Latest News

പൊളിച്ചടുക്കാന്‍ ടൊവിനോ മച്ചാന്‍ വീണ്ടും; കാണികളെ കോരിത്തരിപ്പിക്കാന്‍ കിടിലന്‍ ആക്ഷന്‍ സീനുകള്‍; മധുപാല്‍ വീണ്ടും സംവിധായക കുപ്പായം അണിയുമ്പോള്‍ പ്രതീക്ഷകള്‍ വാനോളം

Malayalilife
topbanner
പൊളിച്ചടുക്കാന്‍ ടൊവിനോ മച്ചാന്‍ വീണ്ടും; കാണികളെ കോരിത്തരിപ്പിക്കാന്‍ കിടിലന്‍ ആക്ഷന്‍ സീനുകള്‍; മധുപാല്‍ വീണ്ടും സംവിധായക കുപ്പായം അണിയുമ്പോള്‍ പ്രതീക്ഷകള്‍ വാനോളം

തൊട്ടതെല്ലാം പൊന്നാക്കുന്ന നടനായി മാറിയ ടോവിനോ തോമസിന്റെ പുത്തന്‍ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍' തിയേറ്ററുകളിലേക്ക് നവംബര്‍ 9ന് എത്തും. മായാനദിക്കും തീവണ്ടിക്കും ശേഷം അടുത്തതെന്ത് എന്ന് മിഴിനട്ടിരിക്കുന്ന പ്രേക്ഷകരിലേക്ക് സംവിധായകന്‍ മധുപാല്‍ ആണ് അജയന്‍ എന്ന കഥാപാത്രവുമായി എത്തുന്നത്. 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന ടൈറ്റില്‍ മുതല്‍ ആരംഭിക്കുന്ന കൗതുകവും ആകാംക്ഷയും സിനിമയിലുടനീളം നിലനിര്‍ത്താനുള്ള ചേരുവകള്‍ തിരക്കഥയില്‍ ഒളിപ്പിച്ചിരിക്കുന്നത് നവാഗതനായ ജീവന്‍ ജോബ് തോമസാണ്. പൂര്‍ണ്ണമായും വൈക്കം പശ്ചാത്തലമായി ചിത്രീകരിച്ച ചിത്രത്തിലെ നാട്ടിന്‍പുറത്തുകാരന്‍ കഥാപാത്രമായാണ് ടോവിനോ എത്തുന്നത്. ആക്ഷനും പ്രണയവും ഉദ്വേഗം ജനിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളുമായിട്ടാണ് ചിത്രം എത്തുന്നത്.

സൂപ്പര്‍ ഹിറ്റുകളായ മായാനദിയിലും തീവണ്ടിയിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട ടോവിനോയുടെ റൊമാന്‍സ് ഈ ചിത്രത്തിലുമുണ്ട്. വളരെ തന്മയത്വത്തോടെ നായികമാരുമായി സ്‌ക്രീനില്‍ പ്രണയം സാക്ഷാത്കരിക്കാനുള്ള വൈഭവത്തെ ചെറുപ്പക്കാര്‍ ആഘോഷമാക്കിയിരുന്നു. ചുംബന രംഗങ്ങളില്‍ മലയാളത്തിന്റെ ഇമ്രാന്‍ ഹഷ്മി ആയിട്ടുപോലും വാഴ്ത്തപ്പെട്ട ടോവിനോ ഇത്തവണ പ്രണയിച്ചു തകര്‍ക്കാന്‍ പോകുന്നത് മലയാളത്തിന്റെ പുതിയ നായികാവസന്തം അനു സിതാരയുമായിട്ടാണ്. പ്രേക്ഷകരെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രണയരംഗങ്ങളാല്‍ സമ്പന്നമാണ് 'ഒരു കുപ്രസിദ്ധ പയ്യനും'.

തലപ്പാവ്, ഒഴിമുറി എന്ന ആദ്യ രണ്ടു ചിത്രങ്ങള്‍ കൊണ്ട് മലയാളത്തിന്റെ ക്ലാസ് സംവിധായകരുടെ പട്ടികയില്‍ ഇടം നേടിയ സംവിധായകന്‍ മധുപാല്‍ ഇത്തവണ മാസ്സാകാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ഒരു കുപ്രസിദ്ധ പയ്യനിലൂടെ. ചെറുപ്പക്കാരെയും ഫാമിലിയേയും ഒരുപോലെ തിയേറ്ററിലേക്ക് ആഘോഷിക്കുന്ന ഘടകങ്ങള്‍ എല്ലാം തന്നെ കുപ്രസിദ്ധ പയ്യനിലുണ്ട്. ഒരു നാട്ടിന്‍പുറവും അവിടെ യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളുമായി പുരോഗമിക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ തന്മയത്വത്തോടെ ചെയ്യാനുള്ള ടോവിനോയുടെ കഴിവിനേയും പരമാവധി ഉപയോഗിച്ചിട്ടുണ്ട്.

