കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇപ്പോഴിതാ, തങ്ങളുടെ സംഗീത് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അഹാന.
'ഞങ്ങള്‍ വെറും കമിതാക്കളായിരുന്ന ആ സംഗീത് രാവില്‍. കാലം മറക്കാത്ത ഒരു രാത്രി! വീണ്ടും വീണ്ടും വീണ്ടും ജീവിക്കാന്‍ ഞാന്‍ കൊതിക്കുന്ന ഒന്ന്!,' എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചത്.തങ്ങളുടെ വിവാഹം സ്വപ്നസമാനമായി മാറ്റാന്‍ കൂടെ നിന്ന വെഡ്ഡിംഗ് ടീമും അഹാന കുറിപ്പില്‍ നന്ദി പറയുന്നുണ്ട്.
'എന്റെ നാണംകുണുങ്ങിയായ ചെറുക്കനെ നിങ്ങള്‍ ഒരു റോക്ക്സ്റ്റാറിനെപ്പോലെ പോസ് ചെയ്യിപ്പിച്ചു, ഞങ്ങളുടെ വീടിന്റെ ഓരോ കോണിലും ഫ്രെയിം ചെയ്തു വെക്കാന്‍ കൊതിക്കുന്ന അത്രയും മനോഹരമായ ചിത്രങ്ങള്‍ പകര്‍ന്നു തന്നു. ശുദ്ധമായ മാജിക്! ,' എന്നാണ് ഫോട്ടോഗ്രാഫി ടീമിന് നന്ദി പറഞ്ഞ് അഹാന കുറിച്ചത്.
'ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നു- എനിക്ക് കടും ചുവപ്പ് (ക്രിംസണ്‍) വിരിപ്പുകളും, ഷാന്‍ഡിലിയറുകളും, അത്യപൂര്‍വ്വ പൂക്കളും, ക്ലാസിക് ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ഒരു ലോകവുമാണ് വേണ്ടതെന്ന്. 'ഇനി ഒന്നും പറയേണ്ടതില്ല, അത് ഞങ്ങളുടെ മേഖലയാണ്' എന്നായിരുന്നു നിങ്ങളുടെ മറുപടി. നിങ്ങളൊരു കൂട്ടം മാന്ത്രികര്‍ തന്നെയാണ്. ഇത് നിങ്ങള്‍ അത്യുഗ്രനാക്കി മാറ്റി. എന്റെ സ്വന്തം 'ക്രിംസണ്‍ സൊയറേ' ,' കോണ്‍സെപ്റ്റ് ഡിസൈന്‍ ഡെക്കോര്‍ & ഇവന്റ് പ്ലാനിംഗ് ടീമിന് നന്ദി പറഞ്ഞ് അഹാന കുറിച്ചു.
'എന്റെ ഈ മനോഹരമായ വസ്ത്രം ഒരുക്കിയത് നന്ദി. ഷെയ്ന്‍, വെറും മുത്തുകളും കല്ലുകളും മാത്രമല്ല, നിങ്ങളുടെ ഹൃദയവും ആത്മാവും ചേര്‍ത്തുവെച്ചാണ് നിങ്ങളിത് ഉണ്ടാക്കിയത്. എനിക്ക് ഗ്ലാമറസ്സായ, അതേസമയം തന്നെ കൊച്ചു കുട്ടികളെപ്പോലെ ഓടിനടക്കാനും നൃത്തം ചെയ്യാനും കഴിയുന്നത്ര സൗകര്യപ്രദമായ ഒരു വസ്ത്രമായിരുന്നു വേണ്ടിയിരുന്നത്. ഇതാണ് ആ വസ്ത്രം. ഏറ്റവും മനോഹരവും, കിടിലനും, ഏറ്റവും കംഫര്‍ട്ടബിളുമായ വസ്ത്രം. ഞാനിത് ഇനിയും 50 തവണ ധരിക്കും; എന്റെ കുട്ടികളെക്കൊണ്ടും ധരിപ്പിക്കും, അത്രയ്ക്ക് സ്പെഷ്യലാണിത്! ഒരു കലാസൃഷ്ടി തന്നെയെന്ന് വിളിക്കാവുന്ന ഈ വസ്ത്രത്തിന് പിന്നില്‍ നിങ്ങള്‍ എടുത്ത അധ്വാനവും ചിന്തയും കഠിനാധ്വാനവും എനിക്കറിയാം!'
പത്ത് വര്‍ഷത്തെ നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് അഹാനയും നിമിഷ് രവിയും വിവാഹിതരായത്. തനിക്ക് 20 വയസ്സുള്ളപ്പോഴാണ് നിമിഷിനെ ആദ്യമായി പരിചയപ്പെടുന്നതെന്നും 30-ാം വയസ്സില്‍ പങ്കാളിയായി ജീവിതത്തിലേക് ക്ഷണിക്കുകയാണെന്നും അഹാന വിവാഹചിത്രങ്ങള്‍ പങ്കുവച്ചുള്ള പോസ്റ്റില്‍ കുറിച്ചിരുന്നു. സെപ്റ്റംബര്‍ 12-ന് നടന്ന പ്രീ-വെഡ്ഡിങ് ചടങ്ങുകള്‍ക്ക് ശേഷം സെപ്റ്റംബര്‍ 15-ന് ചലച്ചിത്ര രംഗത്തെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പ്രത്യേക റിസപ്ഷനും സംഘടിപ്പിച്ചിരുന്നു.