തമിഴിന്റെ സൂപ്പര്‍താരം രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്തിന്റെ വിവാഹം മാസങ്ങള്‍ക്ക് മുമ്പാണ് ആഡംബരപൂര്‍ണമായി നടന്നത്. നടന്‍ രജനീകാന്തിനോടുള്ള ആദരവ് തമിഴ് മക്കള്‍ക്ക് സൗന്ദര്യയോടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ തമിഴകം ഒന്നടങ്കം സൗന്ദര്യക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സൗന്ദര്യ പങ്കുവച്ച മകനൊടൊപ്പമുള്ള ചിത്രം വന്‍ വിമര്‍ശനം നേരിട്ടതോടെ നടി തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
തമിഴ്‌നാട് മുമ്പെങ്ങുമില്ലാത്ത വരള്‍ച്ചാ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ദാഹജലം പോലും പലയിടങ്ങളിലും കിട്ടാക്കനിയായി മാറുമ്പോള്‍ സ്വിമ്മിങ്ങ് പൂളില്‍ മകനുമൊത്ത് അടിച്ചുപൊളിക്കുന്ന ചിത്രമാണ് സൗന്ദര്യ പങ്കുവച്ചത്. മകന്‍ വേദിനൊപ്പം സ്വിമ്മിങ് പൂളില്‍ ബിക്കിനി ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് താരപുത്രി പങ്കുവച്ചത്.
എന്നാല്‍ ചെന്നൈയില്‍ ഒരു തുള്ളി വെള്ളത്തിനായി പതിനായിരങ്ങള്‍ അലയുന്ന വേളയിലാണ് താരപുത്രി ചിത്രം പങ്കുവെച്ചതെന്നത് വന്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. പണക്കാരനും പാവപ്പെട്ടവനുമെന്ന വിവേചനത്തിനപ്പുറത്ത് നഗരവാസികള്‍ ഒന്നടങ്കം വെള്ളമില്ലാതെ വലയുമ്പോള്‍ മകന്‍ വേദുമായി ജലം തുളുമ്പി നില്‍ക്കുന്ന ഒരു സ്വിമ്മിങ് പൂളില്‍ നിന്നുള്ള ദൃശ്യം പോസ്റ്റ് ചെയ്താണ് സൗന്ദര്യ പണി ഇരന്നു വാങ്ങിയത്. പലരും സൗന്ദര്യയെ തെറിവിളിച്ച് രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതോടെ സൗന്ദര്യ തന്നെ ട്വീറ്റ് പിന്‍വക്കുകയായിരുന്നു.
ഒരാഴ്ചയ്ക്ക് മുമ്പായിരുന്നു സൗന്ദര്യ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ചെന്നൈയിലേക്ക് ജലം എത്തിച്ചിരുന്ന ജലസ്രോതസുകള്‍ വറ്റി വരണ്ടതിനെ തുടര്‍ന്ന ജലവിതരണം പോലും പരിമിതപ്പെട്ടിരിക്കുന്ന സാഹചര്യമാണ്. ഫോട്ടോ വലിയ വിവാദം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഫോട്ടോകള്‍ താന്‍ ഡിലീറ്റ് ചെയ്തതായി സൗന്ദര്യ തന്നെ വ്യക്തമാക്കുകയായിരുന്നു.
ചെന്നൈയിലെ വരള്‍ച്ചയ്ക്കിടയില്‍ ഫോട്ടോയിട്ടത് ശരിയായില്ല എന്നതില്‍ ഖേദിക്കുന്നെന്ന് താരം പറഞ്ഞു. കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ ശാരീരിക വ്യായാമങ്ങള്‍ എത്ര പ്രധാനമാണെന്ന് പറയാനാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. തന്റെ യാത്രകളുമായി ബന്ധപ്പെട്ടുള്ള പഴയ ശേഖരത്തില്‍ നിന്നുള്ള ഫോട്ടോയായിരുന്നു അത്. നല്ല ആശയത്തിലാണ് ഷെയര്‍ ചെയ്തതെങ്കിലും നാട് ജലദൗര്‍ലഭ്യം നേരിടുമ്പോള്‍ അത്തരം ചിത്രങ്ങള്‍ ശരിയായില്ലെന്ന് തിരിച്ചറിയുന്നതിനാല്‍ എടുത്തുമാറ്റിയെന്ന് താരം വ്യക്തമാക്കി.
ഇതിന് മുമ്പ് പുല്‍വാമ ആക്രമണത്തില്‍ നിരവധി സൈനികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഹണിമൂണ്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും സൗന്ദര്യ വെട്ടിലായിട്ടും. അന്നും പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരപുത്രി ക്ഷമ ചോദിച്ചിരുന്നു.