സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് മോഡലിങ് രംഗത്തെ പ്രമുഖന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി നടിയും മോഡലുമായി ആകാന്‍ഷ ചൗധരി. നെറ്റ്ഫ്ളിക്സ് ഷോയായ 'ലോക് അപ്പിലാണ്' താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. പ്രമുഖ മോഡലിങ് താരം കൂടിയായ വ്യക്തിയാണ് ഇതിന് പിന്നിലെന്നും എന്നാല്‍ അയാളുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അകാന്‍ഷ വ്യക്തമാക്കി.
സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു സമയത്തായിരുന്നു തനിക്ക് ദുരനുഭവമുണ്ടായതെന്ന് ആകാന്‍ഷ ചൗധരി പറയുന്നു. ''മത്സരത്തിനായി എനിക്ക് ഒന്നോ രണ്ടോ ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. ആഭരണങ്ങള്‍ വാങ്ങാനും ട്രെയ്നിങിനും മറ്റുമൊക്കെയായായിരുന്നു അത്. എന്നാല്‍ ആ സമയത്ത് വീട്ടില്‍ പണമുണ്ടായിരുന്നില്ല. അച്ഛന്റേയും അമ്മയുടേയും പക്കല്‍ അത്രയൊന്നും പണം ഉണ്ടായിരുന്നില്ല. ആ സമയത്താണ് എനിക്ക് പരിചയമുള്ള വലിയൊരു വ്യക്തിയെക്കുറിച്ച് ഓര്‍മ്മവന്നത്. അയാളുടെ പേര് ഞാന്‍ പറയുന്നില്ല, എങ്കിലും മോഡലിങ് രംഗത്തെ വളരെ വലിയൊരു വ്യക്തിയാണത്. മുമ്പും അദ്ദേഹം ഞങ്ങളുടെ മത്സരങ്ങളില്‍ വിധികര്‍ത്താവായി വന്നിട്ടുണ്ട്.'' ആകാന്‍ഷ ചൗധരി പറഞ്ഞു.
മുമ്പും ഒരുപാട് പേരെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടായിരുന്നതിനാല്‍ താന്‍ ആ വ്യക്തിയെ സമീപിച്ചതായി താരം പറഞ്ഞു. രണ്ട് മാസത്തേക്ക്, തന്നെ സാമ്പത്തികമായി സഹായിക്കണമെന്നും, പകരം ആ വ്യക്തിയുടെ ജോലിയില്‍ സഹായിക്കാമെന്നും പറഞ്ഞതായി താരം കൂട്ടിച്ചേര്‍ത്തു. ''എനിക്ക് എഞ്ചിനീയറിങ് ഡിഗ്രിയും മികച്ച സ്പിക്കിങ് സ്‌കില്‍സുമൊക്കെയുണ്ട്. ഒന്ന് രണ്ട് മാസം നിങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തു. ഇതുകേട്ട അദ്ദേഹം എന്നെ സഹായിക്കാമെന്ന് സമ്മതിക്കുകയും വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.''
''അതാദ്യമായിട്ടല്ല ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുന്നത്. മുമ്പ് സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും കൂടെ ഞാന്‍ അവിടെ പോയിട്ടുണ്ട്. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാല്‍ അദ്ദേഹം എന്നെ കെട്ടിപ്പിടിക്കാനായി വരുന്നതുപോലെ അടുത്തെത്തുകയും തുടര്‍ന്ന് നെഞ്ചില്‍ പിടിച്ച് തള്ളുകയും കടന്നുപിടിക്കുകയും ചെയ്തു. അയാള്‍ കൈ മാറ്റാന്‍ തയ്യാറായില്ല. അദ്ദേഹത്തിന് നല്ല പ്രായമുണ്ടായിരുന്നു. ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് തള്ളിമാറ്റി.''
തുടര്‍ന്ന് അയാള്‍ പറഞ്ഞത് എന്നെ ഞെട്ടിക്കുന്നതായിരുന്നു. 'നിനക്ക് എന്നെ തേടി വരാന്‍ ഒരു കൊല്ലം വേണ്ടി വന്നു. നേരത്തെ വന്നിരുന്നുവെങ്കില്‍ നീ ഇന്ന് എവിടെ എത്തുമായിരുന്നുവെന്ന് നോക്കൂ. എങ്കിലും ഇപ്പോഴെങ്കിലും വന്നല്ലോ, നിനക്ക് ഞാന്‍ ആ പണം തരാം. പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം' എന്നായിരുന്നു അയാള്‍ ആവശ്യപ്പെട്ടത്. മാസത്തില്‍ അഞ്ചോ ആറോ തവണ എന്റെ കൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് പറഞ്ഞ് അയാള്‍ കൃത്യമായ ഒരു ടൈം ലൈനും എനിക്ക് തന്നു.'' ഇക്കാര്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും, അറിഞ്ഞിരുന്നെങ്കില്‍ സഹായം ചോദിച്ച് വരില്ലായിരുന്നുവെന്നും മറുപടി പറഞ്ഞതായി ആകാന്‍ഷ പറഞ്ഞു.
എന്നാല്‍ 'നിന്റെ ചിന്താഗതി ഒക്കെ ഇനിയെങ്കിലും മാറിയിട്ടുണ്ടാകുമെന്നാണ് കരുതിയത്, രണ്ട് വര്‍ഷം കഴിയുമ്പോള്‍ നിനക്ക് ഇതില്‍ കുറ്റബോധമുണ്ടാകും നോക്കിക്കോ' എന്നായിരുന്നു അയാളുടെ ഭീഷണി. ഇതൊന്നും ചെയ്യാതെ ഈ ഇന്‍ഡസ്ട്രിയില്‍ ഒന്നും നേടാനാകില്ലെന്നും, നീയൊരു 'നോബഡി' ആണെന്നും അയാള്‍ അപമാനിച്ചു.''
ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് താന്‍ ഇന്ന് മുന്നോട്ട് പോയതെന്നും ആകാന്‍ഷ പറയുന്നു. ആ സംഭവത്തിന് ആറ് മാസത്തിന് ശേഷം താനൊരു വലിയ ഷോയുടെ ഭാഗമായി മാറി. ഇപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളില്‍ ഒന്നിന്റെ ഭാഗമായി നില്‍ക്കാന്‍ എനിക്ക് സാധിച്ചിരിക്കുന്നുവെന്നും താരം അഭിമാനത്തോടെ വ്യക്തമാക്കി.