ഞാനും ആ ഇരുട്ടിലൂടെയാണ് ജീവിച്ചത്; ശരിയായ ഭക്ഷണമില്ല വസ്ത്രമില്ല, സമാധാനവുമില്ല;ശാരിരികവും സാമ്പത്തികവും വൈകാരികവുമായ നാല് വര്‍ഷത്തെ വേദനാജനകമായ പീഡനത്തെ അതിജീവിച്ചു:മുന്‍ വിവാഹത്തിലെ പീഡനങ്ങളെപ്പറ്റി സൗഭാഗ്യ വെങ്കിടേഷിന്റെ  ചേട്ടത്തി വിദ്യ കുറിച്ചത്

Malayalilife
 ഞാനും ആ ഇരുട്ടിലൂടെയാണ് ജീവിച്ചത്; ശരിയായ ഭക്ഷണമില്ല വസ്ത്രമില്ല, സമാധാനവുമില്ല;ശാരിരികവും സാമ്പത്തികവും വൈകാരികവുമായ നാല് വര്‍ഷത്തെ വേദനാജനകമായ പീഡനത്തെ അതിജീവിച്ചു:മുന്‍ വിവാഹത്തിലെ പീഡനങ്ങളെപ്പറ്റി സൗഭാഗ്യ വെങ്കിടേഷിന്റെ  ചേട്ടത്തി വിദ്യ കുറിച്ചത്

സൗഭാഗ്യ വെങ്കിടേഷിന്റെ വ്‌ലോഗുകളിലൂടെയാണ് വിദ്യയെ പ്രേക്ഷകര്‍ക്ക് പരിചയം. അര്‍ജുന്റെ ജേഷ്ഠന്‍ അരുണിന്റെ നല്ലപാതിയാണ് ഇന്ന് വിദ്യ. അടുത്തിടെയായിരുന്നു ഇരുവരുടേയും വിവാഹം. ഒമ്പത് വര്‍ഷമായി സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു വിദ്യ. ഒരു മകളുണ്ട്. വിദ്യ വിവാഹമോചിതയാണെന്ന് മാത്രമാണ് സൗഭാഗ്യ വിദ്യയെ കുറിച്ച് സംസാരിച്ചപ്പോഴെല്ലാം പറഞ്ഞത്. ഇപ്പോഴിതാ താന്‍ ആദ്യ വിവാഹശേഷം അനുഭവിച്ച ക്രൂരതകള്‍ വെളിപ്പെടുത്തുകയാണ് വിദ്യ.

ഭര്‍ത്താവിന്റെ മര്‍ദ്ദനവും പീഡനവും മൂലം കഴിഞ്ഞ ദിവസങ്ങളില്‍ അതുല്യ, വിപഞ്ചിക എന്നീ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്ത് വരികയും വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തതിന് പിന്നാലെയാണ വിദ്യ കുറിപ്പ് പങ്ക് വച്ചത്.

പുറത്ത് വരുന്ന വാര്‍ത്തകള്‍ വായിച്ചപ്പോഴാണ് താന്‍ അനുഭവിച്ച ദുരിതങ്ങള്‍ പുറം ലോകത്തോട് തുറന്ന് പറയണമെന്ന് തോന്നിയതെന്ന് വിദ്യ പറയുന്നു.പങ്കാളികള്‍ മൂലമുണ്ടാകുന്ന വേദന കാരണം ജീവിതം അവസാനിപ്പിച്ച സ്ത്രീകളെക്കുറിച്ചുള്ള ഹൃദയഭേദകമായ ചില വാര്‍ത്തകള്‍ നാം അടുത്തിടെയായി നിരന്തരം കേള്‍ക്കുന്നു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം ഞാനും ഒരു സമയത്ത് ആ ഘട്ടത്തിലൂടെ ജീവിച്ചിട്ടുണ്ട്. അത്തരം ദുരിതം അനുഭവിക്കുന്നവര്‍ ഉണ്ടെങ്കില്‍ അതില്‍ നിന്നും പുറത്ത് കടക്കാന്‍ അവര്‍ക്ക് എന്റെ അനുഭവ കഥ ശക്തി നല്‍കുമെന്ന് പ്രതീക്ഷിച്ച് എന്റെ കഥ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാല് വര്‍ഷത്തെ ശാരീരികവും സാമ്പത്തികവും വൈകാരികവും വേദനാജനകമായ പീഡനത്തെ അതിജീവിച്ചതിനുശേഷം ഒമ്പത് വര്‍ഷം മുമ്പ് ഞാന്‍ എന്റെ മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി. എന്നെപ്പോലുള്ള സ്ത്രീകളോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ആ സമയത്ത് ഞാന്‍ മനസിലാക്കി.

