മലയാളികള്‍ക്ക് സുപരിചിതരായ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ഇവരുടെ യൂട്യൂബ് ചാനലുകള്‍ക്കും പ്രായഭേദമന്യേ ആരാധകരേറെയാണ്. തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ആണ് കൃഷ്ണകുമാറിന്റെ ഏറ്റവും മൂത്ത മകളും നടിയും ഇന്‍ഫ്‌ളുവന്‍സറുമൊക്കെയായ അഹാന ഏറ്റവുമൊടുവില്‍ യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. അഹാനയുടെ മുപ്പതാം പിറന്നാള്‍ ആഘോഷം സോഷ്യല്‍ മീഡിയയിലും വലിയ വൈറലായിരുന്നു
തന്റെ പിറന്നാളിന് തനിക്ക് സ്വയം ഒരു ബിഎംഡബ്ല്യു കാര്‍ വാങ്ങിക്കൊടുത്താണ് അഹാന ആഘോഷിച്ചത്. സ്വയം സ്‌നേഹിക്കുന്ന അഹാനയുടെ പ്രവൃത്തി പലര്‍ക്കും പ്രചോദനമാവുകയും ചെയ്തു.
ബിഎംഡബ്ല്യു വാങ്ങിയതുകൊണ്ട് തീരുന്നില്ല, ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം മനോഹരമായ ഒരു ആഘോഷവും നടത്തിയാണ് തന്റെ പിറന്നാള്‍ ദിനം നടി ആഘോഷമാക്കിയതെന്ന് വീഡീയോയില്‍ വ്യക്തം.
താന്‍ സ്വന്തമാക്കിയ എംഡബ്ല്യുവിന്റെ ഈ എസ്‌യുവി തിരഞ്ഞെടുക്കുന്നതില്‍ തന്നെ സഹായിച്ചത് നടനും വാഹനപ്രേമിയുമായ ദുല്‍ഖര്‍ സല്‍മാന്‍ ആണെന്നാണ് അഹാന പറയുന്നത്. വ്‌ലോഗിലൂടെയാണ് പുതിയ വാഹനം വാങ്ങിയതിന്റെ വിശേഷങ്ങള്‍ അഹാന പങ്കുവച്ചത്.
ഒരു ദിവസം കാര്‍ ഓടിക്കുന്നതിനിടെ യാദൃച്ഛികമായി തോന്നിയ ഒരു ചിന്തയാണ് പുതിയ കാര്‍ വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് അഹാന പറയുന്നു. താന്‍ നന്നായി കാര്‍ ഓടിക്കുമെന്നും എല്ലാ യാത്രകളും സ്വയം ഡ്രൈവ് ചെയ്താണ് പോകുന്നതെന്നും താരം പറയുന്നു. കാര്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സഹായത്തിനായി അഹാന ആദ്യം സമീപിച്ചത് സുഹൃത്തായ അര്‍ജുനെയായിരുന്നു, ധൈര്യമായി വാങ്ങാനാണ് അര്‍ജുന്‍ പറഞ്ഞത്. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ക്കായി ദുല്‍ഖര്‍ സല്‍മാനെ സമീപിച്ചെന്നും ദുല്‍ഖറിന്റെ അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് ബിഎംഡബ്ല്യു എക്സ് 5 തിരഞ്ഞെടുത്തതെന്നും അഹാന പറഞ്ഞു.
ഒരുദിവസം ഞാന്‍ കാര്‍ ഓടിച്ചു വന്നുകൊണ്ടിരുന്നപ്പോള്‍ എനിക് ഇങ്ങനെ ഒരു ചിന്ത വന്നു, എന്റെ മുപ്പതാം പിറന്നാളിന് ഒരു കാര്‍ വാങ്ങി എനിക്ക് തന്നെ ഗിഫ്റ്റ് കൊടുത്താലോ എന്ന്. ഞാന്‍ നന്നായി കാര്‍ ഓടിക്കും, ഞാന്‍ തന്നെയാണ് കാര്‍ ഓടിച്ച് എല്ലായിടത്തും പോകുന്നത്. ഒരു ഫാന്‍സി ആയിട്ട് തോന്നുന്ന ഒരു കാര്‍ മേടിച്ചാലോ എന്നിങ്ങനെ മനസ്സില്‍ തോന്നി. ഇത് ഒരിക്കലും ഒരു സ്വപ്ന സാക്ഷാല്‍ക്കാരം ആണെന്ന് പറയാന്‍ പറ്റില്ല കാരണം ഞാന്‍ ഒരിക്കലും ഇതിനെ പറ്റി സ്വപ്നം കണ്ടിട്ടില്ല.
