ഗുരുവായൂര്‍ ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തില്‍ അനുമതിയില്ലാതെ റീല്‍സ് ചിത്രീകരിച്ച് വിവാദത്തിലായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബിഗ് ബോസ് മുന്‍ താരവുമായ ജാസ്മിന്‍ ജാഫറിനെതിരെ നടപടി ഉണ്ടാകുമോ എന്ന ആശങ്ക വര്‍ധിക്കുന്നു. ക്ഷേത്രത്തിലും ക്ഷേത്രക്കുളത്തിലും പുണ്യാഹം നടത്തിയതിന് പിന്നാലെ, സംവിധായകന്‍ ആലപ്പി അഷ്റഫ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.
2006 ല്‍ നടി മീര ജാസ്മിന്‍ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ പ്രവേശിച്ചതും പിന്നീട് മാപ്പ് പറഞ്ഞ് പിഴയടച്ച് വിഷയം അവസാനിപ്പിച്ചതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത രാജരാജേശ്വരി ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ച മീര ജാസ്മിന്റെ നടപടി അന്നത് വലിയ വിവാദമായിരുന്നു. മത വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്, തെറ്റ് സമ്മതിച്ച് ശുദ്ധീകരണത്തിനായി പതിനായിരം രൂപ പിഴയൊടുക്കുകയായിരുന്നു.
സമാനമായ രീതിയില്‍, ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാലുകഴുകി റീല്‍സ് ചിത്രീകരിച്ച ജാസ്മിന്‍ ജാഫറിന്റെ പ്രവൃത്തിയും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്ന പവിത്രക്കുളത്തിലാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്കുണ്ടെന്നും, വിവാഹം പോലുള്ള പ്രത്യേക ചടങ്ങുകള്‍ക്ക് അനുമതി വാങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കി.
യേശുദാസിന് പോലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, അനുമതിയില്ലാതെ ക്ഷേത്രപരിസരത്ത് പ്രവേശിച്ചുള്ള ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാസ്മിന്‍ ഇത് യുപിയിലാണ് ചെയ്തിരുന്നതെങ്കില്‍ ജാസ്മിന്റെ വീട്ടിലേക്ക് ഒരു ബുള്‍ ഡോസര്‍ വരും. വീട് ഇടിച്ച് നിരത്തും.കൂടാതെ ജാസ്മിന്റെ പേരില്‍ 150 കേസ് ചാര്‍ജ് ചെയ്യും. പിന്നീട് ജീവിതത്തില്‍ ഒരിക്കലും വെളിച്ചം കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നടി മീര ജാസ്മിന്‍ തളിപ്പറമ്പ് ക്ഷേത്രത്തില്‍ കയറിയത് ഭക്തി കൊണ്ടും വിശ്വാസം കൊണ്ടുമാണ്. അറിയാതെ തെറ്റ് ചെയ്തതിന് അവര്‍ ക്ഷമാപണം നടത്തി പ്രായശ്ചിത്തവും ചെയ്തു. എന്നാല്‍ ജാസ്മിന്‍ ജാഫര്‍ ചെയ്തത് റീല്‍സുണ്ടാക്കി പണം സമ്പാദിക്കാന്‍ വേണ്ടിയാണെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. ആലപ്പി അഷ്‌റഫിന്റെ അഭിപ്രായത്തെ അനുകൂലിച്ച് കമന്റുകള്‍ വരുന്നുണ്ട്.