ഷാരൂഖ് ഖാൻ കുള്ളനായി അഭിനയിച്ച സീറോ ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു.ബിഗ് ബജറ്റ് ചിത്രം സീറോയുടെ പരാജയത്തിൽ നിന്നും താൻ ഇനിയും പുറത്തു കടന്നിട്ടില്ലെന്ന് തുറന്നു പറയുകയാണ് നടൻ ഷാരൂഖ് ഖാൻ. സീറോ പരാജയപ്പെട്ടതോടെ സിനിമയിൽ കുറച്ചുനാളത്തെ ബ്രേക്ക് എടുത്ത് മാറി നില്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് നടൻ.
കുറച്ചു മാസത്തേക്ക് സിനിമകളൊന്നും ചെയ്യുന്നില്ലെന്ന് ഷാരൂഖ് ഖാൻ അറിയിച്ചു. ഒരു ചൈനിസ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം ഒരുപാടു പ്രതീക്ഷകളോടെയും സ്നേഹത്തോടെയും പൂർത്തീകരിച്ചതാണെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെ പുതിയ തീരുമാനം അറിഞ്ഞതോടെ നിരാശയിലാണ് ആരാധകർ.
ഇപ്പോൾ സിനിമകളൊന്നും ചെയ്യുന്നില്ല. സിനിമകൾ കാണാനും തിരക്കഥകൾ കേൾക്കാനും പുസ്തകങ്ങൾ വായിക്കാനും സമയം കണ്ടെത്തണം. എന്റെ മക്കൾ കോളേജ് പഠനം പൂർത്തീകരിക്കാനിരിക്കയാണ്. സുഹാന കോളേജിലാണ്. ആര്യൻ അടുത്ത വർഷം പഠിച്ചിറങ്ങും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുകയാണ്.' ഷാരൂഖ് പറഞ്ഞു.
ജൂണിൽ താൻ പുതിയൊരു സിനിമയ്ക്കായി കരാർ ഒപ്പു വെയ്ക്കേണ്ടതായിരുന്നുവെന്നും എന്നാൽ അതു ചെയ്യുന്നില്ല. ഇനി എന്റെ മനസ് എന്നോട് പറയട്ടെ.. അപ്പോഴേ സിനിമ ചെയ്യുന്നുള്ളൂ. ഇപ്പോൾ എനിക്കത് തോന്നുന്നില്ല. ഒരുപാടു കഥകൾ കേൾക്കുന്നുണ്ട്. ദിവസത്തിൽ 1520 കഥകൾ കേൾക്കും. 23 എണ്ണം ഇഷ്ടപ്പെടും. ഏതു ചെയ്യണമെന്നു പോലും തീരുമാനിച്ചിട്ടില്ല. തീരുമാനമായാൽ അതിൽ മുഴുവനായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും.' ഷാരൂഖ് പറഞ്ഞു.
ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സീറോ 200 കോടി ബഡ്ജറ്റിലാണ് നിർമ്മിച്ചത്. വൻ താരനിര ഉണ്ടായിരുന്നിട്ടും ബോക്‌സ് ഓഫീസിൽ വിജയമായില്ല. 2018 ഡിസംബറിൽ പുറത്തിറങ്ങിയ സീറോ ചൈനയിലെ ബെയ്ജിങ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ്മയുടെ ബയോപിക് ചിത്രത്തിൽ ഷാരൂഖ് അഭിനയിക്കേണ്ടതായിരുന്നു. എന്നാൽ ആ ചിത്രം ഇപ്പോഴൊന്നുമുണ്ടാകില്ലെന്നാണ് സൂചനകൾ.