ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ട് മത്സരാര്‍ത്ഥികളായിരുന്നു ജാന്‍മണിയും അഭിഷേകും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ താരമാണ് അഭിഷേക് ജയദീപ്. ഇരുവരുടെ സൗഹൃദവും ഒന്നിച്ചുള്ള വീഡിയോയും ബിഗ് ബോസിന് ശേഷവും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.ഇപ്പോഴിതാ അഭിഷേക് ജയദീപുമായുള്ള തന്റെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കിടുകയാണ് ജാന്‍മണി.
ഹൗസിനുള്ളില്‍ വെച്ച് അധികം സംസാരിച്ചിരുന്നില്ലെങ്കിലും പുറത്തെത്തിയതിനു ശേഷം ഇരുവരും ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്നു. ഇരുവരുടെ സൗഹൃദവും ഒന്നിച്ചുള്ള വീഡിയോയും ബിഗ് ബോസിന് ശേഷവും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഷോയ്ക്ക് ശേഷം ബന്ധം തുടരുന്ന ചുരുക്കം ചിലരില്‍ ഉള്‍പ്പെടുന്നവരാണ് ഇവരും.
സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചുകൊണ്ടുള്ള ചിത്രങ്ങളില്‍ ജാന്‍മണിയും അഭിഷേകും ഒന്നിച്ചുവെന്നതാണ് മനസ്സിലാകുന്നത്. ഇരുവരും കല്ല്യാണ വേഷത്തില്‍ തുളസിമാലയണിഞ്ഞ് നടന്നുവരുന്നതിന്റെയും പ്രണയത്തെക്കുറിച്ചും വിവാഹിതരായതിനെക്കുറിച്ചും ഹണിമൂണിനെക്കുറിച്ചുമൊക്കെ പറയുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയ്ക്ക് ഇടയില്‍ വീട്ടിലേക്ക് കയറാം എന്ന് അഭിഷേക്ക് പറയുന്നതും ആരാധകര്‍ക്കിടയില്‍ ഏറെ ആകാംക്ഷ നിറയ്ക്കുന്നുണ്ട്. താലിമാലയും ആഭരണവും നെറ്റിയില്‍ സിന്ദൂരവും അണിഞ്ഞുനില്‍ക്കുന്ന ജാന്‍മണിയെ വീഡിയോയില്‍ കാണാം.
ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്നും ലിവിംഗ് ടുഗതര്‍ ആണെന്നുമടക്കം നിരവധി ഗോസിപ്പുകള്‍ ഇടയ്ക്ക് ഉയര്‍ന്നിരുന്നു. അതിനുള്ള ഉത്തരമാണിതെന്നാണ് ജാന്‍മണി വീഡിയോയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. എന്തായാലും ആരാധകരെയും സമൂഹ മാധ്യമങ്ങളെയും ഇളക്കി മറിച്ചിരിക്കുകയാണ് ഇരുവരുടെയും വീഡിയോ. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ഇരുവരും പങ്കുവച്ചിട്ടില്ല.
എന്നാല്‍ വീഡിയോയ്ക്ക് താഴെ പലരും ഇത് ഫോട്ടോഷൂട്ടാണെന്ന തരത്തിലുള്ള കമന്റുകള്‍ കുറിക്കുന്നുണ്ട്. 'അലന്‍ ജോസ് പെരേര വിവാഹനാടകം കളിച്ച പോലെ ആണെന്ന് തോന്നുന്നു, ഇവരും കളിക്കാന്‍ ഉദ്ദേശിക്കുന്നത്...' എന്നതടക്കമാണ് കമന്റുകള്‍.
സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ടിസ്റ്റുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നയാളാണ് ജാന്‍മണി ദാസ്. അസമില്‍ നിന്ന് കേരളത്തിലെത്തിയ ജാന്‍മണി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിന് പുറമെ നര്‍ത്തകി കൂടിയായ താരം സത്രിയ, ഭരതനാട്യം എന്നിവയില്‍ ബിരുദധാരിയാണ്. ടിവി ഷോകളിലും പരസ്യ ചിത്രങ്ങളിലും മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച ജാന്‍മണി ഷൂട്ടിങ്ങിനായി അസമിലെത്തിയ നിര്‍മ്മാതാവ് ടി.എം റഫീഖും സംവിധായകന്‍ എബ്രിഡ് ഷൈനും വഴിയാണ് സിനിമയിലേക്ക് എത്തുന്നത്.
തുടക്കത്തില്‍ നടി അമല പോളിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു ജാന്‍മണി. പിന്നീടിങ്ങോട്ട് പല സെലിബ്രിറ്റികളുടെയും പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജാന്‍മണി മാറി. മലയാളം മുന്‍നിര അഭിനേതാക്കളെയടക്കം പലരെയും ജാന്‍മണി മേക്കപ്പ് ചെയ്തിട്ടുണ്ട്.
എഞ്ചിനീയറായ അഭിഷേക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ താരമാണ്. ട്രാന്‍സ്‌ജെന്റേഴ്‌സ് കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചാണ് ജാന്‍മണി എത്തിയത്. ജാന്‍മണി ഒന്നാം ദിവസം മുതല്‍ ഹൗസിലുണ്ടായിരുന്നു. താന്‍ സ്വര്‍ഗാനുരാഗിയാണെന്ന് അഭിഷേക് വെളിപ്പെടുത്തിയതും ബിഗ് ബോസില്‍ വെച്ചാണ്.
ഒരു സമയത്ത് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുമെന്നും വരെ പ്രചരിച്ചിരുന്നു. അതിന് കാരണം താരങ്ങള്‍ ചെയ്ത കപ്പിള്‍, റൊമാന്റിക്ക് റീലുകളായിരുന്നു. ഇരുവരും ഒരുമിച്ചാണ് പ്രമോഷന്‍ വീഡിയോകളും ഉദ്ഘാടനങ്ങളിലും ഫാഷന്‍ ഷോകളിലും വരെ പ്രത്യക്ഷപ്പെട്ടിരുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ചുള്ള റീലുകളോ ഫോട്ടോകളോ ഒന്നും പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ ആരാധകരില്‍ നിന്നും ഉയര്‍ന്നു. ജാന്‍മണിയുമായുള്ള സൗഹൃദം അവസാനിച്ചെന്ന് അഭിഷേക് ജയദീപ് പുതിയ വീഡിയോയില്‍ പറയുകയും ചെയ്തു. വിവാഹചിത്രം പങ്കുവച്ച താരദമ്പതിമാര്‍ ഇണക്കവും പിണക്കവുമൊക്കെ സ്വഭാവികമാണെന്നും അത് എല്ലാ റിലേഷന്‍ഷിപ്പിലും ഉണ്ടാകുമെന്നും പറയുന്നുണ്ട്.