ഫാത്തിമാ ബാബു എന്ന പേര് പറഞ്ഞാല്‍ ഒരുപക്ഷെ, കക്ഷി ആരാണെന്ന് അധികമാരും തിരിച്ചറിഞ്ഞെന്നു വരില്ല. എന്നാല്‍ രാവണപ്രഭുവെന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ മുണ്ടക്കല്‍ ശേഖരന്റെ ഭാര്യയെന്നു പറഞ്ഞാല്‍ പിന്നെ വേറെ ആമുഖങ്ങളൊന്നും വേണ്ട. കാരണം, അത്രയേറെ മലയാളികള്‍ക്ക് ആ മുഖം അറിയാം. രാവണപ്രഭുവിന് ശേഷം 'ഹലോ' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായും 'ഒന്നാമന്‍', 'മാടമ്പി', 'അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്', 'ഗ്രാന്‍ഡ് മാസ്റ്റര്‍', 'ഭ്രമരം', 'ശിക്കാര്‍', 'അലിഭായ്' എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച ഫാത്തിമ 'കടമറ്റത്ത് കത്തനാര്‍' പോലുളള ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. 2019 ല്‍ കമല്‍ഹാസന്‍ അവതാരകനായ ബിഗ്‌ബോസ് തമിഴ് സീസണ്‍ 3 യില്‍ മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. എന്നാലിപ്പോഴിതാ, ഫാത്തിമാ ബാബുവിന്റെ സ്വകാര്യ ജീവിതവും പ്രണയ വിവാഹവും ഒക്കെയാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.
പോണ്ടിച്ചേരിയിലെ ഒരു മലയാളി മുസ്ലീം കുടുംബത്തിലാണ് ഫാത്തിമ ജനിച്ചത്, കൊമേഴ്‌സില്‍ ബിരുദം നേടിയ ശേഷം അഭിനയമോഹവുമായി നടക്കുന്നതിനിടയിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അവിടെ വെച്ചാണ് തന്റെ ജീവിതം മാറ്റിമറിച്ച ആ ഹിന്ദു യുവാവായ, ബാബുവിനെ കണ്ടുമുട്ടുന്നത്. ആദ്യമൊന്നും പ്രണയത്തിന്റെ യാതൊരു സൂചനകളും ഇരുവരും തമ്മിലുണ്ടായിരുന്നില്ല. ഫാത്തിമയുടെ ടെന്നീസ് കളി ദൂരെ നിന്ന് നോക്കി നില്‍ക്കുന്ന ഒരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നു ബാബു. എന്നാല്‍ ഫാത്തിമ അവധിക്ക് നാട്ടില്‍ പോയപ്പോഴാണ് ബാബു തന്റെ ഉള്ളിലെ പ്രണയം തിരിച്ചറിയുന്നത്. അവളില്ലാത്ത നിമിഷങ്ങള്‍ ബാബുവിനെ അസ്വസ്ഥനാക്കി. ഒടുവില്‍ പ്രണയം സഹിക്കവയ്യാതെ ബാബു തന്റെ ബൈക്കില്‍ ഫാത്തിമ സഞ്ചരിച്ച ബസ് പിന്തുടര്‍ന്ന് ചെന്ന് അവളെ പാതിവഴിയില്‍ ഇറക്കി പ്രണയം തുറന്നു പറഞ്ഞു.
ബാബുവിന്റെ നിഷ്‌കളങ്കത ഫാത്തിമയെ ആകര്‍ഷിച്ചെങ്കിലും വിവാഹത്തിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. ടെന്നീസ് കളിക്കിടെ ബാബു നല്‍കിയ പ്രണയലേഖനം കണ്ട് ദേഷ്യപ്പെട്ട ഫാത്തിമ അയാളെ ശകാരിച്ചു. സങ്കടം താങ്ങാനാവാതെ ബാബു തളര്‍ന്നുവീണ് ആശുപത്രിയിലായി. ആശുപത്രി കിടക്കയില്‍ വെച്ച് 'എനിക്ക് ടെന്‍ഷന്‍ താങ്ങാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് നീ എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്' എന്ന ബാബുവിന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് മുന്നില്‍ ഫാത്തിമയുടെ മനസ്സ് അലിഞ്ഞു. ആ നിമിഷം അവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു.
മതമായിരുന്നു അവരുടെ പ്രണയത്തിന് മുന്നിലെ വന്‍മതില്‍. ഫാത്തിമയുടെ ഉമ്മ ഒഴികെ എല്ലാവരും വിവാഹത്തെ എതിര്‍ത്തു. ഒടുവില്‍ എതിര്‍പ്പുകള്‍ അവഗണിച്ച് അവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു. തുടക്കത്തില്‍ സ്വന്തം മതവിശ്വാസങ്ങളില്‍ ഉറച്ചുനിന്ന ഫാത്തിമ, തന്റെ വിശ്വാസങ്ങളെ ബഹുമാനിക്കുന്ന ഭര്‍ത്താവിന്റെ സ്നേഹത്തിന് മുന്നില്‍ സ്വയം മാറുകയായിരുന്നു. 'നമ്മള്‍ മനുഷ്യരാണ്, അതാണ് നമ്മുടെ മതം' എന്ന ബാബുവിന്റെ വാക്കുകള്‍ ഫാത്തിമയെ സ്വാധീനിച്ചു. പില്‍ക്കാലത്ത് തന്റെ ഇഷ്ടപ്രകാരം ഹൈന്ദവ ആചാരങ്ങള്‍ സ്വീകരിക്കുകയും പൊട്ടുതൊടാനും താലി ധരിക്കാനും അവര്‍ തീരുമാനിച്ചു. എങ്കിലും തന്റെ സ്വത്വമായ 'ഫാത്തിമ' എന്ന പേര് അവര്‍ ഉപേക്ഷിച്ചില്ല. ഇന്ന് രണ്ട് ആണ്‍മക്കളോടൊപ്പം സന്തുഷ്ടമായ ദാമ്പത്യം നയിക്കുകയാണ് ഫാത്തിമ.