സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് നടി രേണുക ഷഹാനെ നടത്തിയ വെളിപ്പെടുത്തല്‍ സിനിമാ ലോകത്ത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് 'ഹം ആപ്‌കെ ഹേ കോന്‍', 'ത്രിഭംഗ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ രേണുക തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. ഒരു പ്രമുഖ നിര്‍മ്മാതാവ് വീട്ടിലെത്തി തനിക്ക് മുന്നില്‍ വെച്ച പ്രലോഭനത്തെക്കുറിച്ചാണ് രേണുക വിവരിച്ചത്.
വിവാഹിതനായിരുന്നിട്ടും, ഒരു സാരി കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറാക്കാമെന്നും, കൂടാതെ തന്നോടൊപ്പം ജീവിക്കുന്നതിനായി എല്ലാ മാസവും സ്‌റ്റൈപ്പെന്‍ഡ് നല്‍കാമെന്നുമായിരുന്നു നിര്‍മ്മാതാവിന്റെ വാഗ്ദാനം. ഈ വാഗ്ദാനം കേട്ട് ഞെട്ടിപ്പോയെന്നും, അത് നിരസിച്ചപ്പോള്‍ ആ നിര്‍മ്മാതാവ് മറ്റൊരാളെ സമീപിക്കുകയായിരുന്നു എന്നും നടി വെളിപ്പെടുത്തി. ഇത്തരം മോശം സമീപനങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് രേണുക കൂട്ടിച്ചേര്‍ത്തു.
സിനിമാരംഗത്ത് ഇത്തരം അനുഭവങ്ങള്‍ നേരിട്ടവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും, പലപ്പോഴും ആരോപണവിധേയര്‍ക്ക് തിരിച്ചുവരാന്‍ അവസരം ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ശക്തരായ ആളുകള്‍ക്ക് എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്താനും, സിനിമകളില്‍ നിന്ന് ഒഴിവാക്കാനും സാധിക്കുമെന്നും, ചിലപ്പോള്‍ ജോലിക്കുള്ള പ്രതിഫലം പോലും നിഷേധിക്കുമെന്നും രേണുക കൂട്ടിച്ചേര്‍ത്തു. ഔട്ട്ഡോര്‍ ഷൂട്ടിംഗിനിടെ ഏത് മുറിയിലാണ് താമസിക്കുന്നതെന്ന് ആര്‍ക്കും അറിയാതിരിക്കാനായി എല്ലാ ദിവസവും മുറികള്‍ മാറുമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി