താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തര്‍ക്കങ്ങളും നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും അന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക സമിതി രൂപീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോന്‍ അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്വേത. അന്‍സിബ ഹസന്‍, ടിനി ടോം, നീന കുറുപ്പ്, ലക്ഷ്മി എന്നിവരാണ് സംഘടനയ്ക്ക് മുന്നില്‍ പരാതികള്‍ സമര്‍പ്പിച്ചിട്ടുള്ളത്. സമിതിയില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്ന കാര്യം ഔദ്യോഗികമായി ഇവര്‍ക്ക് ഇമെയില്‍ വഴി കൈമാറുമെന്നും ശ്വേത വ്യക്തമാക്കി.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണം ഉയര്‍ന്നതുപോലെ ഏകപക്ഷീയമായ ഒരു സമിതിയായിരിക്കില്ല ഇതെന്നും, 'അമ്മ'യിലെ അംഗങ്ങളും പുറത്തുനിന്നുള്ളവരും ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയാകും പരാതികള്‍ കേള്‍ക്കുകയെന്നും പ്രസിഡന്റ് വിശദീകരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇല്ലാത്ത മൂന്ന് പേരാകും പാനലില്‍ ഉണ്ടാകുക. നടന്‍ ടിനി ടോമിനെതിരായ അന്വേഷണം പൂര്‍ണ്ണമായും സ്വതന്ത്രമായ ഒരു സമിതി വേണമെന്നായിരുന്നു അന്‍സിബയുടെ പ്രധാന ആവശ്യം. എന്നാല്‍, സംഘടനയുടെ ചട്ടപ്രകാരം പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു പാനല്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് ശ്വേത മേനോന്‍ വ്യക്തമാക്കി.
അതുകൊണ്ടാണ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പുറത്തുനിന്നുള്ളവരും ചേരുന്ന അഞ്ചംഗ സമിതിക്ക് രൂപം നല്‍കിയത്. തന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി വേണമെന്ന ആവശ്യത്തില്‍ അന്‍സിബ ഉറച്ചുനിന്നതോടെയാണ് ഈ തീരുമാനം. പരാതിയില്‍ നേരിട്ട് ഹാജരാകാനും തെളിവുകളുണ്ടെങ്കില്‍ അത് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കാനും അന്‍സിബയോട് സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.
താരസംഘടനയെ ഉലച്ച മറ്റൊരു വിവാദമായ 'അമ്മ' ഓഫിസിലെ സിസിടിവിയിലെ ശബ്ദസന്ദേശങ്ങള്‍ ചോര്‍ന്ന സംഭവത്തിലും യോഗത്തില്‍ തീരുമാനമായി. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ വഴിയാണ് ഓഡിയോ ചോര്‍ന്നതെന്ന് ശ്വേത മേനോന്‍ പരസ്യമായി സ്ഥിരീകരിച്ചു. തന്റെ കൈയില്‍ നിന്നാണ് ശബ്ദരേഖ ചോര്‍ന്നതെന്ന് കുക്കു പരമേശ്വരന്‍ യോഗത്തില്‍ സമ്മതിച്ചതായും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തില്‍, സംഘടനയുടെ അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ച അഞ്ച് അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. കൂടാതെ, സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിലും ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടും. മാധ്യമങ്ങള്‍ക്ക് ആരാണ് വാര്‍ത്ത ചോര്‍ത്തുന്നത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും, പരാതി ഉന്നയിച്ചവരില്‍ ടിനി ടോം മാത്രമാണ് എക്സിക്യൂട്ടീവിന് മുന്‍പാകെ നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിച്ചതെന്നും ശ്വേത പറഞ്ഞു.
പരാതി നല്‍കിയ മറ്റുള്ളവരാരും എക്സിക്യൂട്ടീവിന് മുന്നില്‍ വരാന്‍ തയ്യാറായില്ല. വാര്‍ത്തകള്‍ ഏകപക്ഷീയമായി പുറത്തുവിടരുതെന്നും, 502 അംഗങ്ങള്‍ മാത്രമുള്ള ഈ ചെറിയ സംഘടനയുടെ ഭരണസമിതി ഇതിനകം ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. നടന്‍ ടിനി ടോമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് അന്‍സിബ ഹസന്‍ ഉന്നയിച്ചിരിക്കുന്നത്. താന്‍ ആരോട് സംസാരിച്ചാലും അവരെ ചേര്‍ത്ത് ടിനി ടോം അവിഹിതക്കഥകള്‍ കെട്ടിച്ചമയ്ക്കുമായിരുന്നുവെന്നാണ് അന്‍സിബയുടെ വെളിപ്പെടുത്തല്‍.
തന്നെ ഒരു മത തീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ നടന്‍ നിരന്തര ശ്രമം നടത്തിയെന്നും, താന്‍ ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നതായി സമൂഹത്തില്‍ പറഞ്ഞ് പരത്തിയെന്നും നടി ആരോപിക്കുന്നു. ഈ കുപ്രചാരണങ്ങള്‍ കാരണം താന്‍ മാനസികമായി ആകെ തകര്‍ന്നുപോയെന്നും, സിനിമയില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയം കാരണമാണ് ഇത്രയും കാലം ഈ കാര്യങ്ങള്‍ തുറന്നുപറയാതിരുന്നതെന്നും അന്‍സിബ വ്യക്തമാക്കിയിരുന്നു. ഈ പരാതികളിലാണ് ഇപ്പോള്‍ അമ്മ നേതൃത്വം അന്വേഷണ സമിതിയെ പ്രഖ്യാപിച്ചിരിക്കുന്നത്.