Latest News

ചെയ്തെതൊന്നും മതിയാകാത്തതുപോലെ നീ വീണ്ടും മികച്ചതാക്കാന്‍ പ്രയത്്നിച്ചുകൊണ്ടേയിരിക്കുന്നു;ഞാന്‍ അരികിലുള്ളപ്പോള്‍പോലും വളരെ അനായാസമായി സാരിയുടുത്ത് സെല്‍വി എന്ന സ്ത്രീയായി മാറിപ്പോയ നിമിഷങ്ങള്‍ എന്റെ മനസില്‍ ഇപ്പോഴുമുണ്ട്;കണ്ണുനിറഞ്ഞാണ് ഇതെഴുതുന്നത്...' സ്വാസികയുടെ 'സെല്‍വി'യെ നെഞ്ചോട് ചേര്‍ത്ത് ഭര്‍ത്താവ് പ്രേം

Malayalilife
 ചെയ്തെതൊന്നും മതിയാകാത്തതുപോലെ നീ വീണ്ടും മികച്ചതാക്കാന്‍ പ്രയത്്നിച്ചുകൊണ്ടേയിരിക്കുന്നു;ഞാന്‍ അരികിലുള്ളപ്പോള്‍പോലും വളരെ അനായാസമായി സാരിയുടുത്ത് സെല്‍വി എന്ന സ്ത്രീയായി മാറിപ്പോയ നിമിഷങ്ങള്‍ എന്റെ മനസില്‍ ഇപ്പോഴുമുണ്ട്;കണ്ണുനിറഞ്ഞാണ് ഇതെഴുതുന്നത്...' സ്വാസികയുടെ 'സെല്‍വി'യെ നെഞ്ചോട് ചേര്‍ത്ത് ഭര്‍ത്താവ് പ്രേം

 'കറുപ്പ്' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ, വിജയ് ആന്റണി-ശശി കൂട്ടുകെട്ടിലിറങ്ങിയ 'നൂറു സ്വാമി' എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിലൂടെ തമിഴ്‌നാട്ടില്‍ വലിയ തരംഗമാണ് സ്വാസിക സൃഷ്ടിക്കുന്നത് ചിത്രത്തിലെ 'സെല്‍വി' എന്ന കഥാപാത്രം സ്വാസികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.

ഈ വലിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍, സ്വാസികയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് ഭര്‍ത്താവും നടനുമായ പ്രേം ജേക്കബ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പും, അതിന് സ്വാസിക നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

ചിത്രത്തിലെ സ്വാസികയുടെ അഭിനയ മികവിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് പ്രേം ജേക്കബ് ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത്. സംവിധായകന്‍ ശശി സര്‍ ആദ്യമായി കഥ വിവരിച്ചപ്പോള്‍ സ്വാസികയ്ക്കുണ്ടായ ആവേശത്തെക്കുറിച്ചാണ് പ്രേം ആദ്യം ഓര്‍മ്മിപ്പിക്കുന്നത്:

'ശശി സര്‍ നിനക്ക് ആദ്യമായി ചിത്രത്തിന്റെ കഥ വിവരിച്ചു തന്നപ്പോള്‍ എത്രത്തോളം ആവേശത്തോടെയാണ് നീ എന്നെ വിളിച്ചതെന്നും, 'സെല്‍വി' എന്ന കഥാപാത്രത്തിന് തികച്ചും വ്യത്യസ്തമായ രീതിയില്‍ ജീവന്‍ നല്‍കാന്‍ നീ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.'?
കഥാപാത്ര പൂര്‍ണ്ണതയ്ക്കായി സ്വാസിക നടത്തിയ കഠിനാധ്വാനത്തെയും പ്രേം അഭിനന്ദിച്ചു. കള്ളക്കുറിച്ചിയിലെ ചിത്രീകരണ വേളകളില്‍ അഭിനയം മെച്ചപ്പെടുത്താന്‍ രാത്രി വൈകി സ്വാസിക നടത്തിയ ഫോണ്‍ കോളുകളെക്കുറിച്ചും, നിത്യജീവിതത്തിലും സാരിയുടുത്ത് സെല്‍വിയായി ജീവിച്ച നിമിഷങ്ങളെക്കുറിച്ചും പ്രേം ഓര്‍ത്തെടുത്തു. 

കുറിപ്പ് ഇങ്ങനെ: 
    
