ബോക്‌സോഫീസില്‍ തരംഗമായി മാറിയ ചിത്രമാണ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍.' ഐതിഹാസിക വിജയം നേടിയ ബാഹുബലിക്ക് ശേഷം രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രമെന്ന നിലയില്‍ തുടക്കം മുതല്‍ ലോകമെങ്ങുമുള്ള സിനിമ ആരാധകര്‍ വലിയ ആവേശത്തോടെയാണ് 'ആര്‍ആര്‍ആര്‍' വരവേറ്റത്. ഇപ്പോളിതാ ചിത്രത്തിന്റെ പേരില്‍ ആദ്യ രാജ്യാന്തര പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകന്‍.
ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാരനിര്‍ണയത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് രാജമൗലി കരസ്ഥമാക്കിയത്. മകന്‍ എസ്.എസ്. കാര്‍ത്തികേയ്ക്കും ഭാര്യ രമ രാജമൗലിക്കുമൊപ്പമായിരുന്നു രാജമൗലി അവാര്‍ഡ് ദാന ചടങ്ങിനെത്തിയത്. അമേരിക്കയിലെ ആദ്യ കാല ക്രിട്ടിക്‌സുകള്‍ അംഗമായിട്ടുള്ള ഗ്രൂപ്പ് ആണ് പുരസ്‌കാരം നല്‍കിയത്.
അദ്ദേഹത്തിന്റെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ് അവാര്‍ഡ് ദാനച്ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
അമേരിക്കയില്‍ മികച്ച പ്രതികരണമാണ് രാജമൗലിയുടെ ആര്‍ആര്‍ആറിനു ലഭിച്ചത്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 15 വിഭാഗങ്ങളില്‍ ഓസ്‌കറില്‍ മത്സരിക്കും. ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്‌നിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ഓസ്‌കര്‍ നോമിനേഷനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്ന്‍. ഓസ്‌കര്‍ അക്കാദമിക്കു കീഴിലുള്ള തിയറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം അക്കാദമി അംഗങ്ങളുടെ വോട്ടിങ് ആരംഭിക്കും. ഇതിനു ശേഷമാണ് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക.
ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനിലും ആര്‍ആര്‍ആര്‍ ഇടം പിടിച്ചിട്ടുണ്ട്. മികച്ച വിദേശ ഭാഷ ചിത്രം, മികച്ച ഒറിജിനല്‍ സോങ് എന്നീ വിഭാഗങ്ങളില്‍ രണ്ട് നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജനുവരി 11നാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രഖ്യാപനം.