ചാക്കോ തരകന്‍ എന്ന മലയാളി ബോഡി ബില്‍ഡറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയ മലയാളിയാണ് ചാക്കോ. കടഞ്ഞെടുത്ത ശരീരം, ദൃഢതയുള്ള പേശികള്‍, വെട്ടിയൊതുക്കിയ കറുത്ത താടി, നീട്ടി വളര്‍ത്തിയ മുടി, ഫ്രീക്ക് ചെക്കന്‍മാര്‍ തോല്‍ക്കുന്ന സ്റ്റൈലുമൊക്കെയായി തരകന്‍ സികസ് പാക്ക് ബോഡി ബില്‍ഡിങ്ങില്‍ യുവാക്കള്‍ക്ക് മോഡലായി നില്‍ക്കുകയാണ്. മൂന്ന് ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലെ, സിയോള്‍ മിസ്റ്റര്‍ യൂണിവേഴ്സിലെ പത്ത് സ്ഥാനക്കാരില്‍ ഒരാളാണ് ഈ ഇരുപത്തിയെട്ടുകാരന്‍. ബോഡി ബില്‍ഡിങ്ങില്‍ ബീച്ച് മോഡല്‍ ഫിസിക്ക് എന്ന കാറ്റഗറിയിലാണ് തരകന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മത്സരിക്കുന്നതും. 2017-ലാണ് പ്രൊഫഷണല്‍ ബോഡി ബില്‍ഡിങ് മേഖലയിലേക്കെത്തുന്നത്. ആ വര്‍ഷംതന്നെ മിസ്റ്റര്‍ എറണാകുളം പട്ടം നേടുകയും ചെയതു.
ബോഡി ബില്‍ഡിങ്ങില്‍ താരമായ ചാക്കോയ്ക്ക് സിനിമയുമായും ബന്ധമുണ്ട്. സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബന്റെ അനിയനാണ് ചാക്കോ. കുഞ്ചാക്കോ ബോബന്റെ അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയുടെ സഹോദരി ടെസ് കുഞ്ചാക്കോയുടെ മകനാണ് ചാക്കോ തരകന്‍. അങ്ങനെ അനിയന്‍ തന്നെ. താനും ചാക്കോച്ചനും തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ട്. പുള്ളിയുടെ ഗ്ലാമര്‍ കണ്ടാല്‍ അത് പറയില്ലെന്നും ചാക്കോ പറയുന്നു. അനിയത്തിപ്രാവ് റിലീസാകുമ്പോള്‍ തരകന്‍ ആറാം ക്ലാസില്‍ പഠിക്കുകയാണ്. ഇപ്പോഴും പുള്ളിയെ കാണുമ്പോള്‍ തനിക്ക് എന്തോ വല്ലാത്ത നാണമാണെന്നും ചാക്കോ പറയുന്നു.
രാവിലെ അഞ്ചുമണിക്ക് ആരംഭിക്കും തരകന്റെ ഫിറ്റ്നസ് സ്റ്റോറി. ഒന്നരമണിക്കൂറോളമുള്ള നടത്തമാണ് തുടക്കം. നടത്തം കഴിഞ്ഞെത്തിയാല്‍ തിരിച്ചെത്തി ഒരാപ്പിള്‍ കഴിക്കും. പിന്നെ ജിമ്മില്‍ രണ്ട് മണിക്കൂറോളം പരിശീലനം. നാല് നേരവും ചിക്കനാണ് പ്രധാനഭക്ഷണം. മസാലക്കൂട്ടുകളും എരിവും പുളിയുമൊന്നുമില്ലാതെ വെറുതെ പുഴുങ്ങിയെടുക്കുന്ന കോഴിയാണ് മെനുവിലെ പ്രധാനി. ദിനം പ്രതി മൂന്ന് കിലോയെങ്കിലും ഇങ്ങനെ കഴിക്കും. വെജിറ്റബിള്‍ സലാഡ്, ചപ്പാത്തി എന്നിവയെല്ലാം കൂട്ടിനുണ്ടാകും. മുപ്പത് മുട്ടയുടെ വെള്ളമാത്രം പ്രതിദിനം കഴിക്കും. അവക്കാഡോ ബ്രോക്കോളി എന്നീ ഐറ്റംസും ഡയറ്റ് ചാര്‍ട്ടിലുണ്ട്. പഞ്ചസാര, എണ്ണ, പാല്‍, തൈര്, വെണ്ണ ഇവയെല്ലാം ഒഴിവാക്കും. വൈകീട്ട് ജിമ്മില്‍ നാല് മണിക്കൂറോളം പരിശീലിക്കും. വെളളത്തിനു പകരം പഴച്ചാറുകള്‍ കുടിക്കും. ബോഡിബില്‍ഡിങ് പാഷനായി കൊണ്ടു നടക്കുമ്പോഴും പഠിത്തത്തിലും ഒട്ടും പിറകിലായില്ല ചാക്കോ.ബിരുദാനന്തര ബിരുദധാരിയാണ് ചാക്കോ തരകന്‍.അച്ഛന്‍ മാത്യു തരകനും അമ്മ ടെസ് കുഞ്ചാക്കോയുമാണ്. ഫാര്‍മ സ്യൂട്ടിക്കല്‍ ബിസിനസാണ് തരകന്റെ കുടുംബത്തിന്. ചാക്കോയും അതില്‍ ഭാഗമാണ്. പക്ഷേ അതിനെല്ലാം മേലെ തന്റെ പാഷനാണ് തനിക്ക് പ്രധാനമെന്ന് ചാക്കോ പറയുന്നു.