പ്രമുഖ നടി രംഭയും സൂപ്പര്‍സ്റ്റാര്‍ രജനികാന്തും തമ്മില്‍ 90-കളില്‍ സിനിമ ലൊക്കേഷനില്‍ വെച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്റഫ് വെളിപ്പെടുത്തി. യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ അനുഭവം പങ്കുവെച്ചത്. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള രംഭ, തമിഴ് ചിത്രമായ 'ഉള്ളത്തെ അള്ളിത്തായ'യുടെ വന്‍ വിജയത്തിനു ശേഷം രജനീകാന്തിന്റെ ശ്രദ്ധ നേടിയെടുത്തിരുന്നു. തുടര്‍ന്ന് രജനീകാന്ത് നായകനായ 'അരുണാചലം' എന്ന സിനിമയില്‍ സുസ്മിത സെന്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രം രംഭയ്ക്ക് ലഭിക്കുകയായിരുന്നു.
ഹൈദരാബാദില്‍ ചിത്രീകരണം നടക്കവെ, സല്‍മാന്‍ ഖാനും ജാക്കി ഷറഫും 'അരുണാചലം' സിനിമയുടെ ലൊക്കേഷന്‍ സന്ദര്‍ശിച്ചു. അവരെ രംഭ ആലിംഗനം ചെയ്ത് സ്വീകരിച്ചത് രജനീകാന്ത് ശ്രദ്ധിച്ചു. സന്ദര്‍ശകര്‍ പോയ ഉടന്‍ രജനീകാന്ത് ദേഷ്യത്തോടെ തലയിലുണ്ടായിരുന്ന തുണി വലിച്ചെറിഞ്ഞെന്നും, ഇനി രംഭയോടൊപ്പം അഭിനയിക്കില്ലെന്നും പറഞ്ഞെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കുന്നു.
ഈ സംഭവം രംഭയെ വല്ലാതെ വേദനിപ്പിച്ചു. എന്നാല്‍ പിന്നീട് രജനീകാന്ത് രംഭയോട് സംസാരിക്കുകയും, നോര്‍ത്ത് ഇന്ത്യന്‍ നടന്മാരെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന രീതി സൗത്ത് ഇന്ത്യന്‍ നടന്മാരോട് കാണിക്കാത്തതെന്താണെന്ന് ചോദിക്കുകയും ചെയ്തു. ഇത് രജനീകാന്തിന്റെ തമാശയായിരുന്നെന്ന് പിന്നീട് രംഭക്ക് മനസ്സിലായി. ഈ സംഭവം രംഭ തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.