കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ' (AMMA) മുന്‍പെങ്ങുമില്ലാത്തവിധം കടുത്ത ആഭ്യന്തര പ്രതിസന്ധിയിലേക്ക്. ഭാരവാഹികള്‍ തമ്മിലുള്ള ചേരിപ്പോരും പരസ്യമായ ചെളിവാരിയേറുകളും സംഘടനയുടെ അടിത്തറയിളക്കുകയാണ്. ഇതിന്റെ ഭാഗമായി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന നടി അന്‍സിബ ഹസന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടിനി ടോം, ലക്ഷ്മി പ്രിയ എന്നിവരോടാണ് 'അമ്മ' നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍ പരാതിക്കാരിയായ അന്‍സിബയോട് ജൂണ്‍ ഒന്നിനും മൂന്നിനും ഇടയില്‍ നേരിട്ടെത്തി തെളിവുകള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
സംഘടനയുടെ ഭാരവാഹികള്‍ക്കിടയില്‍ വലിയ തോതിലുള്ള ചേരിതിരിവ് ദൃശ്യമാണ്. പ്രസിഡന്റ് ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും വ്യത്യസ്ത ചേരികളിലായതും മറ്റ് ഭാരവാഹികള്‍ക്കിടയിലെ ഗ്രൂപ്പിസവും കാരണം 'അമ്മ'യുടെ പ്രവര്‍ത്തനം നിലവില്‍ പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ശ്വേതയും കുക്കുവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും, ഭാരവാഹികള്‍ പരസ്പരം പരസ്യമായി ഏറ്റുമുട്ടുന്ന പശ്ചാത്തലത്തില്‍ ഇവര്‍ക്ക് മാത്രമായി പരിഹാരം കാണാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും, തത്കാലം വിഷയത്തില്‍ നേരിട്ട് ഇടപെടേണ്ടെന്ന നിലപാടിലാണ് ഇരുപരും. അടുത്ത മാസം ചേരുന്ന 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ നിലവിലെ ഭരണസമിതി തുടരണോ എന്ന കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം ഉണ്ടായേക്കും.
നടന്‍ ടിനി ടോമിനെതിരെ വംശീയ അധിക്ഷേപം അടക്കമുള്ള കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ജോയിന്റ് സെക്രട്ടറിയായിരുന്ന അന്‍സിബ ഹസന്‍ സംഘടനയില്‍ നിന്നും രാജി വെച്ചത്. ടിനി ടോം തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും, 'മതതീവ്രവാദി' എന്നും 'ജിഹാദി' എന്നും വിളിച്ച് ആക്ഷേപിച്ചുവെന്നും അന്‍സിബ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ ടിനി ടോമിനെതിരെ കടുത്ത നിയമനടപടികളിലേക്ക് നീങ്ങുകയാണ് താരം. ഇതിനായി അന്‍സിബ നിയമോപദേശം തേടുകയും പരാതി നിലനില്‍ക്കുമെന്ന ഉറപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ നടി നീന കുറുപ്പ് അടക്കമുള്ളവരെ സാക്ഷികളാക്കാനാണ് അന്‍സിബയുടെ തീരുമാനം.
അതേസമയം, ടിനി ടോമിനെതിരെ അന്‍സിബ ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാണ് നടി നീന കുറുപ്പിന്റെ പരാതിയും പുറത്തുവന്നിരിക്കുന്നത്. അന്‍സിബ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നതിന് തൊട്ടുമുമ്പ്, മെയ് 12-ന് തന്നെ നീന കുറുപ്പ് 'അമ്മ'യ്ക്ക് പരാതി നല്‍കിയിരുന്നു. 'അമ്മ' കുടുംബസംഗമത്തിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ച് ടിനി ടോം തന്നെ പരസ്യമായി അപമാനിച്ചുവെന്നും, അസഭ്യവും അശ്ലീല പ്രയോഗങ്ങളും നടത്തിയെന്നുമാണ് നീന കുറുപ്പിന്റെ പരാതി. ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്ത ടിനി ടോമിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അതില്‍ അന്വേഷണം വേണമെന്നും നീന കുറുപ്പ് ആവശ്യപ്പെടുന്നു.
ടിനി ടോമിനെതിരെയുള്ള പരാതിക്ക് പുറമേ, പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുകയാണ് അന്‍സിബ ഹസന്‍. നടി ലക്ഷ്മിപ്രിയ നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി എസ്.ഐ രേഷ്മ മോശമായി പെരുമാറി എന്നാണ് അന്‍സിബയുടെ ആരോപണം. കഴിഞ്ഞ ഡിസംബര്‍ 10-ന് അന്‍സിബ തനിക്ക് മെസേജ് അയച്ചുവെന്നും, അത് എന്തിനായിരുന്നു എന്ന് ചോദിച്ചാണ് താന്‍ പരാതി നല്‍കിയതെന്നും ലക്ഷ്മിപ്രിയ പിന്നീട് മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. സംഘടന നല്‍കിയ നോട്ടീസിന് മറുപടിയായി, തന്നെ നിഷ്പക്ഷമായി കേള്‍ക്കണമെന്നാണ് അന്‍സിബ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുന്നതിന് പകരം തന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അന്‍സിബയുടെ ആവശ്യം.
രമേഷ് പിഷാരടി, മാലാ പാര്‍വതി, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരടങ്ങുന്ന നിഷ്പക്ഷ സമിതി വേണമെന്നാണ് താരം മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. സംഘടന നിര്‍ദേശിച്ച തീയതികളില്‍ മാറ്റം വരുത്തി ജൂണ്‍ 1-നോ അല്ലെങ്കില്‍ ജൂണ്‍ 7-ന് ശേഷമോ തനിക്ക് ഹാജരാകാമെന്നും അന്‍സിബ അറിയിച്ചിട്ടുണ്ട്. ഭാരവാഹികളുടെ രാജിയിലേക്കും സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിലേക്കും വരെ വഴിമാറിയ ഈ ആഭ്യന്തര തര്‍ക്കം മലയാള സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ജനറല്‍ ബോഡി യോഗം ചേരുന്നതോടെ 'അമ്മ' സംഘടനയുടെ ഭാവി ഭരണക്രമം എങ്ങനെയാകും എന്നതില്‍ കൃത്യമായ തീരുമാനമുണ്ടാകും.