വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അച്ഛനായതിന്‍രെ സന്തോഷം പങ്കുവച്ച് നടന്‍ രാജേഷ് ഖട്ടര്‍. 11 വര്‍ഷം മക്കളില്ലാതിരുന്ന വിഷമം അനുഭവിച്ച ശേഷമാണ് താരം ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം സോഷ്യല്‍ മീഡിയയുമായി പങ്കുവച്ചിരിക്കുന്നത്. ബോളിവുഡില്‍ അച്ഛന്‍ വേഷങ്ങളില്‍ തിളങ്ങുന്ന നടന്‍ നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് താരത്തിന് മകന്‍ പിറന്നിരിക്കുന്നത്. ഭാര്യ വന്ദന സജ്‌നാനിക്ക് ഒരുപാട് നന്ദി അറിയിച്ചുകൊണ്ടാണ് താരം ഈ അസലുഭ നിമിഷം പങ്കുവച്ചിരിക്കുന്നത്.
വളരെ വിഷമകരമായിരുന്നു വന്ദനയുടെ ഗര്‍ഭകാലം. തുടര്‍ന്ന് ഏഴാം മാസത്തിലാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മാസങ്ങളോളം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ജന്‍മാഷ്ഠമി ദിനത്തിലാണ് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും താരം പറയുന്നു. ഇരട്ടക്കുട്ടികളെയാണ് വന്ദന ഗര്‍ഭം ധരിച്ചിരുന്നത്. മൂന്നാമത്തെ മാസത്തില്‍ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് വന്ദനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്കു ശേഷം ഒരു കുഞ്ഞിന്റെ വളര്‍ച്ച പതുക്കയാണെന്ന് തിരിച്ചറിഞ്ഞു. അവസാനം കുഞ്ഞിനെയും നഷ്ടമായി. ഇതോയെ വന്ദനയുടെ ആരോഗ്യവും തീരെ മോശമായി. രണ്ടാമത്തെ കുഞ്ഞിനെ രക്ഷിക്കാന്‍ ഓപ്പറേഷന്‍ നടത്തേണ്ടി വന്നു. രണ്ടരമാസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ്.
52ാം വയസ്സില്‍ അച്ഛനായതിന്റെ സന്തോഷം രാജേഷ് മറച്ചുവയ്ക്കുന്നില്ല. ഈ പ്രായത്തില്‍ അച്ഛനാകുക ഏറെ വെല്ലുവിളിയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു. 2008ലാണ് രാജേഷും വന്ദനയും വിവാഹിതരാകുന്നത്. പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്.
ഇതിനിടെ മൂന്ന് തവണ ഗര്‍ഭം അലസി. ഐവിഎഫ് ചികിത്സയും മൂന്ന് തവണ പരാജയപ്പെട്ടു. ഇപ്പോള്‍ ജീവിതത്തില്‍ പുതിയ അതിഥി എത്തിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് രാജേഷ് പറഞ്ഞു.