നടി, അവതാരക, ബോഡി ബില്‍ഡര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ആളാണ് ശ്രീയ അയ്യര്‍. ഫിറ്റ്നസിന് പുറമേ സൂംബാ, വിമന്‍ കിക്ക് ബോക്സിങ്, ഷൂട്ടിങ് പരിശീലനം എന്നിവയിലും ശ്രീയ സജീവമാണ്. ഒരു യഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് ബോഡിബില്‍ഡിങ്ങിലേക്കും മലയാളികള്‍ അംഗീകരിച്ച മികച്ച അവതാരക ആയും ശ്രീയ ഉയര്‍ന്നത്. ഇപ്പോഴത്തെ ഈ പ്രശസ്തിക്ക് പിന്നില്‍ ബുദ്ധിമുട്ടേറിയ ഒരു കാലം തനിക്കും ഉണ്ടായിരുന്നതായും ഈ യാത്ര ഒട്ടും എളുപ്പമല്ലായിരുന്നു എന്നും ശ്രീയ പറയുന്നു
ഒരു പെണ്‍കുട്ടിയായി ജനിച്ചു എന്നതാണ് തന്റെ യാത്ര ആദ്യം പ്രയാസകരമാക്കിയതെന്നും ശ്രീയ പറഞ്ഞു.യാഥാസ്ഥിതികമായ ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് താരം ബോഡിബില്‍ഡിങ്ങിന്റെ കായിക ലോകത്തേക്ക് കടന്നുവന്നതും മലയാളികള്‍ അംഗീകരിച്ച മികച്ച അവതാരകയായി ഉയര്‍ന്നുവന്നതും.
'കഠിനമായ ഫിറ്റ്നസ് ദിനചര്യയിലേക്ക് തിരിഞ്ഞപ്പോള്‍ താന്‍ ഒരു വെജിറ്റേറിയന്‍ ആയിരുന്നു എന്നത് മറ്റൊരു വെല്ലുവിളിയായി. തന്റെ ലക്ഷ്യങ്ങള്‍ക്കായി ഭക്ഷണം ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും വേണ്ടെന്ന് വെക്കേണ്ടി വന്നു. നിരന്തരമായ വിമര്‍ശനങ്ങളെയും പരിഹാസ കമന്റുകളെയും തുടര്‍ന്ന് മാനസികമായി തളര്‍ന്നു പോകുന്ന ഘട്ടം വരെയെത്തി'. പലപ്പോഴും സെന്‍സിറ്റീവാകുകയും വിഷാദത്തിലേക്ക് വഴുതി വീഴുകയും ചെയ്തെങ്കിലും, സ്വയം പ്രചോദിപ്പിച്ച് താന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നുവെന്നും ശ്രീയ കൂട്ടിച്ചേര്‍ത്തു.
ബോഡിബില്‍ഡിംഗ് പുരുഷന്‍മാരുടെ മാത്രം മേഖലയാണെന്ന ധാരണ ശക്തമായിരുന്നതിനാല്‍ സമൂഹത്തില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നത്. ബോഡിബില്‍ഡിംഗ് തുടങ്ങിയ ആദ്യ നാളുകളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന താരം, കൊറോണ മഹാമാരിയുടെ സമയത്ത് സൗജന്യ ഫിറ്റ്നസ് ക്ലാസുകള്‍ ഓണ്‍ലൈനായി നല്‍കിയതോടെയാണ് കൂടുതല്‍ ആളുകളിലേക്ക് എത്തുകയും അംഗീകരിക്കപ്പെടുകയും ചെയ്തത്. ഒരു ഘട്ടത്തില്‍ തന്റെ ജീവിതത്തില്‍ വലിയൊരു വീഴ്ച സംഭവിച്ചിരുന്നു. ഒരു റിലേഷന്‍ഷിപ്പില്‍ നിന്നതുകൊണ്ടുണ്ടായ പ്രശ്‌നങ്ങളായിരുന്നു അതിന് കാരണം.
അന്ന് താന്‍ ആത്മഹത്യാ ശ്രമം വരെ നടത്തി. എന്നാല്‍, അമ്മയുടെ സ്‌നേഹനിര്‍ഭരമായ വാക്കുകളാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആ സമയത്ത് താന്‍ ഏറെ ഭയപ്പെട്ടിരുന്നത് നാട്ടുകാരെയായിരുന്നു. 'ചത്തവരെ വീണ്ടും കൊല്ലുന്നതുപോലെയായിരുന്നു നാട്ടുകാരുടെ പെരുമാറ്റം,' ശ്രീയ പറഞ്ഞു. പിന്നീട് എന്തിന് നാട്ടുകാരെ നോക്കി ജീവിക്കണം എന്ന് ചിന്തിച്ചു. താന്‍ വീണുപോയപ്പോള്‍ ഒരുകാലത്തും കൈവിടാതെ കൂടെനിന്നത് തന്റെ മാതാപിതാക്കള്‍ മാത്രമാണെന്നും, അവരുടെ പിന്തുണയാണ് ഇന്നത്തെ തന്റെ ശക്തിയെന്നും ശ്രീയ അയ്യര്‍ കൂട്ടിച്ചേര്‍ത്തു.