തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട വോട്ട് വിവാദത്തില്‍ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താന. സുരേഷ് ഗോപി ചിന്തിക്കുന്ന രീതിയില്‍ എന്ന രൂപത്തില്‍, 'മര്യാദയ്ക്ക് തൃശൂര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ തന്നില്ല, പിന്നീട് ഞാനത് എടുത്തതിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്' എന്ന് ഐഷ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
'നിങ്ങളൊക്കെ എന്ത് മനുഷ്യരാണ്, നിങ്ങള്‍ക്ക് മനസാക്ഷിയുണ്ടോ? മര്യാദയ്ക്ക് ഞാന്‍ തൃശൂര്‍ വേണമെന്ന് പറഞ്ഞതല്ലേ... അപ്പൊ നിങ്ങള്‍ തന്നില്ല... പിന്നീട് ഞാന്‍ തൃശൂര്‍ അങ്ങ് എടുത്തു (കള്ളവോട്ട് വഴി). അയിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്,' എന്നാണ് ഐഷയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന പരിഹാസം. അടുത്തിടെ സുരേഷ് ഗോപി രണ്ട് കന്യാസ്ത്രീകളെ സന്ദര്‍ശിച്ചതിനെ പരോക്ഷമായി സൂചിപ്പിച്ച്, 'ആ രണ്ട് സിസ്റ്റര്‍മാര്‍ക്കും കേക്കുമായി പോകാന്നു വെച്ചപ്പോള്‍ നിങ്ങള്‍ അതിനും ഓരോരോ പൊല്ലാപ്പ് ഉണ്ടാക്കുവാണ്,' എന്നും കുറിപ്പിലുണ്ട്.
തൃശൂര്‍ മണ്ഡലത്തില്‍ അനധികൃതമായി വോട്ടുകള്‍ ചേര്‍ത്താണ് സുരേഷ് ഗോപി വിജയിച്ചതെന്ന ഗുരുതരമായ ആരോപണം എല്‍ഡിഎഫും യുഡിഎഫും ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഐഷയുടെ പ്രതികരണം. ഈ വിവാദത്തെ തുടര്‍ന്ന് തൃശൂരില്‍ ബിജെപിക്കെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും സുരേഷ് ഗോപിയുടെ എംപി ഓഫീസിന്റെ ബോര്‍ഡില്‍ കരിഓയില്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ്, വിഷയം സാമൂഹിക മാധ്യമങ്ങളിലും സജീവ ചര്‍ച്ചയാകുന്നു എന്നതിന്റെ സൂചനയായി ഐഷ സുല്‍ത്താനയുടെ പോസ്റ്റ് വിലയിരുത്തപ്പെടുന്നു