    'ശശി സര്‍ നിനക്ക് ഈ ചിത്രത്തിന്റെ കഥ ആദ്യമായി വിവരിച്ചുതന്നപ്പോള്‍, എത്രമാത്രം ആവേശത്തോടെയാണ് നീ എന്നെ വിളിച്ചതെന്ന് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. സെല്‍വിഎന്ന കഥാപാത്രത്തിന് തികച്ചും വേറിട്ടൊരു ഭാവത്തില്‍ ജീവന്‍ നല്‍കാന്‍ നീ അത്രമേല്‍ കൊതിച്ചിരുന്നു. ആ കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കാന്‍ നീ നടത്തിയ കഠിനാധ്വാനത്തിന് ഞാന്‍ സാക്ഷിയാണ്. പുതിയ ഭാവങ്ങളും ചലനങ്ങളും പരീക്ഷിച്ചും, മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിച്ചും, നിന്റെ ദൈനംദിന ശീലങ്ങളില്‍ പോലും മാറ്റങ്ങള്‍ വരുത്തിയും നീ അതിനായി പ്രയത്‌നിച്ചു. ഞാന്‍ അരികിലുള്ളപ്പോള്‍ പോലും, വളരെ അനായാസമായി സാരിയുടുത്ത് നീ സെല്‍വിയെന്ന ആ സാധാരണ സ്ത്രീയായി മാറിപ്പോയ നിമിഷങ്ങള്‍ എന്റെ മനസ്സിലുണ്ട്. എന്നിട്ടും, ചെയ്തതൊന്നും മതിയാകാത്തതുപോലെ വീണ്ടും മികച്ചതാക്കാന്‍ നീ സ്വയം സമര്‍പ്പിച്ചുകൊണ്ടിരുന്നു.

കള്ളക്കുറിച്ചിയിലെ ആ അര്‍ദ്ധരാത്രികളില്‍ നീ എന്നെ വിളിച്ചത് ഞാന്‍ ഓര്‍ക്കുന്നു; നിന്റെ പ്രകടനത്തില്‍ നീ അപ്പോഴും തൃപ്തയായിരുന്നില്ല. ആ കഥാപാത്രത്തിന്റെ ഏറ്റവും പൂര്‍ണമായ രൂപമായി മാറണം എന്ന് നീ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. നിന്റെ ആ സമര്‍പ്പണബോധവും, കലയോടുള്ള അടങ്ങാത്ത ആഗ്രഹവുമാണ് എന്നും എന്നെ നിന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. എന്റെ പെണ്ണേ, നീ ഇതുവരെ കാഴ്ചവച്ചതില്‍ വെച്ച് ഏറ്റവും മനോഹരമായ പ്രകടനങ്ങളില്‍ ഒന്നാണിത്. നീ പ്രേക്ഷകരെ ചിരിപ്പിച്ചു, കരയിപ്പിച്ചു, അവരുടെ ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ത്തി; ആ കഥാപാത്രത്തിന്റെ എല്ലാ നോവുകളും അവരിലേക്ക് പകര്‍ന്നുനല്‍കി.
       

സ്‌ക്രീനില്‍ നിന്നെ നോക്കിനില്‍ക്കുക എന്നത് വികാരനിര്‍ഭരമായ ഒരു സുന്ദരയാത്രയായിരുന്നു. നിന്റെ കരിയറിലെ ഏറ്റവും തിളക്കമാര്‍ന്ന അധ്യായമായി ഈ വേഷം എന്നും അടയാളപ്പെടുത്തപ്പെടും. എന്നാല്‍, ഇത് നിന്റെ കരിയറിന്റെ അവസാനത്തെ കൊടുമുടിയല്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. ഇതിനേക്കാള്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന മറ്റൊരു കഥാപാത്രം നിന്നെ തേടിയെത്തും, അന്ന്, ഇതിലും ഉയര്‍ന്ന ഒരു തലത്തിലേക്ക് നീ നിന്റെ പ്രതിഭയെ എത്തിക്കുമെന്ന് എനിക്കറിയാം. നിറഞ്ഞ പുഞ്ചിരിയോടെ, എന്നാല്‍ സന്തോഷം കൊണ്ട് കണ്ണുകള്‍ ഈറനണിഞ്ഞാണ് ഞാന്‍ ഇതെഴുതുന്നത്. നിന്നെയോര്‍ത്ത് ഞാന്‍ എന്നും അഭിമാനിക്കുന്നു, എന്റെ പ്രണയമേ... എന്ന് സ്വന്തം, നിന്റെ കണവന്‍.''  പ്രേം ജേക്കബ് കുറിച്ചു.

   ഭര്‍ത്താവിന്റെ സ്‌നേഹനിര്‍ഭരമായ ഈ കുറിപ്പിന് വൈകാരികമായ മറുപടിയുമായി സ്വാസികയും കമന്റ് ബോക്‌സിലെത്തി. 'എന്നെ എപ്പോഴും പിന്തുണയ്ക്കുന്നതിനും മനസ്സിലാക്കുന്നതിനും നന്ദി, എന്റെ പ്രണയമേ... നീ എന്റെ ജീവിതത്തിലേക്ക് വന്ന നാള്‍ മുതല്‍, ചുറ്റുമുള്ള എല്ലാറ്റിനും കൂടുതല്‍ ഭംഗി തോന്നുന്നുണ്ട്; എനിക്കൊരു കാവല്‍മാലാഖയെപ്പോലെയാണ് നീ. നിന്നെ എന്റെ പങ്കാളിയായി ലഭിച്ചതില്‍ ഞാന്‍ അത്രമേല്‍ ഭാഗ്യവതിയാണ്.  ഒരുപാട് സ്‌നേഹം... നന്ദി...'' എന്നാണ് സ്വാസിക മറുപടിയായി കുറിച്ചത്.
  

Read more topics: # സ്വാസിക
prem about swasika vijay nooru saami prefomance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES