മലയാള സിനിമകളില്‍ സഹോദരി വേഷങ്ങളില്‍ നിറഞ്ഞു നിന്ന നടിയാണ് കൃഷ്ണ. ലക്ഷണ എന്ന പേരില്‍ ആണ് കൃഷ്ണയെ തമിഴ് പ്രേക്ഷകര്‍ക്ക് പരിചയം. വിവാഹ ശേഷം സിനിമാ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുന്ന കൃഷ്ണ വിവാഹശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോവുകയായിരുന്നു. ഖത്തറില്‍ ഡോക്ടറാണ് കൃഷ്ണയുടെ ഭര്‍ത്താവ് സജിത്ത്. കുടുംബസമേതം അവിടെ സെറ്റിലായ നടി ഒരു മികച്ച നര്‍ത്തകി കൂടിയാണ്. സിനിമാഭിനയം നിര്‍ത്തിയെങ്കിലും നൃത്തം ഇപ്പോഴും തുടരുന്ന നടി ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഖത്തറില്‍ ജീവിച്ചത്. അവിടെ ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയ കൃഷ്ണ അതിന്റെ പ്രിന്‍സിപ്പലായും രണ്ടു മക്കളുടെ അമ്മയായും ഡോക്ടറുടെ ഭാര്യയായുമൊക്കെയുള്ള ജീവിതത്തിനിടെ ഇപ്പോഴിതാ, മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
അമേരിക്കയിലെ പ്രശസ്തമായ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നിന്നും പോസിറ്റീവ് സൈക്കോളജി : മാര്‍ട്ടിന്‍ ഇപി സെലിഗ്മാന്‍സ് വിഷണറി സയന്‍സ് എന്ന ഓണ്‍ലൈന്‍ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 91.75 പേഴ്സന്റേജ് ഗ്രേഡോടെയാണ് നടി ഈ കോഴ്സ് പൂര്‍ത്തിയാക്കിയത് എന്ന പ്രത്യേകത കൂടിയുണ്ട്. ഈ വിശേഷം തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് കൃഷ്ണ പങ്കുവച്ചത്. മക്കളും ഭര്‍ത്താവും നല്‍കിയ പിന്തുണയും മുന്നോട്ടു പോകണമെന്ന ചിന്തയുമാണ് നടിയെ ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നതിലേക്ക് നയിച്ചത്. അതേസമയം, പഠനവും ഡാന്‍സ് സ്‌കൂളുമൊക്കെയായി തിരക്കിലാണെങ്കിലും സിനിമയിലേക്ക് തിരിച്ചുവരാന്‍ അവസരം കിട്ടിയാല്‍ അതിനും തയ്യാറാണ് കൃഷ്ണ.
അഭിനയത്തില്‍ സജീവമല്ലാതിരുന്ന സമയത്താണ് നല്ല നര്‍ത്തകി എന്ന നിലയില്‍ കൃഷ്ണ പേരെടുക്കുകയും നൃത്തത്തില്‍ സജീവമാവുകയും ചെയ്തത്. സ്വസ്തി അക്കാഡമി എന്നാണ് കൃഷ്ണയുടെ ഡാന്‍സ് സ്‌കൂളിന്റെ പേര്. അതിന്റെ പ്രിന്‍സിപ്പല്‍ ചുമതലയും കൃഷ്ണ ഇപ്പോള്‍ വഹിക്കുന്നുണ്ട്. തിരുപ്പാച്ചി എന്ന തമിഴ് ഹിറ്റ് ചിത്രത്തില്‍ വിജയ് യുടെയും പ്രകാശ് രാജിന്റെയും സഹോദരി വേഷത്തില്‍ കൃഷ്ണ എത്തിയിരുന്നു. ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായും കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. പരുന്ത് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കാമുകിയായി അഭിനയിച്ച കൃഷ്ണ മലയാളത്തിനും തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. കൃഷ്ണ വിവാഹ ശേഷം മനപൂര്‍വ്വം ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ഖത്തറിലേക്ക് പോയ താരം അവിടെയാണ് സെറ്റില്‍ ആയിരിക്കുന്നത്.
കൃഷ്ണയുടെ ഭര്‍ത്താവ് സജിത്ത് പിള്ള ഖത്തറില്‍ ഡോക്ടറാണ്. പ്രസവ സമയത്ത് കൃഷ്ണ ഡിപ്രഷനേയും അഭിമുഖീകരിച്ചിരുന്നു. 'ഗള്‍ഫില്‍ വച്ചായിരുന്നു പ്രസവം. അതേ സമയം അമ്മയ്ക്ക് ഒരു സര്‍ജറി കഴിഞ്ഞത് കാരണം കൃഷ്ണയുടെ അടുത്ത് വരാന്‍ സാധിച്ചില്ല. അങ്ങനെ കൃഷ്ണ ഒറ്റയ്ക്ക് ആയി. അവിടെ ഒരു ഇരുട്ട് മുറിയില്‍ ഇരിക്കാനായിരുന്നു കൃഷ്ണയ്ക്ക് ഏറ്റവും ഇഷ്ടം. അന്ന് ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസിക് ഡാന്‍സ് കാണുന്നത് പോലും വല്ലാത്ത വിമ്മിഷ്ടമായിരുന്നു. മൂഡ്‌സ്വിങ്‌സും സ്‌ട്രെസും അധികമാവുമ്പോള്‍ കൈകാലുകള്‍ എല്ലാം ഇറുക്കിപിടിക്കും. ഇനി അങ്ങോട്ടുള്ള എന്റെ ഡാന്‍സും ജീവിതവും എല്ലാം ഇവിടെ അവസാനിക്കുകയാണ് എന്ന് ചിന്തിച്ചു തുടങ്ങിയിടത്തു നിന്നാണ് ഭര്‍ത്താവ് കൃഷ്ണയെ ചേര്‍ത്തുപിടിക്കുന്നതും ആശ്വാസമായി മാറുന്നതും.