ചതിക്കുഴികളും കാസ്റ്റിങ്ങ് കൗച്ചുമെല്ലാം നിറഞ്ഞതാണ് സിനിമയെന്ന വെളിപ്പെടുത്തലുകള്‍ പലവട്ടം പുറത്തുവന്നിട്ടുണ്ട്. വ്യക്തമായി അറിയാതെ നടിയാകാന്‍ ഇറങ്ങിപുറപെട്ട് ജീവിതം നഷ്ടപെട്ടുപോയവരും നിരവധിയാണ്. പഴയ കാലത്ത് മാത്രമല്ല ഇപ്പോഴും ഇങ്ങനെയൊക്കെ സിനിമയിലുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു നടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്. താന്‍ അഭിനയിച്ച സിനിമയിലെ രംഗം യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിപ്പിച്ചുവെന്ന് പറഞ്ഞ് നിയമ വിദ്യാര്‍ഥിനിയും നടിയുമായ സോന എം എബ്രഹാം എന്ന പെണ്‍കുട്ടിയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'റെഫ്യൂസ് ദ അബ്യൂസ്' എന്ന കാമ്പെയിന്റെ ഭാഗമായാണ് സോനയുടെ വെളിപ്പെടുത്തല്‍.
കാതല്‍ സന്ധ്യയും മുകേഷും നായികാനായകന്‍മാരായ ഫോര്‍ സെയില്‍ എന്ന ചിത്രത്തിലാണ് സോന 14ാം വയസില്‍ അഭിനയിച്ചത്. 2013ലായിരുന്നു ഇത്. എന്നാല്‍ അതില്‍ അഭിനയിച്ച ചില രംഗങ്ങള്‍ ഒടുവില്‍ പോണ്‍ സൈറ്റിലാണ് എത്തപ്പെട്ടത്. ആ സിനിമയില്‍ അഭിനയിച്ചതിലൂടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടു. പക്ഷേ അത് ചെയ്തില്ല. വിഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും ഞാനും കുടുംബവും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്പോണ്‍സ് ഉണ്ടായിട്ടില്ല എന്നും സോന പറയുന്നു.
സോനയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ഫോര്‍ സെയിലിന്റെ പ്രമേയത്തെക്കുറിച്ച് ഇന്നാലോചിക്കുമ്പോള്‍ അതില്‍ അഭിനയിച്ചെന്നത് വളരെയധികം ഭീതിപ്പെടുത്തുന്ന ഒന്നാണ്. ചിത്രം സംവിധാനം ചെയ്തത് സതീഷ് അനന്തപുരിയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ കടവേലി. സ്ത്രീവിരുദ്ധത നിറഞ്ഞതും അതിനെ ഗ്ലോറിഫൈ ചെയ്യുന്നതുമായിരുന്നു ചിത്രം. സഹോദരി നശിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യചെയ്യുന്ന നായികയുടെ വേഷം കാതല്‍ സന്ധ്യയാണ് ചെയ്തത്.
സിനിമയില്‍ അനുജത്തിയുടെ കഥാപാത്രം ഞാനാണ് അവതരിപ്പിച്ചത്. അതില്‍ അഭിനയിച്ചതിലൂടെ പക്ഷേ ഞാനാണ് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടത്. പക്ഷേ അത് ചെയ്തില്ല. അതിന് തെളിവാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ചിത്രത്തിന്റെ കഥാഗതി അങ്ങനെയായതിനാല്‍ അനുജത്തി നശിപ്പിക്കപ്പെടുന്ന വിഡിയോ ഷൂട്ട് ചെയ്യണമെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
അന്ന് എനിക്ക് 14 വയസ്സാണ്. 150 പേരോളമുള്ള സെറ്റില്‍ അത് ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞു. എന്തുതരം സിനിമയിലാണ്, എന്ത് സീനിലാണ് അഭിനയിക്കുന്നത്, അതിലൂടെ ഈ സമൂഹത്തോട് എന്താണ് പറയുന്നത് എന്നുപോലും തിരിച്ചറിയാനാകാത്ത പ്രായമാണ്. ഒടുവില്‍ ആ രംഗം സംവിധായകന്റെ കലൂരിലെ ഓഫീസിലാണ് ചിത്രീകരിച്ചത്. എന്റെ മാതാപിതാക്കളും കുറച്ചുമാത്രം അണിയറപ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. അതിനുശേഷം പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് ഞാന്‍ നോര്‍മല്‍ ലൈഫിലേക്ക് മടങ്ങി. എന്നാല്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ സീന്‍ യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിച്ചു. അത്തരം ഒരനുഭവം ലോവര്‍ മിഡില്‍ ക്ലാസില്‍പ്പെടുന്ന തന്റെ കുടുംബത്തിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു.
സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരൊക്കെ സംശയത്തോടെ നോക്കുന്നു. വീട്ടുകാര്‍ക്ക് വളരെ സ്നേഹവും എന്റെ കഴിവില്‍ നല്ല വിശ്വാസവുമുണ്ട്. എന്നാല്‍ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പേടിയാണ്. സമൂഹത്തില്‍ നിന്ന് അത്രയും കുത്തുവാക്കുകള്‍ ഏറ്റുകൊണ്ടിരിക്കുകയാണ്. എന്തിനാണ് നാണംകെട്ട് ജീവിക്കുന്നത് എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. എനിക്ക് എന്തോ വലിയ കുറവുണ്ടെന്ന രീതിയിലാണ് ആളുകള്‍ നോക്കുന്നത്. അധ്യാപകരുടെ നോട്ടം പോലും വേദനിപ്പിച്ചു.
അങ്ങനെയുള്ള ചേട്ടന്‍മാരോട് ഒരു കാര്യമേ പറയാനുള്ളൂ. ചേട്ടന്‍മാരേ, ഞാന്‍ ഇപ്പോഴും ജീവനോടെയുണ്ട്. എനിക്ക് ഒന്നും നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. എന്നെക്കാള്‍ ദുഖം നിങ്ങള്‍ക്കാണ്. എനിക്ക് എന്തോ കുറവുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് എന്റെ ബന്ധുക്കള്‍ പോലും ശ്രമിച്ചത്. വിഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും ഞാനും കുടുംബവും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്പോണ്‍സ് ഉണ്ടായിട്ടില്ല. സിനിമയുടെ നിര്‍മാതാവ്, സംവിധായകകന്‍, എഡിറ്റര്‍ക്കും മാത്രം ലഭ്യമായ രംഗം എങ്ങനെ പോണ്‍സൈറ്റിലെത്തി എന്ന് അന്വേഷിക്കാന്‍ പോലും പൊലീസ് തയാറായില്ലെന്ന് സോന പറയുന്നു. അമ്മയില്‍ നിന്ന് രാജിവച്ച് പാര്‍വതിയോട് ബഹുമാനമുണ്ടെന്നും സോന പറയുന്നുണ്ട്. ഇടവേള ബാബുവിനെ പോലുള്ളവരാണ് സിനിമക്ക് ചീത്തപ്പേരുണ്ടാക്കുന്നതെന്നും സ്ത്രീകള്‍ ഒരു കച്ചവട വസ്തുവാണെന്ന രീതിയില്‍ ധാരണ സൃഷ്ടിച്ചത് നിങ്ങളെപ്പോലുള്ളവരാണെന്നും വിഡിയോയില്‍ സോന പറയുന്നു.
ആറേഴ് വര്‍ഷായി ഓണ്‍ലൈന്‍ അധിക്ഷേപം നേരിടുന്ന ഒരാളാണ് ഞാന്‍. നിങ്ങളെ എനിക്ക് പേടിയില്ലെന്നാണ് പറയാനുള്ളത്. അത് എന്നെ എത്രമാത്രം ദുര്‍ബലയാക്കിയോ അത്രമാത്രം ശക്തയുമാക്കി. വ്യക്തി എന്ന നിലയില്‍ അതൊക്കെ എന്നെ വളര്‍ത്തി. അതിന്റെ ഡിപ്രഷനില്‍ നിന്ന് പൂര്‍ണമായും മോചിതയായിട്ടില്ല. ഇതൊരു തരത്തില്‍ സെല്‍ഫ് മോട്ടിവേഷനാണ് ഞാന്‍ ചെയ്യുന്നത്. എനിക്ക് ധൈര്യമില്ലായിരുന്നു ഇത്രയും കാലം പറയാന്‍. അധിക്ഷേപങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് പറഞ്ഞാണ് സോനയുടെ വിഡിയോ അവസാനിപ്പിക്കുന്നത്.