Latest News

വട്ടം കൂടിയിരുന്ന് അഭിമുഖം നല്‍കുന്നതാണോ പ്രമോഷന്‍; അഭിമുഖങ്ങളില്‍ ചര്‍ച്ചയാകുന്നത് സിനിമയേക്കാള്‍ വ്യക്തിപരമായ കാര്യങ്ങള്‍; ബിജു മേനോനെതിരായ ആരോപണങ്ങളില്‍ നടന് പിന്തുണയുമായി അനൂപ് മേനോന്‍;  പ്രതികരിച്ച് ബാദുഷയും

Malayalilife
വട്ടം കൂടിയിരുന്ന് അഭിമുഖം നല്‍കുന്നതാണോ പ്രമോഷന്‍; അഭിമുഖങ്ങളില്‍ ചര്‍ച്ചയാകുന്നത് സിനിമയേക്കാള്‍ വ്യക്തിപരമായ കാര്യങ്ങള്‍;  ബിജു മേനോനെതിരായ ആരോപണങ്ങളില്‍ നടന് പിന്തുണയുമായി അനൂപ് മേനോന്‍;  പ്രതികരിച്ച് ബാദുഷയും

നടന്‍ ബിജു മേനോന്‍ സിനിമകളുടെ പ്രചാരണ പരിപാടികളോട് സഹകരിക്കുന്നില്ലെന്ന സംവിധായകനും നിര്‍മാതാവുമായ ബി. ഉണ്ണികൃഷ്ണന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് അനൂപ് മേനോന്‍. പ്രൊമോഷന്‍ സംബന്ധിച്ച കരാറുകളിലെ അവ്യക്തതകളും ഷൂട്ടിങ് തിരക്കുകളും ബിജു മേനോന്റെ ഭാഗത്തു  നിന്നുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് അനൂപ് മേനോന്‍ ചൂണ്ടിക്കാട്ടി. നേരത്തെ, ബിജു മേനോന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സഹകരിക്കാത്തത് കാരണം ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടം വന്നതായി ബി. ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു. 

ഈ ആരോപണങ്ങളെ ശരിവെച്ച് നിര്‍മാതാവ് അനൂപ് കണ്ണനും രംഗത്തെത്തി. താന്‍ നിര്‍മിച്ച 'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ ബിജു മേനോന്‍ സഹകരിച്ചില്ലെന്ന് അനൂപ് കണ്ണന്‍ വ്യക്തമാക്കി. പത്തുദിവസം പ്രചാരണത്തില്‍ പങ്കെടുക്കാമെന്നായിരുന്നു കരാറെങ്കിലും, ബിജു മേനോന്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് പങ്കെടുത്തതെന്നും അനൂപ് കണ്ണന്‍ ആരോപിച്ചു. 

നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ബിജു മേനോന്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തിലാണ് അനൂപ് മേനോന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. അഭിനേതാക്കളെന്ന നിലയില്‍ കരാറില്‍ പ്രൊമോഷന് വരണമെന്ന് രേഖപ്പെടുത്താറുണ്ടെങ്കിലും, ഏത് സമയത്താണ് പ്രൊമോഷന് വരേണ്ടതെന്ന് കൃത്യമായി പറയാറില്ലെന്ന് അനൂപ് മേനോന്‍ ചൂണ്ടിക്കാട്ടി. 'ആ സമയത്ത് നടന്‍ ജമ്മു കശ്മീരില്‍ പത്ത് ദിവസത്തെ ഷൂട്ടിംഗിലാണെങ്കിലോ? മിലിട്ടറി ഏരിയയില്‍ പത്ത് ദിവസത്തേക്ക് മാത്രമേ ഷൂട്ട് ചെയ്യാന്‍ പറ്റുള്ളൂവെന്ന സാഹചര്യമാണെങ്കിലോ? അയാള്‍ അവിടെ വേണ്ടേ?' അനൂപ് മേനോന്‍ ചോദിച്ചു. റിലീസ് തീയതികള്‍ പ്രഖ്യാപിച്ച സമയത്ത് നിന്ന് മാറാറുണ്ട് എന്നതും പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ പ്രചാരണം അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്‌നേഹത്തിലും വിശ്വാസത്തിലുമാണ് നടക്കേണ്ടതെന്ന് അനൂപ് മേനോന്‍ അഭിപ്രായപ്പെട്ടു. സിനിമയുടെ മൂല്യം, നിര്‍മാതാവ് മാര്‍ക്കറ്റിംഗിനായി എത്രമാത്രം നിക്ഷേപം നടത്തുന്നു എന്നിവയെയും ഇത് ആശ്രയിച്ചിരിക്കും. അത്തരത്തിലുള്ള ബന്ധങ്ങളുള്ള ചിത്രങ്ങളുടെ പ്രൊമോഷനുകളില്‍ താരങ്ങള്‍ സഹകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വട്ടംകൂടിയിരുന്ന് അഭിമുഖം നല്‍കുന്നതല്ല പ്രൊമോഷന്‍ എന്ന് അനൂപ് മേനോന്‍ പറയുന്നു. നല്ല സിനിമ ആളുകള്‍ കാണും. സിനിമയുടെ ട്രെയിലല്‍ ആണ് പ്രധാനപ്പെട്ട പ്രൊമോഷന്‍ എന്നും അനൂപ് മേനോന്‍ പറഞ്ഞു. പുതിയ സിനിമയായ ഈ തനിനിറത്തിന്റെ പ്രചാരണ വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍.

അഭിമുഖം നല്‍കിയാല്‍ സിനിമ വിജയിക്കുമെങ്കില്‍ ആദ്യ ദിവസം തന്നെ എല്ലാ സിനിമകള്‍ക്കും ആളുകള്‍ വരണമല്ലോ. പ്രൊമോഷന്‍ കൊണ്ടുമാത്രം സിനിമയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുമെന്ന് തോന്നുന്നില്ല. സിനിമ അതിന്റെ മൂല്യം കൊണ്ടാണ് വിജയിക്കുക.റിലീസ് ആയ ശേഷമാണ് പ്രൊമോഷന്‍ ചെയ്യേണ്ടത്. സിനിമയുടെ ട്രെയിലര്‍ കണ്ടാണ് പ്രേക്ഷകര്‍ തീരുമാനമെടുക്കുക. അതുകൊണ്ട് ട്രെയിലര്‍ ആണ് കൂടുതല്‍ പ്രമൊട്ട് ചെയ്യേണ്ടതെന്നും അനൂപ് മേനോന്‍ പറഞ്ഞു.

എല്ലാ താരങ്ങളുമില്ലെങ്കിലും ചില താരങ്ങള്‍ സിനിമയോട് വിമുഖത കാണിക്കുന്നുണ്ടെന്ന് ബാദുഷ പ്രതികരിച്ചു. ബി ഉണ്ണികൃഷ്ണന്‍ സൂചിപ്പിച്ച നടനും അതിലുണ്ട്. കരാര്‍ ഒപ്പിടുമ്പോള്‍ പ്രൊമോഷന് സഹകരിക്കണം എന്ന് നിര്‍ദേശിച്ചിട്ടുള്ളതാണ്. സിനിമയോടും നിര്‍മാതാവിനോടും പ്രതിബദ്ധത കാണിക്കാത്തത് മോശമാണെന്നും ബാദുഷ പറയുന്നു.

anoop menon supports biju menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES