കേരള ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ച നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ നോമിനേഷന്‍ കഴിഞ്ഞ ദിവസം സംഘടന തള്ളിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിക്കണം എന്ന കാരണം കാണിച്ചാണ് സംഘടന സാന്ദ്രയുടെ നോമിനേഷന്‍ തള്ളിയത്. ഇതിനെ സാന്ദ്ര ചോദ്യം ചെയ്യുകയും നിയമപരമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിരുന്നു. തന്റെ ഈ നിലപാടില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പ്രതികരണത്തെക്കുറിച്ച് പറയുകയാണ് സാന്ദ്ര.
കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി തന്നോട് പറഞ്ഞെന്നും നിലപാട് വ്യക്തമാക്കിയപ്പോള്‍ കമ്മിറ്റ് ചെയ്ത ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും സാന്ദ്ര പറഞ്ഞു. അതേസമയം മോഹന്‍ലാല്‍ ഇതുവരെ നേരിട്ട് തന്നോട് പ്രതികരിച്ചില്ലെന്നും എന്നാല്‍ അദ്ദേഹത്തോട് അടുത്ത് നില്‍ക്കുന്ന ആളുകളില്‍ നിന്ന് പൂര്‍ണ പിന്തുണ ആണ് ലഭിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു.
'ലാലേട്ടന്‍ ഈ വിഷയത്തില്‍ എന്നോട് പ്രതികരിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ ചുറ്റും നില്‍ക്കുന്ന ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. അവരൊക്കെ പൂര്‍ണ പിന്തുണ തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒപ്പം നില്‍ക്കുന്ന ആളുകള്‍ എനിക്ക് പിന്തുണ നല്‍കുമ്പോള്‍ ഞാന്‍ മനസിലാകുന്നത് അദ്ദേഹവും എനിക്ക് ഒപ്പം എന്നാണ്,' സാന്ദ്ര തോമസ് പറഞ്ഞു.
മമ്മൂക്ക എന്നെ വിളിച്ചിരുന്നു... അദ്ദേഹം മുക്കാല്‍ മണിക്കൂറോളം എന്നോട് സംസാരിച്ചു. കേസുമായി മുന്നോട്ട് പോകരുതെന്ന് എന്നോട് പറഞ്ഞു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ച ഒറ്റ ചോദ്യമേയുള്ളൂ... മമ്മൂക്ക ഇക്കയുടെ മകള്‍ക്കാണ് ഇങ്ങനെയൊരു സിറ്റുവേഷന്‍ വന്നതെങ്കില്‍ അവരോടും ഇത് പറയുമോ..?. പ്രതികരിക്കരുത്, കേസുമായി മുന്നോട്ട് പോകരുത്, ഇത് ഭാവിയില്‍ ബാധിക്കും, എനിക്കിനി സിനിമ ചെയ്യാന്‍ പറ്റില്ല,
നിര്‍മ്മാതാക്കള്‍ തീയേറ്ററില്‍ ഇനിയെന്റെ സിനിമ ഇറക്കാന്‍ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു സ്റ്റാന്‍ഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു... ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ. അതിനകത്ത് ഞാന്‍ ഇനി ഒന്നും പറയുന്നില്ല. ഇഷ്ടം പോലെ ചെയ്‌തോളൂവെന്ന്.
അതുപോലെ അദ്ദേഹം എന്നോട് കമ്മിറ്റ് ചെയ്‌തൊരു പ്രോജക്ട് ഉണ്ടായിരുന്നു. അതില്‍ നിന്നും മമ്മൂക്ക പിന്മാറി. ഞാന്‍ ഇവിടെ തന്നെയുണ്ടാകും. എന്നെ ഇവിടെ നിന്ന് തുടച്ചു മാറ്റാനാണ് നോക്കുന്നതെങ്കില്‍ ഞാന്‍ ഇവിടെ തന്നെയുണ്ടാകുമെന്ന് അദ്ദേഹത്തോട് ഞാന്‍ തീര്‍ത്ത് പറഞ്ഞുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തിയാണ് സാന്ദ്രയുടെ നോമിനേഷന്‍ തള്ളിയത്. 2016 വരെ അസോസിയേഷനില്‍ വോട്ട് അവകാശം ഉണ്ടായിരുന്ന ആളാണ് ഞാന്‍.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നടക്കുന്നത് കോടികളുടെ അഴിമതിയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്് സാന്ദ്ര തോമസ്. തന്റെ നോമിനേഷന്‍ തള്ളിയതോടെ ധാര്‍മികമായി ജയിച്ചെന്നും പത്രിക തള്ളിയത് മറ്റ് നിര്‍മാതാക്കളുടെ തട്ടിപ്പ് പുറത്തുവരാതിരിക്കാന്‍ ആണെന്നും സാന്ദ്ര തോമസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'ജി സുരേഷ് കുമാര്‍, സിയാദ് കോക്കര്‍, സന്ദീപ് സേനന്‍, ആന്റോ ജോസഫ് തുടങ്ങിയവരുടെ ഗുണ്ടായിസം ഉപയോഗിച്ച് നിര്‍മാതാക്കളെ നിശബ്ദരാക്കുന്നു. എന്റെ നോമിനേഷന്‍ തള്ളിയതോടെ ധാര്‍മികമായി ഞാന്‍ ജയിച്ചു. പത്രിക തള്ളിയത് അവരുടെ തട്ടിപ്പുകള്‍ ഞാന്‍ പുറത്തുകൊണ്ടുവരുമോ എന്ന ഭയം കാരണമാണ്. തട്ടിപ്പുകളും വഴിവിട്ട ഇടപാടുകളും എല്ലാകാലത്തും മറച്ചുവെക്കാന്‍ കഴിയില്ല. നിര്‍മ്മാതാക്കളുടെ സംഘടന തട്ടിപ്പ് സംഘമായി മാറിയിരിക്കുകയാണ്', സാന്ദ്ര തോമസ് പറഞ്ഞു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉണ്ടായകാലം മുതല്‍ ഇവിടെ ചെയ്ത സിനിമകളെല്ലാം അസോസിയേഷനില്‍ രജിസ്‌ട്രേഡാണ്. അതുപോലെ ഞാന്‍ അസോസിയേഷനിലെ റെ?ഗുലര്‍ മെമ്പറാണ്. മാത്രമല്ല എന്റെ പേരില്‍ മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമുണ്ട്. പിന്നെ എന്തിന്റെ പേരിലാണ് എന്റെ നോമിനേഷന്‍ തള്ളുന്നതെന്ന് എനിക്ക് എഴുതി തരണം എന്നാണ് സാന്ദ്ര അസോസിയേഷനോട് ഭാരവാഹികളോട് ആവശ്യപ്പെട്ടത്.