ഒരു കാര്യത്തെ പറ്റി സ്വപ്നം കാണണമെങ്കില്‍ നമുക്ക് അതിനെ പറ്റി എന്തെങ്കിലും അറിഞ്ഞിരിക്കണമല്ലോ. നമുക്ക് ഒന്നുമേ അറിയാത്ത ഒരു കാര്യത്തെപറ്റി നമ്മള്‍ സ്വപ്നം കാണില്ലല്ലോ. എന്റെ വീട്ടില്‍ അച്ഛന്‍ നന്നായി ഡ്രൈവ് ചെയ്യും ഞാന്‍ ഡ്രൈവ് ചെയ്യും പക്ഷേ ഞങ്ങളാരും വാഹനഭ്രമം ഉള്ളവരല്ല. കുഞ്ഞിലെ തൊട്ടേ എന്റെ വീട്ടില്‍ ഒരു കാര്‍ ഉണ്ടാവും അല്ലാതെ സ്ഥിരമായി കാറുകള്‍ മാറ്റി വാങ്ങുകയോന്നും ചെയ്യാറില്ല. വിലകൂടിയ കാര്‍ കണ്ടു വളര്‍ന്നിട്ടുള്ള ഒരാളല്ല ഞാന്‍. അതുകൊണ്ടുതന്നെ ഇതിനെ പറ്റി ഒന്നും കാര്യമായിട്ട്
അറിയത്തുമില്ല. ഇതൊന്നും ഞാന്‍ എന്റെ മനസ്സില്‍ ആഗ്രഹിച്ചിട്ടുമില്ല. കാര്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചത് സുഹൃത്ത് അര്‍ജുന്‍ ആണ്. കാരണം അര്‍ജുന്‍ വാഹന ഭ്രമമുള്ള ആളാണ്. ഞാന്‍ ഇങ്ങനെ ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്താണ് നിന്റെ അഭിപ്രായം എന്ന് ചോദിച്ചു. അര്‍ജുന്‍ പറഞ്ഞു ചേച്ചി വളരെ നല്ല കാര്യം, ധൈര്യമായി വാങ്ങൂ എന്ന്. അതുകഴിഞ്ഞ് ഞാന്‍ മെസ്സേജ് അയച്ചത് ദുല്‍ഖറിനാണ് കാരണം എനിക്ക് എന്റെ പരിചയത്തില്‍ ഉള്ളതില്‍ കാറുകളെ പറ്റി ഇത്രയും അറിയാവുന്ന മറ്റൊരാളില്ല. എനിക്ക് ഇതിനെ ഒന്നും പറ്റി അധികം അറിയില്ലാത്തതുകൊണ്ട് മറ്റാരുടെയെങ്കിലും സഹായം തേടിയേ പറ്റൂ. ദുല്‍ഖറിന് മെസ്സേജ് അയച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ഇതാണ് എന്റെ മനസ്സിലുള്ള ബഡ്ജറ്റ് ഇത് വച്ചിട്ട് എനിക്കൊരു നല്ല കാര്‍ നിര്‌ദേശിക്കണം. അപ്പൊ ദുല്‍ഖര്‍ എനിക്ക് കുറേ ഓപ്ഷന്‍സ് തന്നു. ഈ കാര്‍ നല്ലതാണ്, ഇതിന്റെ ഇത് നല്ലതാണ് അത് നല്ലതാണ് എന്നൊക്കെ പറഞ്ഞിട്ട് എനിക്ക് വളരെ നല്ല ഒരു വിവരണം തന്നു. അങ്ങനെ ദുല്‍ഖര്‍ പറഞ്ഞ കാറുകള്‍ ഞങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കി. അങ്ങനെയാണ് ഞാന്‍ ബിഎംഡബ്ല്യു എക്‌സ്5 വാങ്ങിയത്.
ഓഗസ്റ്റില്‍ ഞാന്‍ കാര്‍ ബുക്ക് ചെയ്തു. അന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. ബര്‍ത്ത് ഡേക്ക് എടുക്കുന്ന പോലെ ചെയ്യാം. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഞങ്ങള്‍ എല്ലാവരും ഈ കാറിനു വേണ്ടി കാത്തിരിക്കുകയാണ്. ഞാന്‍ ചിലപ്പോള്‍ എന്റെ സുഹൃത്ത് റിയയോട് പറയും ഇനി ഞാന്‍ നിന്ന് കാണാന്‍ വരുന്നത് പുതിയ കാറില്‍ ആയിരിക്കുമല്ലേ എന്ന്. എനിക്ക് കറുത്ത കാര്‍ ആണ് ഇഷ്ടം അതുകൊണ്ട് ഞാന്‍ കറുത്ത നിറമുള്ള കാര്‍ ആണ് തിരഞ്ഞെടുത്തത്. എനിക്ക് വലിയ വിലയുള്ള സാധനങ്ങള്‍ ഒന്നും വാങ്ങുന്നത് ഇഷ്ടമല്ല അതുകൊണ്ട്തന്നെ ഇത് വേണോ എന്ന് പല തവണ ചിന്തിച്ചിട്ടുണ്ട്. പിന്നെയും ഞാന്‍ വിചാരിച്ചു നാളെ എന്താണെന്ന് നമുക്ക് അറിയില്ല. എല്ലാവരും സന്തോഷമായി ഇരിക്കുമ്പോള്‍ ഏറ്റവും സന്തോഷമുള്ള കാര്യം ചെയ്യണം. അങ്ങനെ എന്റെ മുപ്പതാം പിറന്നാളിന് ഞാന്‍ എനിക്ക് നല്‍കിയ സമ്മാനമാണ് ഈ പുതിയ ബി എം ഡബ്ലിയു എക്‌സ്5.അഹാന കൃഷ്ണ പറയുന്നു
വലിയ വിലയുള്ള സാധനങ്ങള്‍ വാങ്ങുന്നതിനോട് താല്‍പര്യമില്ലാത്തതിനാല്‍ ഈ തീരുമാനം പല തവണ ചിന്തിച്ചിരുന്നുവെങ്കിലും നാളെ എന്താണെന്ന് നമുക്കറിയില്ല. എല്ലാവരും സന്തോഷമായി ഇരിക്കുമ്പോള്‍ ഏറ്റവും സന്തോഷമുള്ള കാര്യം ചെയ്യണം എന്ന് കരുതിയാണ് മുന്നോട്ട് പോയതെന്നും അഹാന പറഞ്ഞു. തന്റെ മുപ്പതാം പിറന്നാളിന് താന്‍ തനിക്ക് തന്നെ നല്‍കിയ സമ്മാനമാണ് ഈ പുതിയ ബിഎംഡബ്ല്യു എക്സ് 5 എന്നും താരം സന്തോഷത്തോടെ പങ്കുവച്ചു.
താരത്തിന്റെ വീഡിയോയില്‍ പിറന്നാളാഘോഷത്തില്‍ സഹോദരി ദിയ സംസാരിച്ച വാക്കുകളും ചര്‍ച്ചയാകുന്നുണ്ട്. വീട്ടില്‍ അമ്മുവുമായി ഏറ്റവും കൂടുതല്‍ അടിയുണ്ടാക്കിയിട്ടുള്ളത് ഞാനാണ്. ഇപ്പോഴും അടിയുണ്ടാക്കുന്നതും ഞാന്‍ തന്നെയാണ്. എന്തോ വല്ലാത്ത ബോണ്ടിം?ഗ് ഉണ്ട്. ജനിച്ച് വീണപ്പോള്‍ തന്നെ കുട കൊണ്ട് തലയ്ക്കടിച്ച് കൊണ്ടായിരിക്കും. അമ്മു എന്നെയാണ് അടിച്ചത്. എനിക്ക് തോന്നുന്നു അമ്മുവിന് അറ്റന്‍ഷന്‍ പെട്ടെന്ന് കിട്ടാതായതിന്റെ വിഷമം ആണെന്ന് തോന്നുന്നു. കാരണം വീട്ടിലെ സ്റ്റാര്‍ ആയിരുന്നു. എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയിലേത് പോലെ. ആ സിനിമയില്‍ മരുന്നടിച്ചു. ഇവിടെ കുട കൊണ്ട് അടിച്ചു. പക്ഷെ അമ്മുവിനെ ജുവനൈല്‍ ഹോമില്‍ കൊണ്ട് പോയില്ലെന്നും ദിയ കൃഷ്ണ ചിരിയോടെ പറഞ്ഞു.
അഹാനയ്ക്കുള്ള ?ഗുണങ്ങളെക്കുറിച്ചും ദിയ കൃഷ്ണ സംസാരിച്ചു. അമ്മുവിന് ലീഡര്‍ഷിപ്പ് ക്വാളിറ്റി നല്ലത് പോലെയുണ്ട്. ഫാമിലിയായി ട്രിപ്പ് പോകുമ്പോള്‍ നമ്മളായിരുന്നെങ്കില്‍ തേഞ്ഞേനെ എന്ന് ഞാനും ഇഷാനിയും തമ്മില്‍ പറയും. അമ്മു എങ്ങനെ ഡീല്‍ ചെയ്തു എന്ന് ഞങ്ങള്‍ ആലോചിക്കും. പല സ്ഥലത്തും പല ഭാഷയില്‍ അമ്മു സംസാരിക്കും. ഞങ്ങളാണെങ്കില്‍ ഫാമിലി തിരിച്ച് വരില്ല. ലണ്ടനില്‍ തന്നെ നില്‍ക്കും. നമ്മുടെ കുടുംബത്തില്‍ അമ്മുവിന് മാത്രമേ അത് പറ്റൂ.
അമ്മുവും അമ്മയും ഏത് സ്ഥലത്ത് പോയാലും എത്ര മണിക്ക് എണീറ്റാലും ആ സ്ഥലം മുഴുവന്‍ നടന്ന് തീര്‍ത്തിട്ടേ തിരിച്ച് വീട്ടില്‍ വരൂ. എനിക്കും അച്ഛനും ഒട്ടും ആ ക്വാളിറ്റി ഇല്ല. ചോറും കറിയും കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ വരില്ല എന്ന് പറഞ്ഞ് അവിടെ എവിടെയെങ്കിലും ഇരിക്കും. അഡാപ്ട് ചെയ്യുന്ന ആളാണ് അമ്മു. അമ്മു എന്നേക്കാള്‍ മൂത്തയാള്‍ ആയതിനാല്‍ ഓമിയുടെ അടുത്ത് കുറേക്കൂടി കെയര്‍ അമ്മുവിനുണ്ടെന്നും ദിയ കൃഷ്ണ പറഞ്ഞു. ഞങ്ങള്‍ വീട്ടില്‍ ഇത്രയും സംസാരിക്കാറില്ല. ഞങ്ങള്‍ തന്നെ കുടയെടുത്ത് അടിക്കും തെറി വിളിക്കും. എന്നിട്ട് മാറി ഇരിക്കും. എന്തെങ്കിലും കോമഡി പറയാനുള്ളപ്പോള്‍ മാത്രം പറയും. അപ്പോഴാണ് ഞങ്ങള്‍ ആകെ സംസാരിക്കുന്നതെന്നും ദിയ കൃഷ്ണ പറഞ്ഞു.