Latest News

പ്രൊഫഷണല്‍ ബാലെറ്റ് നര്‍ത്തകി, ആയോധന കലകളില്‍ പ്രാവീണ്യം; ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളില്‍ പ്രശംസ നേടിയ പ്രകടനങ്ങള്‍; ഗീതു മോഹന്‍ദാസ് ചിത്രം'ടോക്‌സിക്' ടീസറിലെ സുന്ദരിയെ തിരഞ്ഞ് ആരാധകര്‍; ഗൂഗിള്‍ ട്രെന്‍ഡിങ് ലിസ്റ്റിലും തരംഗമായ യുക്രേനിയന്‍-അമേരിക്കന്‍ താരം നതാലി ബേണിനെ അറിയാം

Malayalilife
 പ്രൊഫഷണല്‍ ബാലെറ്റ് നര്‍ത്തകി, ആയോധന കലകളില്‍ പ്രാവീണ്യം; ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളില്‍ പ്രശംസ നേടിയ പ്രകടനങ്ങള്‍; ഗീതു മോഹന്‍ദാസ് ചിത്രം'ടോക്‌സിക്' ടീസറിലെ സുന്ദരിയെ തിരഞ്ഞ് ആരാധകര്‍; ഗൂഗിള്‍ ട്രെന്‍ഡിങ് ലിസ്റ്റിലും തരംഗമായ യുക്രേനിയന്‍-അമേരിക്കന്‍ താരം നതാലി ബേണിനെ അറിയാം

യാഷ് നായകനാകുന്ന 'ടോക്‌സിക്' എന്ന ചിത്രത്തിന്റെ ടീസറില്‍ ഉള്‍പ്പെട്ട 'ബോള്‍ഡ്' രംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. വിവാദങ്ങളും ചര്‍ച്ചകളും കനക്കവേ ആരാധകര്‍ തിരയുന്ന മറ്റൊരു വ്യക്തികൂടിയുണ്ട്, യാഷിനൊപ്പം ടീസറില്‍ പ്രത്യക്ഷപ്പെട്ട നടി. യുക്രേനിയന്‍-അമേരിക്കന്‍ താരമായ നതാലി ബേണ്‍ ആണ് ഇപ്പോള്‍ ഗൂഗിള്‍ ട്രെന്‍ഡിങ് ലിസ്റ്റിലും താരമായിരിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' നതാലിയുടെ ഇന്ത്യന്‍ അരങ്ങേറ്റ ചിത്രമാണ്.

നടന്‍, മോഡല്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തയായ നതാലി ബേണ്‍ 2006 മുതല്‍ സിനിമാ മേഖലയിലും മോഡലിംഗിലും സജീവമാണ്. 'ദ എക്‌സ്പന്‍ഡബിള്‍ 3', 'ദ കംബാക്ക് ട്രെയില്‍', 'ടില്‍ ഡെത്ത് ഡു അസ് പാര്‍ട്ട്', 'ദ ലാസ്റ്റ് റിഡംപ്ഷന്‍', 'ഐസ് ഇന്‍ ദി ട്രീസ്' എന്നിവയുള്‍പ്പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. '7 ഹെവന്‍ പ്രൊഡക്ഷന്‍സ്' എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനിയുടെ ഉടമകൂടിയാണ് നതാലി. പ്രൊഫഷണല്‍ ബാലെറ്റ് നര്‍ത്തകിയും ആയോധനകലകളില്‍ പ്രാവീണ്യമുള്ളയാളുമായ അവരുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളിലെ പ്രകടനം ആരാധകര്‍ക്കിടയില്‍ പ്രശംസ നേടിയിട്ടുണ്ട്.

യാഷിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് 'ടോക്‌സിക്കിന്റെ' ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആക്ഷനും മാസ് രംഗങ്ങള്‍ക്കുമൊപ്പം 'ഹോട്ട്' ദൃശ്യങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്മശാനത്തിലെ നിശ്ശബ്ദതയില്‍ ആരംഭിച്ച് വെടിവെയ്പ്പിലേക്കും ആക്രമണങ്ങളിലേക്കും നീങ്ങുന്ന ടീസറിലെ ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സംവിധായക ഗീതു മോഹന്‍ദാസിനെതിരെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഈ രംഗങ്ങളിലാണ് നതാലി ബേണ്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്.

'കെജിഎഫ് 2' എന്ന ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം നാല് വര്‍ഷങ്ങള്‍ക്കിപ്പുറം യഷ് നായകനായി എത്തുന്ന ചിത്രമാണിത്. 'മൂത്തോന്‍' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മാര്‍ച്ച് 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Read more topics: # ടോക്‌സിക്'
Who is Natalie Burn

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES