കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ നായികയായ താരമാണ് നടി ഗൗതമി നായര്‍. ദുല്‍ഖര്‍ സല്‍മാന്റെ സിനിമയിലൂടെ അരങ്ങേറ്റം ആരംഭിച്ച താരം പിന്നീട് ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധേയമായി. എന്നാല്‍ പിന്നീടിങ്ങോട്ട് വലിയ ഇടവേളകളിലായിരുന്നു താരം. എന്നാല്‍ അടുത്ത കാലത്ത് നടി വീണ്ടും അഭിനയ രംഗത്തേക്ക് കടന്ന് വന്നു.
ഇപ്പോളിതാ മലയാള സിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നും, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ അവസ്ഥ വര്‍ധിക്കുകയാണെന്നും നടി പറയുകയാണ്. നല്ല സിനിമകളും ശക്തമായ വേഷങ്ങളും ലഭിക്കാത്തതിനാല്‍ പല നടിമാരും കഷ്ടപ്പെടുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. 'ക്യു സ്റ്റുഡിയോയ്ക്ക്' നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി മലയാള സിനിമാ മേഖലയിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണത്തെക്കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവെച്ചത്.
പഴയ സിനിമകളില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നെങ്കില്‍, ഇന്നത്തെ പല സിനിമകളിലും അവര്‍ക്ക് ഒരു വിലയുമില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് ഗൗതമി പറഞ്ഞു. റിലീസ് ചെയ്യുന്ന പത്ത് സിനിമകളില്‍ രണ്ടോ മൂന്നോ എണ്ണത്തില്‍ മാത്രമേ കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങളെ കാണാന്‍ സാധിക്കുന്നുള്ളൂവെന്നും അവര്‍ നിരീക്ഷിച്ചു.
ഇത് നടിമാരുടെ അഭാവം കൊണ്ടല്ലെന്നും, അത്തരത്തിലുള്ള കഥകള്‍ എഴുതപ്പെടാത്തതി നാലാണെന്നും ഗൗതമി അഭിപ്രായപ്പെട്ടു. 'രണ്ട് മണിക്കൂര്‍ സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളെ രണ്ട് മണിക്കൂറും കാണിക്കണമെന്നില്ല, എന്നാല്‍ അവര്‍ക്ക് ചെയ്തുകാണിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കണം. മികച്ച കലാകാരന്മാര്‍ ഇവിടെയുണ്ടെങ്കിലും തിരക്കഥകളുടെ അഭാവമാണ് പ്രധാന പ്രശ്‌നം,' അവര്‍ വിശദീകരിച്ചു.
താന്‍ സിനിമ ഉപേക്ഷിച്ച് മാറി നിന്നിട്ടില്ലെന്നും, മികച്ച കഥാപാത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ പല സിനിമകളും ഉപേക്ഷിക്കേണ്ടി വന്നതാണെന്നും ഗൗതമി വ്യക്തമാക്കി. താന്‍ സിനിമ നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണെന്നും, ആകാംഷയുണര്‍ത്തുന്നതും ശക്തവുമായ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബോഡി ഷെയ്മിങിനെക്കുറിച്ചും നടി തന്റെ അനുഭവം പങ്ക് വച്ചു. തന്റെ സൗന്ദര്യ സങ്കല്‍പ്പത്തിന് ചേരുന്നില്ലെന്ന് കരുതി മറ്റൊരാളെ അപമാനിക്കാന്‍ പാടില്ലെന്നാണ് ഗൗതമി പറയുന്നു. താനൊരു സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്തപ്പോള്‍ തന്നെ കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞുവെന്നും ഗൗതമി പറയുന്നു.
''ബോഡി ഷെയ്മിങ് ഒട്ടും കൂളല്ല. ഒരു സിനിമയുടെ ഓഡിഷന് പോയപ്പോള്‍ എന്നെ കാണാന്‍ ഒട്ടും കൊള്ളില്ലെന്ന് പറഞ്ഞു. അങ്ങനൊക്കെ നടന്നിട്ടുണ്ട്. ഇതൊന്നും ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. അത് കേട്ടതും എന്റെ ഉള്ളില്‍ എന്തോ ഒന്ന് ഓണായി. ഇന്‍ഫ്യൂരിറ്റിയല്ല, എന്നെ കാണാന്‍ കൊള്ളില്ലെന്ന് പറയാന്‍ ഇവര്‍ ആരാണ് എന്ന തോന്നലായിരുന്നു. ഒരിക്കലും ഒരാളുടെ മുഖത്ത് നോക്കി നിന്നെ കാണാന്‍ കൊള്ളില്ല എന്ന് പറയാന്‍ പാടില്ല'' എന്നും ഗൗതമി പറയുന്നു.
''നിങ്ങളുടെ സൗന്ദര്യസങ്കല്‍പ്പത്തിന് ചേരുന്നില്ല എന്ന് കരുതി ഒരാളെക്കുറിച്ച് മോശമായി സംസാരിക്കരുത്. എനിക്ക് ഭംഗി എന്ന് തോന്നുന്ന പല കാര്യങ്ങളും കാണും. നിങ്ങള്‍ക്ക് അത് ഭംഗിയായി തോന്നണം എന്നില്ല. എന്നു കരുതി രണ്ടു പേര്‍ക്കും രണ്ട് പേരുടേതായ അഭിപ്രായമില്ലേ? എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞിരുന്നുവെങ്കില്‍ പോട്ടെ. കാരണം എനിക്ക് അറിയാം അറിയാത്ത പണിക്കാണ് ഞാന്‍ പോയതെന്ന്'' താരം പറയുന്നു.