'കാന്താര 2'യുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശസ്ത കന്നഡ നടനും കലാസംവിധായകനുമായ ദിനേശ് മംഗളൂരു (55) അന്തരിച്ചു. ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ തലച്ചോറില്‍ വീണ്ടും ഹെമറേജ് ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
'കെ.ജി.എഫ്', 'കിച്ച', 'കിരിക്ക് പാര്‍ട്ടി' ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ദിനേശ്, 'കെ.ജി.എഫ്'യിലെ ഷെട്ടി എന്ന മുംബെ ഡോണ്‍ കഥാപാത്രത്തിലൂടെയും മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കലാസംവിധായകനായും പ്രവര്‍ത്തിച്ച അദ്ദേഹം 'നമ്പര്‍ 73', 'ശാന്തിനിവാസ്' തുടങ്ങിയ ചിത്രങ്ങളില്‍ പങ്കാളിയായിരുന്നു.
അതേസമയം, 'കാന്താര 2'യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മരണമടയുന്ന നാലാമത്തെ കലാകാരനാണ് ദിനേശ്. നേരത്തെ, നടന്‍ രാകേഷ് പൂജാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. തുടര്‍ന്ന്, വൈക്കം സ്വദേശി എം.എഫ്. കപില്‍ സൗപര്‍ണികാ നദിയില്‍ മുങ്ങിമരിക്കുകയും മലയാള മിമിക്രി താരമായ കലാഭവന്‍ നിജു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം കുറിക്കുകയും ചെയ്തിരുന്നു.
ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തങ്ങള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ദിനേശിന്റെ വിയോഗവും. കഴിഞ്ഞ മാസം ചിത്രത്തിന്റെ മിനിബസ് അപകടം, മോശം കാലാവസ്ഥ മൂലമുള്ള സെറ്റ് തകര്‍ച്ച, അനുമതിയില്ലാതെ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ ഗ്രാമവാസിസംഘര്‍ഷം എന്നിവയും സിനിമയുടെ നിര്‍മാണത്തെ ബാധിച്ചിരുന്നു.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന 'കാന്താര ചാപ്റ്റര്‍ 2' ഒക്ടോബര്‍ 2ന് റിലീസിന് ഒരുങ്ങുകയാണ്.