ചിലര്‍ എന്നോട് എല്ലാം അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞു. പല സ്ത്രീകളും അവരുടെ വിവാഹ ജീവിതത്തില്‍ ഇതുതന്നെയാണ് അനുഭവിക്കുന്നതെ പറഞ്ഞു. അയാളുടെ അക്രമാസക്തമായ പെരുമാറ്റത്തില്‍ നിന്ന് എന്നെയും എന്റെ കുഞ്ഞിനെയും സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാനാണ് അയാളെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രകോപിപ്പിക്കുന്നതെന്നുള്ള കുറ്റവും ചിലര്‍ എന്റെ മേല്‍ ആരോപിച്ചു. അത് ഞെട്ടിപ്പിക്കുന്നതും ഹൃദയഭേദകവുമായിരുന്നു. ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ ചിന്തിച്ച ദിവസങ്ങളുണ്ടായിരുന്നു. പക്ഷെ എന്റെ കുഞ്ഞിന് ഒരു വയസ് മാത്രമായിരുന്നു പ്രായം. അങ്ങനെ അവള്‍ക്ക് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം എന്റെ മാതാപിതാക്കളെ വിളിക്കാന്‍ ഞാന്‍ ധൈര്യം സംഭരിച്ചു. എനിക്ക് സുഖമില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. ശരിയായ ഭക്ഷണമില്ല, വസ്ത്രമില്ല, സമാധാനവുമില്ല. എന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ടപ്പോള്‍ അവര്‍ കരഞ്ഞു.

എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. ശേഷം അവര്‍ എനിക്ക് ഏറ്റവും ശക്തമായ സമ്മാനം നല്‍കി. സ്വന്തം തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം. എന്നിട്ടും ചില ബന്ധുക്കള്‍ ആശ്വാസത്തേക്കാള്‍ കൂടുതല്‍ ആശയക്കുഴപ്പം എന്നില്‍ സൃഷ്ടിച്ചു. എനിക്കും എന്റെ കുഞ്ഞിനും ഭക്ഷണം ഉണ്ടോ ഞങ്ങള്‍ സുഖമായിരിക്കുന്നുണ്ടോയെന്ന് അവര്‍ ഒരിക്കലും ചോദിച്ചില്ല. പകരം ഞാന്‍ എന്ത് ജോലി ചെയ്യുന്നു?. ഞാന്‍ എപ്പോള്‍ വീട്ടിലെത്തി?. എങ്ങനെ ജീവിക്കുന്നു എന്നതിനെ കുറിച്ച് അവര്‍ കൂടുതല്‍ ആശങ്കാകുലരായിരുന്നു. ഞാന്‍ ദൃഢനിശ്ചയം ചെയ്തു. കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ എന്റെ കുട്ടിയുമായി അവളുടെ സ്‌കൂളിനടുത്തുള്ള ഒരു സ്ഥലത്തേക്ക് താമസം മാറി. ഞങ്ങളുടെ ജീവിതശൈലി പതുക്കെ മാറി. ഇന്ന് ഞങ്ങള്‍ സമാധാനപരവും സന്തുഷ്ടവുമായ ഒരു ജീവിതം നയിക്കുന്നു.

ധൈര്യത്തോടെയും പ്രതീക്ഷയോടെയും ഞങ്ങള്‍ കെട്ടിപ്പടുത്ത ഒന്ന്. ഇത് വായിക്കുന്ന എല്ലാ സ്ത്രീകളോടുമായി പറയട്ടെ... ദയവായി ഇത് അവസാനമാണെന്ന് വിശ്വസിക്കരുത്. നിങ്ങളുടെ ഇന്നത്തെ സാഹചര്യം നിങ്ങളുടെ ഭാവിയെ നിര്‍വചിക്കുന്നില്ല. എല്ലായ്പ്പോഴും പുതിയ അവസരങ്ങള്‍, പുതിയ വഴികള്‍, മികച്ച ദിവസങ്ങള്‍ മുന്നിലുണ്ട്. നിങ്ങള്‍ വിചാരിക്കുന്നതിലും ശക്തരാണ് നിങ്ങള്‍. സമൂഹത്തിനോട് പറയാനുള്ളത്... നിങ്ങള്‍ക്ക് ഒരാളെ പിന്തുണയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ കുറഞ്ഞത് അവരെ ഒന്നിലേക്കും തള്ളിവിടാതിരിക്കുക. വേദനിപ്പിക്കുന്ന വാക്കുകളേക്കാള്‍ നല്ലത് നിങ്ങളുടെ മൗനമാണ്. മാന്യമായി സംസാരിക്കുക. ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക. ആരാണ് അതിജീവിക്കാന്‍ പാടുപെടുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയില്ല എന്നായിരുന്നു വിദ്യയുടെ കുറിപ്പ്.

sowbhagya venkiteshs brother in law arun somasekharans wife vidhya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES