Latest News

മദ്യപിച്ച് വണ്ടിയുടെ സ്റ്റിയറിങ്ങില്‍ തൊട്ടത് തെറ്റാണെന്ന് തുറന്ന് പറഞ്ഞത് കുറ്റസമ്മതമായി; മാധ്യമങ്ങളെ അധിക്ഷേപിച്ച് പെറ്റി മാത്രം എന്ന് സ്ഥാപിക്കാന്‍ ശ്രമം: സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' വ്ലോഗര്‍ക്ക് എം.വി.ഡിയുടെ പ്രഹരം; ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി 

Malayalilife
മദ്യപിച്ച് വണ്ടിയുടെ സ്റ്റിയറിങ്ങില്‍ തൊട്ടത് തെറ്റാണെന്ന് തുറന്ന് പറഞ്ഞത് കുറ്റസമ്മതമായി; മാധ്യമങ്ങളെ അധിക്ഷേപിച്ച് പെറ്റി മാത്രം എന്ന് സ്ഥാപിക്കാന്‍ ശ്രമം: സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' വ്ലോഗര്‍ക്ക് എം.വി.ഡിയുടെ പ്രഹരം; ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി 

മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടി നാട്ടുകാരുടെയും പോലീസിന്റെയും കണ്ണുതള്ളിച്ച സംഭവത്തില്‍ മാധ്യമങ്ങളെ പരിഹസിക്കുകയും തെറ്റ് ലഘൂകരിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രശസ്ത യൂട്യൂബര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ കനത്ത പ്രഹരം. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' എന്ന എസ്.ആര്‍. ധന്യയ്ക്കാണ് എം.വി.ഡി നിര്‍ണ്ണായക തിരിച്ചടി നല്‍കിയത്. മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച കേസില്‍ ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. 

വെറുമൊരു സാധാരണ പെറ്റി അടച്ച് ഊരിപ്പോരാവുന്ന കേസേയുള്ളൂ എന്ന് വരുത്തിത്തീര്‍ക്കാനും, വാസ്തവങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെയും വിമര്‍ശകരെയും അപഹസിക്കാനും ശ്രമിച്ച ധന്യയ്ക്ക് ഈ നടപടി വലിയ ആഘാതമായി മാറിയിരിക്കുകയാണ്. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിന് പുറമെ, മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന മൂന്ന് ദിവസത്തെ നിര്‍ബന്ധിത പരിശീലന ക്ലാസില്‍ ധന്യ പങ്കെടുത്തേ തീരൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ജൂലൈ ഒന്നിനായിരുന്നു കേസിനാസ്പദമായ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കാസര്‍ഗോഡ് ഭാഗത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുകയായിരുന്ന ധന്യ ലഹരിയിലായിരുന്നു വണ്ടിയുടെ സ്റ്റിയറിങ് കൈയ്യിലെടുത്തത്. എന്‍.എച്ച് 66-ല്‍ ഭഗവതിനഗറിന് സമീപം റോഡിന് നടുവില്‍ വാഹനം നിറുത്തിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിക്കാന്‍ എത്തിയ പോലീസ് സംഘത്തെ കണ്ടതോടെയാണ് ധന്യ സകല നിയന്ത്രണങ്ങളും വിട്ട് വണ്ടി മുന്നോട്ടെടുത്തത്. 

മനുഷ്യജീവന് തന്നെ വന്‍ ഭീഷണിയാകുന്ന രീതിയില്‍ അമിതവേഗതയില്‍ വണ്ടിയോടിച്ച് പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച ധന്യയെ പോലീസ് സംഘം സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്നാണ് ഒടുവില്‍ കുടുക്കിയത്. കാസര്‍ഗോഡ് ബന്ദിയോടുള്ള ഭഗവതിനഗറില്‍ വെച്ച് വാഹനം തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ശ്വാസ പരിശോധന മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 86 എന്ന അളവിലാണ് മദ്യത്തിന്റെ സാന്നിധ്യം കണ്ടത്. 

വന്‍ അപകട സാധ്യതയുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിച്ചതിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് തുടര്‍ന്ന് പിഴ ഈടാക്കി വിട്ടയച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് സംഭവത്തിന്റെ ഗൗരവം കുറച്ചുകാണിക്കാനും താന്‍ വലിയ അപരാധമൊന്നും ചെയ്തിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചുകൊണ്ട് ധന്യ ഒരു യൂട്യൂബ് വിഡിയോയുമായി രംഗത്തെത്തിയത്. മാധ്യമങ്ങളെ മാപ്രകള്‍ എന്ന് വിളിച്ചും കമന്റ് ബോക്സിലെ വിമര്‍ശകരെ പരിഹസിച്ചുമായിരുന്നു ധന്യയുടെ പ്രകടനം. 

