തമിഴിനും മലയാളത്തിനും ഒരുപോലെ പരിചിതനാണ് നടന്‍ രാജ് കിരണ്‍. ഇദ്ദേഹത്തിന്റെ മകള്‍ സീനത്ത് പ്രിയ സീരിയല്‍ നടന്‍ മുനിഷ്രാജയുമായി മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. രാജ് കിരണിന്റെ ഭാര്യ ജ്യോതിയ്ക്കെതിരെ, തന്റെ ജീവിതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു. ഇപ്പോളിതാ വിവാഹത്തിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രാജ് കിരണ്‍.
മുനിഷിന് പ്രിയയോട് സ്‌നേഹമില്ലെന്നും തന്റെ പ്രശസ്തി മുതലെടുത്ത് അവസരങ്ങള്‍ നേടാനും പണം തട്ടാനുമാണ് സോഷ്യല്‍ മീഡിയയിലൂടെ മകളുമായി ഇയാള്‍ ചങ്ങാത്തത്തിലായതെന്നും രാജ് കിരണ്‍ ആരോപിച്ചു. ടിപ്പു സുല്‍ത്താന്‍ എന്ന മകന്‍ മാത്രമാണ് തന്റെ ചോരയില്‍ പിറന്നതെന്നും പ്രിയ തന്റെ മകളല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. അവളെ വേദനിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇക്കാര്യം ഇതുവരെ വെളിപ്പെടുത്താത്തതെന്നും രാജ് കിരണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുനിഷുമായുള്ള വിവാഹത്തോടെ പ്രിയയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും, ഏതെങ്കിലും തരത്തില്‍ തന്റെ പേര് ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും രാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കി.
മുനിഷുമായി പ്രണയത്തിലാണെന്ന് പ്രിയ പറഞ്ഞപ്പോള്‍ തന്നെ അയാളെക്കുറിച്ച് അന്വേഷിച്ചെന്നും, വളരെ മോശം വിവരങ്ങളാണ് ലഭിച്ചതെന്നും രാജ് കിരണ്‍ പറഞ്ഞു. ഇക്കാര്യം അറിയിച്ചപ്പോള്‍ മറ്റൊരാളെ കണ്ടെത്താന്‍ പ്രിയ ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് കുടുംബസുഹൃത്തിനെ കാണാനെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങിയ പ്രിയ മുനിഷ് രാജയ്‌ക്കൊപ്പം ആന്ധ്രാപ്രദേശിലേയ്ക്ക് കടന്നത്.