മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമയാണ് മണിച്ചിത്രത്താഴ്. നാഗവല്ലിയും രാമനാഥനും സണ്ണിയുമൊക്കെ മലയാളികള്‍ക്ക് എപ്പോഴും പ്രിയപ്പെട്ടവരുമാണ്. കാലമെത്ര ചെന്നാലും വീര്യം കൂടുന്ന വീഞ്ഞുപോലെ 'ഒരു മുറൈ വന്ത് പാര്‍ത്തായ' നൃത്തവും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തും. ഇപ്പോളിതാ ശോഭന ആ ഗാനത്തിന്റെ ഷൂട്ടിങ് അനുഭവം പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.
ശോഭനയും ശ്രീധറും ആണ് ചിത്രത്തില്‍ നാഗവല്ലിയും രാമനാഥനുമായി അഭിനയിച്ചത്. ഇരുവരും ചടുലമായ നൃത്തം അവതരിപ്പിക്കുന്നത് കറുത്ത നിറത്തിലുള്ള തറയില്‍ നിന്നാണ്. ഗാനരംഗത്തില്‍ ആ തറ തിളങ്ങുന്നതു കാണാനാകും. അത് തറയില്‍ എണ്ണ പുരട്ടിയതുകൊണ്ടാണെന്നു പറയുകയാണ് ശോഭന. എണ്ണമയമുള്ള തറയില്‍ നൃത്തം ചെയ്യാന്‍ താനും ശ്രീധറും ഏറെ ബുദ്ധിമുട്ടിയെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ശോഭന മണിച്ചിത്രത്താഴിലെ ഗാനരംഗത്തിന്റെ അറിയാക്കഥ വെളിപ്പെടുത്തിയത്. തന്റെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കായി 'ഒരു മുറൈ വന്തു പാര്‍ത്തായ' എന്ന ഗാനത്തിന്റെ ചുവടുകള്‍ ശോഭന പറഞ്ഞുകൊടുക്കുന്നതു വീഡിയോയില്‍ കാണാനാകും. ശോഭന പങ്കുവച്ച വീഡിയോ ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മണിച്ചിത്രത്താഴ്'. മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, തിലകന്‍ തുടങ്ങിയവരാണു ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി നിലനില്‍ക്കുന്ന മണിച്ചിത്രത്താഴ്, ഇന്നും ആരാധകഹൃദയങ്ങളില്‍ മുന്‍നിരാ സ്ഥാനത്തുണ്ട്.
അടുത്തിടെ അവിവാഹിതയായി ജീവിക്കുന്ന ശോഭന തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. എന്നാല്‍ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാനാണ് എല്ലാവര്‍ക്കും താത്പര്യമെന്ന് ശോഭന പറഞ്ഞിരുന്നു.
''എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കരുത് എന്നു അഭിമുഖത്തിന് കയറും മുമ്പ് തന്നെ ഞാന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറയും. പക്ഷേ എന്തുകൊണ്ടു വിവാഹം കഴിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് അവര്‍ ചോദിക്കുന്നത്. എന്നിട്ട് അവര്‍ പറയും എന്തെങ്കിലും പറയാമോ, ആള്‍ക്കാര്‍ വായിക്കണ്ടേ, ഞങ്ങള്‍ക്ക് ജീവിക്കേണ്ടേ എന്നൊക്കെ. അപ്പോള്‍ ഞാന്‍ എന്തെങ്കിലുമൊക്കെ പറയും. ഓരോ അഭിമുഖങ്ങളിലും അപ്പോള്‍ തോന്നുന്നതുപോലെ വെവ്വേറെ കാര്യങ്ങളാണ് പറയുന്നത്. ശോഭന പറഞ്ഞു. മലയാളത്തില്‍ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനം അഭിനയിച്ചത്.