താന് സ്ഥിരം മദ്യപാനിയല്ലെന്നും ഒരു പരിപാടിക്കിടെ ഒരു ബിയര്‍ മാത്രമാണ് കഴിച്ചതെന്നുമായിരുന്നു വിഡിയോയില്‍ ധന്യയുടെ അവകാശവാദം. പോലീസിന്റെ ബീക്കണ്‍ ലൈറ്റ് കണ്ടപ്പോള്‍ ആളുകള്‍ ശ്രദ്ധിക്കുമെന്നും താന്‍ ലൈവ് വിഡിയോയില്‍ വരുമെന്നും ഭയന്നാണ് വാഹനം നിര്‍ത്താതെ പോയതെന്ന വിചിത്രമായ ന്യായീകരണമാണ് ധന്യ നിരത്തിയത്. വണ്ടി നിര്‍ത്തിപ്പോയത് സ്വന്തം വീടിന്റെ മുന്നിലാണെന്നും അവിടെവെച്ചാണ് പോലീസ് വന്ന് കാര്യങ്ങള്‍ തിരക്കിയതെന്നും ധന്യ വിശദീകരിച്ചു. 

മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് പോലെ കാറില്‍ നിന്ന് എം.ഡി.എം.എ കിട്ടിയിട്ടില്ലെന്നും വണ്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും കാണിക്കാന്‍ താന്‍ കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി വലിയ തുക കൊടുത്ത് നടത്തിയ ആല്‍ക്കഹോള്‍-ഡ്രഗ് പരിശോധനാ ഫലവും ധന്യ വിഡിയോയിലൂടെ പരസ്യമാക്കി. താന്‍ 'അയ്യപ്പ ബൈജു' ഒന്നുമല്ലെന്നും ചെറിയ തോതിലാണെങ്കിലും മദ്യപിച്ച് വണ്ടിയുടെ സ്റ്റിയറിങ്ങില്‍ തൊട്ടത് തെറ്റാണെന്ന് സമ്മതിക്കുന്നുവെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും ധന്യ പറഞ്ഞിരുന്നു. 

എന്നാല്‍ ഈ വാര്‍ത്തകളെയൊക്കെ മാധ്യമങ്ങളുടെ വ്യാജ പ്രചാരണമെന്ന് പരിഹസിക്കുകയും തനിക്ക് കിട്ടിയത് വെറുമൊരു സാധാരണ പെറ്റി മാത്രമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്ത ധന്യയ്ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്. എം.വി.ഡിയുടെ നിര്‍ണ്ണായകമായ ഈ സസ്പെന്‍ഷന്‍ നടപടി ധന്യയുടെ വിചിത്ര ന്യായീകരണങ്ങളുടെ മുനയൊടിക്കുന്നതായി മാറി. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് ഈ ലൈസന്‍സ് റദ്ദാക്കല്‍ നടപടിയോടെ വീണ്ടും വ്യക്തമായിട്ടുണ്ട്. വിഡിയോ ചെയ്ത് മാധ്യമങ്ങളെ കുറ്റപ്പെടുത്തി രക്ഷപ്പെടാമെന്ന വ്ലോഗറുടെ കണക്കുകൂട്ടലുകളെല്ലാം തകര്‍ത്താണ് മോട്ടോര്‍ വാഹന വകുപ്പ് കടുത്ത ശിക്ഷാ നടപടിയുമായി മുന്നോട്ടുപോയത്.

 സോഷ്യല്‍ മീഡിയയിലെ പ്രശസ്തിയോ ലക്ഷക്കണക്കിന് ഫോളോവേഴ്സിന്റെ പിന്തുണയോ നിയമലംഘനത്തിന് സംരക്ഷണമല്ലെന്ന് കാട്ടിത്തരുന്നതാണ് കാസര്‍ഗോഡ് എം.വി.ഡിയുടെ ഈ കടുത്ത നിലപാട്. മദ്യപിച്ച് വണ്ടിയോടിച്ച് സാധാരണക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നവര്‍ എത്ര വലിയ വ്ലോഗറായാലും ഇന്‍ഫ്ലുവന്‍സറായാലും ലൈസന്‍സ് തെറിക്കുമെന്ന കൃത്യമായ മുന്നറിയിപ്പാണ് ഇതിലൂടെ അധികൃതര്‍ നല്‍കുന്നത്.

youtuber helen of spartas driving license suspended

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES