രാജ്യത്തെ നടുക്കിയിരിക്കുകയാണ് അഹമ്മദാബാദിലെ വിമാനപകടം. അപകട സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു എലിസബത്ത് ഉണ്ടായിരുന്നത്. എലിസബത്തിന്റെ നിരവധി സുഹൃത്തുക്കള്‍ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതിന്റെ വേദനയും നടുക്കവും പങ്കുവച്ച് എലിസത്ത് സോഷ്യല്‍ മീഡിയയിലും പിന്നാലെ വാര്‍ത്താ മാധ്യമങ്ങളിലും ഇടം പിടിച്ചതോടെ അപകട സ്ഥലത്തു നിന്നുള്ള എലിസബത്ത് ഉദയന്റെ വാക്കുകളും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എലിസബത്തിനുള്ള മുന്‍ പങ്കാളി ബാലയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ബാല അപകടത്തെക്കുറിച്ച് പ്രതികരിച്ചത്.
''അഹമ്മദാബാദിലുണ്ടായ വലിയ നഷ്ടത്തില്‍ ഞാന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം നമ്മളോടൂ കൂടിയുണ്ടാകട്ടെ. നിങ്ങളെ ടിവിയില്‍ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടര്‍. എന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍-ബാല കോകില'' എന്നാണ് ബാല കുറിച്ചിരിക്കുന്നത്. ബാലയുടെ പോസ്റ്റിന് കമന്റുമായി നിരവധി പേര്‍ എത്തുകയും ചെയ്തിട്ടുണ്ട്. അഹമ്മദാബാദിലാണ് എലിസബത്ത് പിജി ചെയ്യുന്നത്. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം പതിച്ചത്. ഈ സാഹചര്യത്തില്‍ തന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ചോദിച്ചെത്തുന്നവര്‍ക്ക് എലിസബത്ത് നേരത്തെ മറുപടി നല്‍കിയിരുന്നു.
താന്‍ സുരക്ഷിതയാണെന്നും എന്നാല്‍ അപകടത്തില്‍ നിരവധി സഹപ്രവര്‍ത്തകരേയും എംബിബിഎസ് വിദ്യാര്‍ത്ഥികളേയും നഷ്ടമായെന്നാണ് എലിസബത്ത് പറഞ്ഞത്. അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും പരുക്കേറ്റതായി അറിവില്ലെന്നും അപകടത്തില്‍ നിരവധി പേരെ കാണാതായതും എലിസബത്ത് പറഞ്ഞിരുന്നു. അപകട സന്ദേശം വന്നതിനു പിന്നാലെ ഇന്റര്‍ ട്രാന്‍സ്മിഷന്‍ മെഡിസില്‍ വിഭാഗത്തിലാണ് ഡ്യൂട്ടിയ്ക്ക് കയറിയത്. പ്രധാനമായും രക്തം ശേഖരിക്കുകയും ആവശ്യമായ രക്തഗ്രുപ്പിലുള്ളവരെ സംഘടിപ്പിച്ച് നല്‍കുകയുമായിരുന്നു വേണ്ടത്. സമീപത്തുള്ള പല ആശുപത്രികളില്‍ നിന്നായി ഒരു മണിക്കൂറിനുള്ളില്‍ നാനൂറോളം ബ്ലഡ് ബാഗുകള്‍ സിവില്‍ ആശുപത്രിയിലേക്ക് എത്തിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികളും നാട്ടുകാരും സ്വമേധയ രക്തദാനത്തിനായി ആശുപത്രിയില്‍ എത്തിയിരുന്നു.
അതേസമയം മൃതശരീരങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകൂ എന്നാണ് ഹൃദയം വിങ്ങുന്ന വേദനയോടെ എലിസബത്ത് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബാല പ്രതികരണവുമായി എത്തിയത്. അതേസമയം അപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 265 പേരാണ് മരിച്ചത്. 242 പേരുമായി പറന്നുയര്‍ന്ന വിമാനം ടേക്ക് ഓഫിന് പിന്നാലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരില്‍ ഒരാളൊഴികെ എല്ലാവരും മരണപ്പെട്ടു.