ടോവിനോയുടെ കരിയര്‍ ബെസ്റ്റ് പ്രകടനവുമായിട്ടാണ് കുപ്രസിദ്ധ പയ്യനിലെ ആക്ഷന്‍ സീക്വന്‍സുകള്‍ എത്തുന്നതെന്നാണ് സൂചന. സൗത്ത് ഇന്ത്യയുടെ പീറ്റര്‍ ഹെയ്ന്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖരനും മലയാളത്തിന്റെ സ്വന്തം മാഫിയ ശശിയുമാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു പോത്തുമായുമായി   ടോവിനോയുടെ ഫൈറ്റ് ആണ് മുഖ്യ ആകര്‍ഷണം. വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് പൂര്‍ത്തിയാക്കിയ ആ രംഗം അണിയറപ്രവര്‍ത്തകരുടെ മുക്തകണ്ഠമായ പ്രശംസ ടോവിനോയ്ക്ക് നേടിക്കൊടുത്തു. മറ്റൊരു സംഘട്ടന രംഗം ചിത്രീകരിക്കാന്‍ മുപ്പത് മിനിറ്റുകളോളമാണ് ടോവിനോ തലകീഴായി തൂങ്ങി കിടന്നത്. ചിത്രത്തിന് വേണ്ടി ടോവിനോ എടുത്ത ശ്രമങ്ങളെ സംവിധായകന്‍ മധുപാലും വളരെയധികം പ്രശംസിച്ചിരുന്നു. ആ രംഗങ്ങളുടെ തീവ്രത തിയേറ്റര്‍ സ്‌ക്രീനില്‍ തന്നെ കാണുമ്പോഴാണ് അതിന്റെ പൂര്‍ണ്ണതയില്‍ ഉള്ള കാഴ്ച സാധ്യമാകുക എന്നും അദ്ദേഹം പറയുന്നു.

വി സിനിമാസിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ ചിത്രം പൂര്‍ണ്ണമായും വൈക്കം പശ്ചാത്തലമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വൈക്കത്തിന്റെ ഗ്രാമഭംഗി ചോരാതെ ഒപ്പിയെടുത്തിരിക്കുന്നത് ഛായാഗ്രാഹകന്‍ നൗഷാദ് ഷരീഫാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം വീണ്ടും വൈക്കം പശ്ചാത്തലമായി വരുമ്പോള്‍ പക്ഷേ കാഴ്ചകള്‍ ഏറെ വ്യത്യസ്തമാണ്.

മലയാളത്തിലെ ശ്രദ്ധേയനായ ശാസ്ത്ര എഴുത്തുകാരനായ ജീവന്‍ ജോബ് തോമസ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് കുപ്രസിദ്ധ പയ്യന്‍. നിലവിലെ വാണിജ്യസിനിമയുടെ പള്‍സ് അറിഞ്ഞ എഴുത്ത് എന്നാണ് ജീവന്റെ തിരക്കഥയെ സംവിധായകന്‍ മധുപാല്‍ പോലും വിശേഷിപ്പിച്ചത്. ഉദ്വേഗം ഉണര്‍ത്തുന്ന കഥാപുരോഗതിയോടെ ആവിഷ്‌കാരത്തിലും പശ്ചാത്തലത്തിലും പുതുമ നിറഞ്ഞ ചിത്രം പ്രേക്ഷകരുടെ ഇഷ്ട ചെരുവകളാല്‍ സമ്പന്നമാണ്. തിരക്കഥാമേഖലയില്‍ നിലയുറപ്പിക്കാന്‍ ജീവന്‍ ജോബ് തോമസിന് ചിത്രമൊരു മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി ശരണ്യ പൊന്‍വണ്ണന്‍ വീണ്ടും മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ടോവിനോ തോമസിനൊപ്പം തുല്യ പ്രാധാന്യമുള്ള റോളില്‍ ശരണ്യ തിരിച്ചുവരവ് ഗംഭീരമാക്കിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ ഭാഗമായവരെല്ലാം പറയുന്നത്. ശരണ്യ ഏറ്റവുമൊടുവില്‍ വേഷമിട്ട മലയാള ചിത്രം കലാഭവന്‍ മണി നായകനായ പുള്ളിമാന്‍ ആയിരുന്നു.

ഒരിടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി ചലച്ചിത്ര ഗാനരചന നിര്‍വ്വഹിക്കുന്നു എന്ന സവിശേഷതയും കൂടി 'ഒരു കുപ്രസിദ്ധ പയ്യ'നിലെ ഗാനങ്ങള്‍ക്കുണ്ട്. ശ്രീകുമാരന്‍ തമ്പി എഴുതി ഔസേപ്പച്ചന്‍ ഈണമിട്ട മൂന്ന് ഗാനങ്ങള്‍ ആണ് ചിത്രത്തില്‍ ഉള്ളത്. ദേവാനന്ദ്, സുദീപ്, രാജലക്ഷ്മി, റിമി ടോമി, ആദര്‍ശ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ യൂട്യൂബില്‍ തരംഗമാണ്. ടോവിനോ തോമസ് എന്ന നടന് ഒരുപക്ഷേ അടുത്ത കാലത്ത് ലഭിച്ച ഏറ്റവും വലിയ അഭിനന്ദനവും പാരിതോഷികവുമായിരുന്നു കുപ്രസിദ്ധ പയ്യന്റെ ഓഡിയോ റിലീസ് ചടങ്ങില്‍ വച്ച് ശ്രീകുമാരന്‍ തമ്പി പറഞ്ഞ വാക്കുകള്‍. നാളുകള്‍ക്ക് ശേഷം വീണ്ടും ചലച്ചിത്ര ഗാനരചനയിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ച് സംസാരിച്ചതിന് ശേഷം സദസ്സിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ശ്രീകുമാരന്‍ തമ്പി അദ്ദേഹം ടോവിനോ തോമസ് എന്ന നടന്റെ ആരാധകന്‍ ആണെന്ന് അറിയിച്ചിരുന്നു.

ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ റിലീസോട് കൂടി രണ്ടായിരത്തി പതിനെട്ട് ടോവിനോ തോമസ് എന്ന നടന്റെ പേരില്‍ കുറിച്ച് വയ്ക്കപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് ചിത്രത്തിലെ ടോവിനോയുടെ പ്രകടനം കണ്ടവരെല്ലാം ഒരുപോലെ വിലയിരുത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും പ്രകടനസാധ്യതയുമാണ് ചിത്രത്തിലൂടെ ടോവിനോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത്രയേറെ ശ്രമപ്പെട്ടും അധ്വാനിച്ചും മറ്റൊരു കഥാപാത്രവും ചെയ്യേണ്ടി വന്നിട്ടില്ലെന്ന് പറയുമ്പോഴും തന്റെ കഥാപാത്രത്തിലും പ്രകടനത്തിലും ടോവിനോ തൃപ്തനുമാണ്. ഡ്യൂപ്പില്ലാതെയാണ് കാളയുമായുള്ള ഏറ്റുമുട്ടല്‍ ഉള്‍പ്പെടെ മുഴുവന്‍ സംഘട്ടനരംഗങ്ങളും പൂര്‍ത്തിയാക്കിയത്. ചിത്രീകരണത്തിനിടയില്‍ പരിക്കുകള്‍ അലട്ടിയപ്പോഴും ഉത്സാഹം ചോരാതെ ബ്രേക്കുകള്‍ എടുക്കാതെ ടോവിനോ പയ്യനെ പൂര്‍ണ്ണതയില്‍ എത്തിച്ചു.

ചിത്രത്തില്‍ ടോവിനോ തോമസിനൊപ്പം നായികമാരായി എത്തുന്നത് അനു സിതാരയും നിമിഷ സജയനുമാണ്. ചുരുങ്ങിയ കാലം കൊണ്ട് തങ്ങളുടെ പേരുകള്‍ മലയാള സിനിമയില്‍ പതിപ്പിക്കാന്‍ സാധിച്ചവരാണ് ഇരുവരും. മലയാളത്തനിമയുള്ള നാട്ടിന്‍പുറത്തുകാരിയായി അനു എത്തുമ്പോള്‍ ഒരു അഡ്വക്കേറ്റിന്റെ വേഷത്തിലാണ് നിമിഷ എത്തുന്നത്.

നെടുമുടി വേണു, സിദ്ധിക്ക്, അലന്‍സിയര്‍ എന്നിങ്ങനെ വമ്പന്‍ താരനിരയും പ്രധാന താരങ്ങള്‍ക്കൊപ്പം അണിചേരുന്നുണ്ട്. കുടുംബവുമൊത്ത് കാണാവുന്ന ഒരു മാസ് എന്റര്‍ടൈനല്‍ കൂടിയാണ് ചിത്രം.

Oru Kuprasidha Payyan movie Starring Tovino Thomas

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES