അതിനെന്താ മോനെ' എന്നാണ്. അദ്ദേഹത്തിന് അതൊന്നും ഒരു പ്രശ്‌നമേ അല്ല. കഥാപാത്രവും സിനിമയും അവരെ ഡിസേര്‍വ് ചെയ്യുന്നുണ്ടെങ്കില്‍ അദ്ദേഹം അത് ചെയ്യും .
അതിപ്പോള്‍ മമ്മൂക്ക ആയാലും അങ്ങനെ തന്നെ. പക്ഷേ അവര്‍ അര്‍ഹിക്കുന്ന കഥാപാത്രവുമായിട്ടേ അവരുടെ അടുത്ത് പോകാന്‍ പാടുള്ളൂ. അലുക്കുലുത്ത് വേഷവുമായി അവരുടെ അടുത്ത് പോകാന്‍ പാടില്ലല്ലോ! അത്രയും ബഹുമാനം അവരോട് കാണിക്കണം.'പൃഥ്വിരാജ് വ്യക്തമാക്കി.
ലൂസിഫറിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോഴുണ്ടായ മോഹന്‍ലാലിന്റെ പ്രതികരണത്തെക്കുറിച്ചും പൃഥ്വിരാജ് വെളിപ്പെടുത്തി. 'മോനേ ഈ സ്റ്റീഫന്‍ ഒരുപാട് സങ്കടം ഉള്ളില്‍ കൊണ്ട് നടക്കുന്നയാളാണല്ലേ എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം. ഹീറോയിസവും ദേഷ്യവുമൊക്കെ സിനിമയില്‍ കാണിക്കുന്നുണ്ടെങ്കിലും സ്റ്റിഫന്റെ ഉള്ളിന്റെയുള്ളില്‍ സങ്കടം ഉണ്ട്. അത് ആദ്യ ചര്‍ച്ചയില്‍ തന്നെ ലാലേട്ടന്‍ മനസിലാക്കി.'- പൃഥ്വിരാജ് പറഞ്ഞു.
ആ ചിത്രം മുതല്‍ ഇങ്ങോട്ട് താനും അദ്ദേഹവും ഒരുപാട് ഇടപഴകിയിട്ടുണ്ട്.
വ്യക്തിപരമായി അദ്ദേഹത്തെ നല്ല പരിചയമുണ്ട്. അതുകൊണ്ട് നൂറുശതമാനം എനിക്ക് ഉറപ്പിച്ചു പറയാന്‍ ലാലേട്ടനോട് പോയി ഒരു വില്ലന്‍ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചാല്‍ ''പിന്നെന്താ മോനെ'' എന്നേ പറയൂ.
അതുപോലെ ഒരു സ്‌ക്രിപ്റ്റ് ആണെങ്കില്‍ അത് ചെയ്യും. എനിക്കറിയാം അത്. പക്ഷേ നമ്മുടെ മലയാള സിനിമയില്‍ മോഹന്‍ലാലിനെ പോലെ ഒരു താരത്തെ അദ്ദേഹം അര്‍ഹിക്കുന്നതുപോലെ ഒരു പവര്‍ഫുള്‍ വില്ലന്‍ കഥാപാത്രത്തില്‍ പ്രതിഷ്ഠിച്ചാല്‍ പിന്നെ നായകന്റെ കാര്യം കുഴപ്പത്തിലാകും.
വളരെ സൂക്ഷിച്ചു മാത്രമേ അങ്ങനെ ഒരു കഥാപാത്രം ആലോചിക്കാന്‍ പോലും പറ്റൂ. ഒരു വില്ലന്‍ ഉണ്ടാകാന്‍ ഒരു നായകന്‍ വേണമെന്നില്ല. ജാക്വിന്‍ ഫീനിക്‌സിന്റെ ജോക്കര്‍ പോലൊരു സിനിമ നോക്കിയാല്‍ ആ കഥാപാത്രം വില്ലനാണ്.
പക്ഷേ അതില്‍ നായകസ്ഥാനത്ത് പറയാന്‍ ആരുമില്ല. നായകന്‍ വേണോ എന്നുള്ളത് നമ്മള്‍ എഴുതുന്ന സിനിമയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി ആയിരിക്കും. അങ്ങനെ ഒരു കടുംപിടിത്തവും ഇല്ലാത്ത ആളാണ് ലാലേട്ടന്‍.