മീ ടൂ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതിനു പിന്നാലെ കന്നട സിനിമ മേഖലയിലെ സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനായി പരാതി പരിഹാര കമ്മിറ്റി രൂപവത്കരിച്ചു.കര്‍ണാടകയിലെ ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാലിറ്റി (ഫയര്‍) എന്ന സിനിമ സംഘടനയാണ് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് രൂപം നല്‍കിയത്.
സിനിമാ സംഘടനയിലെ മി.ടു വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ആഭ്യന്തര പരിഹാര സെല്ലുമായി സാന്‍ഡല്‍വുഡ് രംഗത്തെത്തിയത്. സംവിധായിക കവിത ലങ്കേഷ് ആണ് ഫയറിന്റെ ചെയര്‍പേഴ്‌സണ്‍. കഴിഞ്ഞവര്‍ഷമാണ് ഫയര്‍ എന്ന സിനിമ സംഘടനക്ക് രൂപം നല്‍കിയതെങ്കിലും പരാതി പരിഹാര കമ്മിറ്റിക്ക് കഴിഞ്ഞദിവസമാണ് രൂപം നല്‍കിയത്.
തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജക്കെതിരെയുള്ള കന്നട നടിയായ മലയാളി ശ്രുതി ഹരിഹരന്റെ വെളിപ്പെടുത്തലിന് പിന്നാലെ കന്നട സിനിമ മേഖലയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെയാണ് സിനിമാ മേഖലക്കുള്ളില്‍ പരാതി പരിഹാര കമ്മിറ്റി (ഇന്‍േറണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി) രൂപവത്കരിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായാണ് സൊസൈറ്റി നിയമപ്രകാരം ഫയര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഒമ്പതു വനിതകളും രണ്ടു നിയമവിദഗ്ധരും അടങ്ങുന്ന 11അംഗ സംഘമാണ് കമ്മിറ്റിയിലുണ്ടാകുക.
അതേസമയം, നടന്‍ അര്‍ജുനെതിരായ പരാതിയില്‍ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് ഇടപെട്ടു. നടി ശ്രുതിയുമായും അര്‍ജുനുമായും ഇക്കാര്യം സംസാരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രശ്‌നം ഇരുവരും തമ്മില്‍ പറഞ്ഞുതീര്‍ക്കട്ടെ എന്ന നിലപാടിലാണ് ഫിലിം ചേംബര്‍. അര്‍ജുനെതിരായ വെളിപ്പെടുത്തലില്‍ നടി ശ്രുതി ഉറച്ചുനില്‍ക്കുകയാണ്. അതേ അനുഭവം മറ്റു നാലു നടിമാര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും ശ്രുതി വെളിപ്പെടുത്തി.