ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗമിനും സിനിമയില്‍ നിന്ന് വിലക്ക്. ഈ താരങ്ങളുമായി സഹകരിക്കില്ലെന്ന് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ യോഗത്തില്‍ തീരുമാനിച്ചു.ഇപ്പോള്‍ ഡബ്ബിംഗ് നടക്കുന്ന സിനിമകള്‍ ഇവര്‍ക്ക് പൂര്‍ത്തിയാക്കാം. പുതിയ സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സ്വന്തം തീരുമാനത്തില്‍ ഇവരെവച്ച് ചെയ്യാമെന്നും അതില്‍ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നും നിര്‍മ്മാതാവ് എം. രഞ്ജിത് പറഞ്ഞു.
ഇരുവരും ജോലി ചെയ്യുന്ന ചിത്രങ്ങളില്‍ സഹതാരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതിന്റെ ഭാഗമായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
രാസലഹരി ഉപയോഗിക്കുന്ന ഒരുപാടുപേര്‍ സിനിമിയിലുണ്ടെന്നും ഇതിനെ ശക്തമായി നിയന്ത്രിക്കുമെന്ന് രഞ്ജിത് പറഞ്ഞു. ഇവരുടെ പേരുകള്‍ സര്‍ക്കാരിന് കൈമാറും. സിനിമ മേഖലയെ നന്നാക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്ന് രഞ്ജിത് പറഞ്ഞു.
സിനിമ പകുതിയാകുമ്പോള്‍ തന്റെ പ്രാധാന്യം കുറഞ്ഞോ എന്നാണ് ഷെയ്ന്‍ നിഗമിന്റെ സംശയം. എഡിറ്റ് കാണാന്‍ ആവശ്യപ്പെടുന്നു. ഒരു സിനിമ സംഘടനകള്‍ക്കും സഹിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് ഷെയ്ന്‍ ചെയ്യുന്നത്. ശ്രീനാഥ് ഭാസി ഏതൊക്കെ സിനിമകളിലാണ് അഭിനയിക്കുന്നതെന്നും ആര്‍ക്കൊക്കെയാണ് ഒപ്പിട്ടു നല്‍കുന്നതെന്നും അദ്ദേഹത്തിനുപോലും അറിയില്ലെന്ന് രഞ്ജിത് പറഞ്ഞു.
അതേസമയം ഷെയ്ന്‍ നിഗം അമ്മ സംഘടനയില്‍ അംഗമാണ്. ശ്രീനാഥ് ഭാസി അംഗമല്ല.സോഫിയ പോള്‍ നിര്‍മിക്കുന്ന 'ആര്‍ഡിഎക്‌സ്' സിനിമയുടെ വച്ച് നടന്ന പ്രശ്‌നങ്ങളാണ് ഷെയ്‌നിന് വിനയായത്. ഷെയ്നിന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കാരണം ഷൂട്ടിങ് പലതവണ തടസപ്പെട്ടു. ഷൂട്ടിങ്ങിനിടെ നിരവധി വാക്കേറ്റങ്ങളും പ്രകടനങ്ങളും നടത്തിയ ഷെയ്ന്‍ നിഗം ആര്‍ഡിഎക്‌സ് ടീമിനോട് തനിക്ക് മറ്റു താരങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണമെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ഫെഫ്ക ഇടപെടുകയും എഡിറ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ കാണാന്‍ താരങ്ങള്‍ക്ക് അവകാശമില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു.